
ഗുവാഹത്തി: രോഗിയുടെ സമ്മതമില്ലാതെ ഡോക്ടര്‍ യുവാവിന്‍റെ ജനനേന്ദ്രിയം നീക്കം ചെയ്തതായി പരാതി. അസമിലെ സിൽച്ചാര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ജനനേന്ദ്രിയത്തിലെ അണുബാധയെ തുടര്‍ന്ന് ചികിത്സ തേടിയെത്തിയ മണിപ്പൂരിലെ ജിരിബം ജില്ലയിലെ 28കാരനായ അതികുര്‍ റഹ്മാൻ എന്ന യുവാവാണ് പരാതിയുമായി രംഗത്തെത്തിയത്.
ഇക്കഴിഞ്ഞ ജൂണ്‍ 19നാണ് സംഭവമെന്നും സിൽച്ചാറിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയതെന്നും യുവാവ് ആരോപിക്കുന്നു. സിൽച്ചാറിലെ ആര്‍ഇ ആശുപത്രിയിലെ ഡോ. ഏദൻ സിൻഹയ്ക്കെതിരെയാണ് പരാതി. ചികിത്സയ്ക്കെത്തിയപ്പോള്‍ ജനനേന്ദ്രിയത്തിലെ അണുബാധ ഏതുതരത്തിലുള്ളതാണെന്ന് അറിയാൻ ബയോപ്സി ടെസ്റ്റ് നടത്താൻ ഡോക്ടര്‍ നിര്‍ദേശിക്കുകയായിരുന്നുവെന്ന് യുവാവ് പറയുന്നു.
തുടര്‍ന്ന് ബയോപ്സിക്കായി യുവാവിനെ മയക്കികിടത്തി. പിന്നീട് സര്‍ജറിക്കുശേഷം ഉണര്‍ന്നപ്പോഴാണ് ജനനേന്ദ്രിയം നീക്കം ചെയ്തതായി മനസിലായത്. ജനനേന്ദ്രിയം നീക്കം ചെയ്യുന്ന കാര്യം പറഞ്ഞിരുന്നില്ലെന്നും തന്‍റെ അറിവോ സമ്മതമോയില്ലാതെയാണ് ഇത്തരമൊരു കാര്യം ചെയ്തതെന്നും യുവാവ് പരാതിയിൽ പറയുന്നു. എന്തുകൊണ്ടാണ് ഇത് സംഭവിച്ചതെന്ന് ചോദിച്ചപ്പോള്‍ കൃത്യമായ മറുപടി നൽകാനും ഡോക്ടര്‍ തയ്യാറായില്ലെന്നും അതികുർ റഹ്മാൻ പറഞ്ഞു.
എന്താണ് ചെയ്യേണ്ടതെന്ന അറിയില്ലെന്നും നിസഹായനാണെന്നും തന്‍റെ ജീവിതം തീര്‍ന്നുവെന്നും യുവാവ് പറഞ്ഞു.ഡോക്ടറെ ബന്ധപ്പെടാൻ നിരവധി തവണ ശ്രമിച്ചെങ്കിലും ഫോണ്‍ എടുക്കുന്നില്ല. വല്ലാത്തൊരു മാനസികാവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും യുവാവ് പറഞ്ഞു. വിഷയത്തിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ഇടപെട്ട് നടപടിയെടുക്കണമെന്നും യുവാവ് ആവശ്യപ്പെട്ടു. യുവാവിന്‍റെ പരാതിയിൽ ഗുണ്‍ഗൂര്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.