ബം​ഗളൂരുവിലെത്തും ഡബിള്‍ ഡെക്കര്‍ ഇലക്ട്രിക് ബസ്സുകള്‍; തീരുമാനം വായുമലിനീകരണവും അധികബാധ്യതയും കുറയ്ക്കാന്‍

By Manu SankarFirst Published Sep 17, 2022, 6:12 PM IST
Highlights

മുംബൈ മാതൃകയില്‍ പത്ത് ഇലക്ട്രിക് എസി ഡബിള്‍ ഡെക്കര്‍ ബസുകളാണ് ബെംഗ്ലൂരുവിലെത്തുന്നത്. ഡീസല്‍ ബസുകളുടേത് പോലെ ശബ്ദ മലിനീകരണം ഇലക്ട്രിക് ബസുകളിലുണ്ടാകില്ല. യാത്ര കൂടുതല്‍ സൗകര്യപ്രദവുമാണ്. കുലുക്കം

ബം​ഗളൂരു: വായുമലിനീകരണവും ഡീസല്‍ ബസ്സുകളുടെ അധികബാധ്യതയും കുറയ്ക്കാന്‍ കര്‍ണാടക ആര്‍ടിസിയുടെ പുതിയ തീരുമാനം. കൂടുതല്‍ ഇലക്ട്രിക് ബസ് സര്‍വ്വീസ് തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്.
                  
ഇതിന്റെ ഭാ​ഗമാ‌യി മുംബൈ മാതൃകയില്‍ പത്ത് ഇലക്ട്രിക് എസി ഡബിള്‍ ഡെക്കര്‍ ബസുകളാണ് ബെംഗ്ലൂരുവിലെത്തുന്നത്. ഡീസല്‍ ബസുകളുടേത് പോലെ ശബ്ദ മലിനീകരണം ഇലക്ട്രിക് ബസുകളിലുണ്ടാകില്ല. യാത്ര കൂടുതല്‍ സൗകര്യപ്രദവുമാണ്. കുലുക്കം കുറഞ്ഞ കാറില്‍ യാത്ര ചെയ്യുന്ന അനുഭവമായിരിക്കും ഉണ്ടാവുക. ഭിന്നശേഷി സൗഹൃദമാണെന്നതും ഇത്തരം ബസ്സുകളുടെ പ്രത്യേകതയാണ്. 
                        
സില്‍ക്ക് ബോര്‍ഡ് ഹെബ്ബാള്‍ റൂട്ടിലാണ് ഡബിള്‍ ഡെക്കര്‍ ബസുകള്‍ ആദ്യം സര്‍വ്വീസ് നടത്തുക. മുകളിലെ നിലയിലിരുന്ന് കൂടുതല്‍ നഗരകാഴ്ചകള്‍ കണ്ട് യാത്ര ചെയ്യാം. ഡബിള്‍ ഡെക്കര്‍ ബസ്സുകള്‍ 1997 ല്‍ സര്‍വ്വീസ് നിര്‍ത്തിയതിന് ശേഷമാണ് ഇപ്പോൾ വീണ്ടും  ബം​ഗളൂരുവിലേക്ക് എത്തുന്നത്. ലണ്ടനിലെ ബിഗ് ബസ് മാതൃകയില്‍ 6 ഡീസല്‍ ഡബിള്‍ ഡെക്കര്‍ ബസ്സുകള്‍ മൈസൂരുവില്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.  ബസുകള്‍ക്ക് അപകടഭീഷണി ഉയര്‍ത്തുന്ന വൈദ്യുതിലൈനുകള്‍, മരക്കൊമ്പുകള്‍ തുടങ്ങിയ ഒഴിവാക്കാനുള്ള ശ്രമം തുടങ്ങികഴിഞ്ഞു.  മൂന്ന് വര്‍ഷത്തിനകം 30 ശതമാനമായി ഇലക്ട്രിക് ബസുകളുടെ ഉപയോഗം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് കര്‍ണാടക സര്‍ക്കാര്‍. കര്‍ണാടക മാതൃക പഠിക്കാന്‍ കെഎസ്ആര്‍ടിസി വിദഗ്ധ സംഘം ബം​ഗളൂരുവിലെത്താനിരിക്കേയാണ് കര്‍ണാടക ആര്‍ടിസിയുടെ പുതിയ പദ്ധതി.

ഗതാഗതക്കുരുക്കാണ് ബം​ഗളൂരു നഗരം നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി. ഇതിന് പരിഹാരം കാണാന്‍ സ്കൈ ബസ് ആശയം നടപ്പാക്കാനും കര്‍ണാടക തീരുമാനിച്ചിട്ടുണ്ട്.   പുതിയ റോഡുകള്‍ നിര്‍മ്മിക്കുന്നതിനേക്കാള്‍ കുറച്ച് സ്ഥലം ഏറ്റെടുത്താല്‍ മതിയെന്നതാണ് സ്കൈ ബസ് പദ്ധതിയുടെ പ്രത്യേകത. മെട്രോയ്ക്ക് സമാനമായി തൂണുകള്‍ സ്ഥാപിച്ചാണ് സ്കൈ ബസ് ട്രാക്കുകള്‍ നിര്‍മ്മിക്കുന്നത്. മെട്രോ ട്രെയിനില്‍ നിന്ന് വ്യത്യസ്ഥമായി പാലത്തിന് അടിഭാഗത്ത് കൂടിയാണ് സ്കൈ ബസ്സുകള്‍ സര്‍വ്വീസ് നടത്തുക. ആവശ്യമെങ്കില്‍ മുകള്‍ഭാഗത്തെ പാലം സാധാരണ രീതിയില്‍ വാഹനങ്ങള്‍ പോകാനും ഉപയോഗിക്കാനാകും. ചുരുങ്ങിയത് ഒരു ലക്ഷം പേരെങ്കിലും സ്കൈ ബസില്‍ യാത്ര ചെയ്താല്‍ റോഡിലെ ഗതാഗത കുരുക്ക് ഒഴിവാകും. മെട്രോ സര്‍വ്വീസുണ്ടായിട്ടും റോഡിലെ കുരുക്ക് കുറഞ്ഞട്ടില്ല.  ഐടി കമ്പനികള്‍ അടക്കം ഹൈദരാബാദിലേക്ക് ചുവട് മാറ്റുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗങ്ങള്‍ നടപ്പാക്കേണ്ടത് അനിവാര്യമായി കഴിഞ്ഞു. 
                                  
കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയാണ് ഈ ആശയം മുന്നോട്ട് വച്ചത്. ഗതാഗത വികസനം സംബന്ധിച്ച ദേശീയ ശില്‍പശാലയ്ക്കിടെയാണ് സ്കൈ ബസ് ആശയം അവതരിപ്പിച്ചത്. പദ്ധതിയെക്കുറിച്ച് പ്രാഥമിക പഠനം നടത്താന്‍ ഏജന്‍സിയെ നിയോഗിക്കാമെന്നും കേന്ദ്രത്തിന്‍റെ സാമ്പത്തിക സഹായം ഉണ്ടാകുമെന്നും കേന്ദ്ര ഗതാഗത മന്ത്രി വ്യക്തമാക്കി കഴിഞ്ഞു. സ്കൈ ബസ് പദ്ധതി നടപ്പാക്കണമെന്ന് നേരത്തെയും പലകോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍  കനത്ത ചെലവ് ചൂണ്ടികാട്ടി മെല്ലേപ്പോക്കിലായിരുന്നു സ്കൈ ബസ് പദ്ധതി.  

Read Also: നേരിൽക്കണ്ടിട്ടും നരേന്ദ്രമോദിക്ക് ജന്മദിനാശംസ നേർന്നില്ല; കാരണം വ്യക്തമാക്കി പുടിൻ

click me!