Asianet News MalayalamAsianet News Malayalam

ദില്ലിയിലെ കോടതി സംഘര്‍ഷം; തെരുവില്‍ പൊലീസിന്‍റെ സമരം, പൊലീസ് സ്റ്റേഷനുകള്‍ സ്തംഭിച്ചു

നിയമപരമായ നടപടി സ്വീകരിക്കാമെന്ന് പൊലീസ് കമ്മീഷണര്‍ ഉറപ്പുനൽകിയെങ്കിലും അത് തള്ളി നൂറുകണക്കിന് പൊലീസുകാര്‍ ദില്ലി പൊലീസ് ആസ്ഥാനത്തിന് മുന്നിൽ പ്രതിഷേധം തുടരുകയാണ്.

police men starts protest in delhi after police-lawyer scuffle tiz hazari court
Author
Delhi, First Published Nov 5, 2019, 3:55 PM IST

ദില്ലി: പൊലീസുകാരെ മര്‍ദ്ദിച്ച അഭിഭാഷകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദില്ലിയിൽ  പൊലീസുകാരുടെ അസാധാരണസമരം. സമരത്തെ തുടര്‍ന്ന് ദില്ലി പൊലീസിന്‍റെ പ്രവര്‍ത്തനങ്ങൾ സ്തംഭിച്ചു. നിയമപരമായ നടപടി സ്വീകരിക്കാമെന്ന് പൊലീസ് കമ്മീഷണര്‍ ഉറപ്പുനൽകിയെങ്കിലും അത് തള്ളി നൂറുകണക്കിന് പൊലീസുകാര്‍ ദില്ലി പൊലീസ് ആസ്ഥാനത്തിന് മുന്നിൽ പ്രതിഷേധം തുടരുകയാണ്.

ദില്ലിയിലെ തീസ്ഹസാരി, സാകേത് കോടതികളിൽ പൊലീസുകാരും അഭിഭാഷകരും തമ്മിൽ കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റുമുട്ടിയിരുന്നു. കോടതിയിലെത്തുന്ന പൊലീസുകാരെ അഭിഭാഷകര്‍ തല്ലിയോടിക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഇതിൽ പ്രതിഷേധിച്ചാണ് ഔദ്യോഗിക വേഷത്തിൽ ദില്ലി പൊലീസ് സമരവുമായി തെരുവിലിറങ്ങിയത്. ദില്ലി പൊലീസ് ആസ്ഥാനത്തിന് മുമ്പിൽ നൂറുകണക്കിന് പൊലീസുകാര്‍ തടിച്ചകൂടി. കുറ്റക്കാരായ അഭിഭാഷകരെ അറസ്റ്റ് ചെയ്യുക, നീതി ഉറപ്പാക്കുക എന്നിവയാണ് സമരക്കാരുടെ ആവശ്യം. ഞങ്ങളുടെ സുരക്ഷക്ക് വേണ്ടിയാണ് ഈ സമരം. നിങ്ങളുടെയും ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്ന ഞങ്ങളെ ആര് സംരക്ഷിക്കും- പൊലീസുകാരനായ തുഷാര്‍ ചോദിക്കുന്നു.

Read Also: ദില്ലിയില്‍ കോടതിവളപ്പില്‍ അഭിഭാഷക-പൊലീസ് സംഘര്‍ഷം,വെടിവെപ്പ്

പ്രതിഷേധം അവസാനിപ്പിക്കണമെന്ന് ദില്ലി പൊലീസ് കമ്മീഷണര്‍ അമൂല്യ പട്‍നായിക് ആവശ്യപ്പെട്ടെങ്കിലും അത് സമരക്കാര്‍ തള്ളി. പൊലീസ് കമ്മീഷണര്‍ക്കെതിരെ  മുദ്രാവാക്യം മുഴക്കുകയും ചെയ്തു. പ്രതിഷേധം ശക്തമായതോടെ രണ്ട് പൊലീസുകാര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.  ജോലി നിര്‍ത്തിവെച്ചാണ് പൊലീസുകാരുടെ സമരം. സമരത്തെത്തുടര്‍ന്ന്, പൊലീസ് കണ്‍ട്രോൾ റൂമിന്‍റെ പ്രവര്‍ത്തനങ്ങൾ വരെ തടസ്സപ്പെട്ടു.

Read Also: പൊലീസുകാരനെ ക്രൂരമായി മർദ്ദിച്ച് അഭിഭാഷകന്‍; ഞെട്ടിക്കുന്ന വീഡിയോ

കോടതിയിലെ അക്രമത്തെ കുറിച്ച് കഴിഞ്ഞ ദിവസം ദില്ലി ഹൈക്കോടതി ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ജുഡിഷ്യൽ അന്വേഷണത്തിൽ വിശ്വാസമില്ലെന്നാണ് സമരക്കാരുടെ നിലപാട്.

Read Also: തീസ് ഹസാരി കോടതി സംഘര്‍ഷം; ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

Follow Us:
Download App:
  • android
  • ios