
ദില്ലി: ഇലക്ടറൽ ബോണ്ട് സുപ്രീം കോടതി റദ്ദാക്കിയെങ്കിലും ഭരണകക്ഷിയായ ബിജെപിക്ക് ലഭിക്കുന്ന ഫണ്ടിൽ ഒരു കുറവും വന്നിട്ടില്ലെന്ന് കണക്കുകൾ. പദ്ധതി നിർത്തലാക്കിയ ശേഷമുള്ള ആദ്യ പൂർണ്ണ സാമ്പത്തിക വർഷമായ 2024-25ൽ പാർട്ടിയുടെ വരുമാനത്തിൽ വൻ വർധനയാണ് രേഖപ്പെടുത്തിയതെന്നാണ് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി സമർപ്പിച്ച സംഭാവന റിപ്പോർട്ട് പ്രകാരം 6,073 കോടി രൂപയാണ് ഈ സാമ്പത്തിക വർഷം പാർട്ടിക്ക് ലഭിച്ചത്. മുൻ വർഷത്തെ 3,967 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ വരുമാനത്തിൽ 53 ശതമാനത്തിന്‍റെ വർധനവുണ്ടായി. 2023-24 വർഷത്തിൽ ലഭിച്ച തുകയുടെ 42 ശതമാനവും ഇലക്ടറൽ ബോണ്ടുകൾ വഴിയായിരുന്നു എന്നത് ശ്രദ്ധേയമാണ്.
ഇലക്ടറൽ ട്രസ്റ്റുകൾ വഴിയാണ് ബിജെപിയുടെ വരുമാനത്തിന്‍റെ പ്രധാന പങ്കും എത്തിയത്. വിവിധ സ്രോതസ്സുകളിൽ നിന്നായി ഇലക്ടറൽ ട്രസ്റ്റുകൾ സമാഹരിച്ച 3,811 കോടി രൂപയിൽ 3,112 കോടി രൂപയും ബിജെപിക്കാണ് നൽകിയത്. ബാക്കിയുള്ള 2,961 കോടി രൂപ കമ്പനികളിൽ നിന്നും വ്യക്തികളിൽ നിന്നുമായി സമാഹരിച്ചു. പ്രമുഖ കോർപ്പറേറ്റ് സ്ഥാപനങ്ങളാണ് ബിജെപിയുടെ ദാതാക്കളുടെ പട്ടികയിൽ മുന്നിലുള്ളത്. സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ 100 കോടി രൂപയും റുങ്ത സൺസ് പ്രൈവറ്റ് ലിമിറ്റഡ് 95 കോടി രൂപയും വേദാന്ത ലിമിറ്റഡ് 67 കോടി രൂപയും നൽകി. ഇവരെ കൂടാതെ മാക്രോടെക് ഡെവലപ്പേഴ്സ്, ലോട്ടസ് ഹോംടെക്സ്റ്റൈൽസ്, ഐടിസി ലിമിറ്റഡ്, മാൻകൈൻഡ് ഫാർമ, ഹിന്ദുസ്ഥാൻ സിങ്ക് ലിമിറ്റഡ് തുടങ്ങിയ വൻകിട കമ്പനികളും പാർട്ടിയുടെ പ്രധാന ദാതാക്കളാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ബിജെപിക്ക് ലഭിച്ച ഏറ്റവും ഉയർന്ന സംഭാവനയാണിത്.
20,000 രൂപയ്ക്ക് മുകളിലുള്ള വ്യക്തിഗത സംഭാവനകളുടെ വിവരങ്ങളാണ് ഡിസംബർ എട്ടിന് സമർപ്പിച്ച റിപ്പോർട്ടിലുള്ളത്. നിലവിലെ നിയമപ്രകാരം ചെക്ക്, ഡിമാൻഡ് ഡ്രാഫ്റ്റ് അല്ലെങ്കിൽ ബാങ്ക് കൈമാറ്റങ്ങൾ വഴി മാത്രമേ കമ്പനികൾക്ക് രാഷ്ട്രീയ പാർട്ടികൾക്ക് ഫണ്ട് നൽകാൻ സാധിക്കൂ. ഇത്തരം വിവരങ്ങൾ കൃത്യമായി ഓഡിറ്റ് റിപ്പോർട്ടുകളിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണമെന്നാണ് വ്യവസ്ഥ. 2017-18 കാലഘട്ടത്തിലാണ് മോദി സർക്കാർ ഇലക്ടറൽ ബോണ്ട് പദ്ധതി കൊണ്ടുവന്നത്. രാഷ്ട്രീയ ഫണ്ടിംഗിലെ കള്ളപ്പണം തടയാനും ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കാനുമാണ് ഇതെന്ന് അന്ന് ധനമന്ത്രിയായിരുന്ന അരുൺ ജെയ്റ്റ്‌ലി വാദിച്ചിരുന്നു. എന്നാൽ ദാതാക്കളുടെ വിവരങ്ങൾ രഹസ്യമായി വെക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് കണ്ടെത്തി 2024 ഫെബ്രുവരിയിൽ സുപ്രീം കോടതി ഈ പദ്ധതി റദ്ദാക്കുകയായിരുന്നു. പദ്ധതി നിലനിന്നിരുന്ന കാലയളവിൽ ബോണ്ടുകൾ വഴി ലഭിച്ച 16,000 കോടി രൂപയിൽ ഭൂരിഭാഗവും ബിജെപിയുടെ അക്കൗണ്ടിലേക്കാണ് എത്തിയത്.
ഇലക്ടറൽ ബോണ്ട് സംവിധാനം സുപ്രീം കോടതി നിർത്തലാക്കിയ ശേഷം ട്രസ്റ്റുകളിലൂടെ പാർട്ടികൾക്ക് പണം ലഭിക്കുന്നത് മൂന്നിരട്ടി വർധിച്ചെന്നാണ് കണക്കുകൾ. ആകെ സംഭാവനയുടെ 80 ശതമാനവും ലഭിച്ചത് ബിജെപിക്കാണ്. കോൺഗ്രസിന് ലഭിച്ചത് എട്ട് ശതമാനം മാത്രമാണ്. അതായത് 299 കോടി. മറ്റ് പാർട്ടികൾക്കെല്ലാം കൂടി 400 കോടിയും ലഭിച്ചു. ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ അടക്കം സംഭാവന ലഭിച്ച പ്രോഗ്രസീവ് ഇലക്ടറൽ ട്രസ്റ്റ് 914 കോടി രൂപ നൽകിയതിൽ 80 ശതമാനവും ബിജെപിക്ക് പോയി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam