ദില്ലി: തീസ് ഹസാരി കോടതിക്ക് സമീപം കഴിഞ്ഞ ദിവസം പൊലീസും അഭിഭാഷകരും തമ്മില്‍ ഏറ്റുമുട്ടിയതിന് പിന്നാലെ ദില്ലിയില്‍ ഇരുവിഭാഗങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. തിങ്കളാഴ്ച ദില്ലിയിലെ സകേത് കോടതിക്ക് സമീപത്തുവച്ച് ഒരുകൂട്ടം അഭിഭാഷകർ ചേർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നു പൊലീസുകാരനെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ബൈക്കിലിരിക്കുന്ന പൊലീസുകാരനെ അഭിഭാഷകൻ മർദ്ദിക്കുകയും ചീത്തവിളിക്കുന്നതിന്റെയും ​ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

സകേത് കോടതിക്ക് മുന്നിൽ കൂടിനിന്ന അഭിഭാഷകരിൽ ഒരാൾ ബൈക്കിൽ പൊലീസ് യൂണിഫോമിലെത്തിയാളെ ക്രൂരമായി മർദ്ദിക്കുകയും ചീത്തവിളിക്കുകയുമായിരുന്നു. മർദ്ദനത്തിന് ശേഷം സംഭവസ്ഥലത്തുനിന്നും ബൈക്കോടിച്ച് പോകാനൊരുങ്ങിയ പൊലീസുകാരനെ അഭിഭാഷകൻ ഹെൽമറ്റ് കൊണ്ട് എറിയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

"

ശനിയാഴ്ച വൈകുന്നേരമാണ് ദില്ലിയിലെ തീസ് ഹസാരി കോടതി സമുച്ചയത്തിന് മുന്നിൽവച്ച് അഭിഭാഷകരും ദില്ലി പൊലീസും തമ്മില്‍ ഏറ്റുമുട്ടിയത്. പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ടായിരുന്നു ഇരുവിഭാ​ഗങ്ങളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. സംഘർഷത്തിൽ ഇരുപതോളം പൊലീസുകാർക്കും നിരവധി അഭിഭാഷകർക്കും പരിക്കേറ്റിടുണ്ട്. പതിനേഴോളം വാഹനങ്ങള്‍ തകര്‍ക്കപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

Read More:ദില്ലിയില്‍ കോടതിവളപ്പില്‍ അഭിഭാഷക-പൊലീസ് സംഘര്‍ഷം,വെടിവെപ്പ്

സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനും ദില്ലി പൊലീസ് കമ്മീഷണര്‍ക്കും ചീഫ് സെക്രട്ടറിക്കും ദില്ലി ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

Read More:തീസ് ഹസാരി കോടതി സംഘര്‍ഷം; ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും