
ദില്ലി: ഏഴ് പതിറ്റാണ്ടിന് ശേഷം ഇന്ത്യൻ മണ്ണിലേക്ക് ചീറ്റകൾ എത്തുന്നു. നമീബിയയില്‍ നിന്നെത്തിച്ച എട്ട് ചീറ്റപ്പുലികളെ മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്ന് വിട്ടു. തുറന്ന് വിട്ട ചീറ്റപ്പുലികളുടെ ചിത്രങ്ങള്‍ മോദി ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. അഞ്ച് പെൺ ചീറ്റപ്പുലികളും മൂന്ന് ആണ്‍ ചീറ്റപ്പുലികളുമാണ് ഇന്ത്യയിലെത്തിയത്. ഒരുമാസം പ്രത്യേകം സജ്ജമാക്കിയ പ്രദേശത്തെ ക്വാറന്‍റീന് ശേഷമാകും ചീറ്റകളെ കുനോ നാഷണല്‍ പാർക്കിലേക്ക് സ്വൈര്യ വിഹാരത്തിന് വിടുക. അതിന് ശേഷം ഓരോ ചീറ്റയെയും നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ചീറ്റകൾ എങ്ങനെയാണ് വേട്ടയാടപ്പെട്ടത്, അവയെ അംഗഭംഗപ്പെടുത്തിയത്, വേട്ടയാടുന്നതിനായി ഉപയോഗിച്ചത് എന്നീ കാര്യങ്ങൾ ട്വീറ്റിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഐഎഫ് എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാൻ. ഒപ്പം വീഡിയോയും ചിത്രങ്ങളും അദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്. ചരിത്രരേഖകൾ സൂചിപ്പിക്കുന്നത് ചീറ്റയ്ക്ക് മനുഷ്യരുമായി ചെറിയ രീതിയിൽ പോലും ഏറ്റുമുട്ടൽ ഉണ്ടായിരുന്നില്ല എന്നാണ്. പകരം അവയെ വളർത്തുമൃഗങ്ങളാക്കി, വേട്ടയാടുന്നതിനായി വ്യാപകമായി ഉപയോഗിച്ചു. ചിലർ അവയെ 'ഹണ്ടിംഗ് ലിയോപാർഡ്സ്' എന്ന് വിളിച്ചിരുന്നു എന്നും ട്വീറ്റില്‍ കുറിച്ചിരിക്കുന്നു.
ചീറ്റയെ മാത്രമല്ല, മറ്റ് വന്യജീവികളെയും അന്നത്തെ രാജാക്കൻമാരും ബ്രിട്ടീഷുകാരും വേട്ടയാടിയിരുന്നു. 1972 ൽ വന്യ ജീവി സംരക്ഷണ നിയമം നിലവിൽ വരുമ്പോഴേയ്ക്കും ചീറ്റകൾക്ക് ഇന്ത്യയിൽ വംശനാശം സംഭവിച്ചിരുന്നു. മാനിനെ വേട്ടയാടുന്നതിന് വേണ്ടിയും ചീറ്റകളെ ഉപയോഗിച്ചിരുന്നു. ചീറ്റകളെയും കാട്ടുപൂച്ചകളെയും വളർത്തുനായകളെ എന്നപോലെ കഴുത്തിൽ ചങ്ങലയിട്ട് നിർത്തിയിരിക്കുന്ന ചില പെയിന്റിംഗുകളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. 1952 ൽ ഇന്ത്യൻ സർക്കാർ ഇവയ്ക്ക് വംശനാശം സംഭവിച്ചതായി പ്രഖ്യാപിച്ചു. പ്രാദേശിക ജനസംഖ്യയിലെ നാശമാണ്. പല വന്യജീവികളുടെയും വംശനാശത്തിന്റെ ആദ്യപടി. പല വന്യജീവികളും ഇന്ത്യയിൽ ഇത് അഭിമുഖീകരിക്കുന്നുണ്ട്.
ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട 8 ചീറ്റപ്പുലികളുമായുള്ള പ്രത്യേക വിമാനം ഇന്ന് രാവിലെയാണ് ഗ്വാളിയാർ വിമാനത്താവളത്തിലെത്തിയത്. ടെറ ഏവിയ എന്ന മൊൾഡോവൻ എയർലൈൻസിന്‍റെ പ്രത്യേകം സജ്ജമാക്കിയ ബോയിംഗ് 747 വിമാനത്തിലാണ് ചീറ്റകൾ ഇന്ത്യയിലേക്ക് പറന്നിറങ്ങിയത്. മരം കൊണ്ടുണ്ടാക്കിയ പ്രത്യേക കൂടുകളിലായിരുന്നു വിമാന യാത്ര. ഡോക്ടർമാരടക്കം വിദഗ്ധ സംഘവും കൂടയുണ്ടായിരുന്നു. അഞ്ച് പെണ്ണ് ചീറ്റപ്പുലികളും മൂന്ന് ആണ്‍ ചീറ്റപ്പുലികളുമാണ് ഇന്ത്യയിലെത്തിയത്. തുടര്‍ന്ന് വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്റുകളിലാണ് കൂനോ നാഷണൽ പാർക്കിലേക്ക് എത്തിച്ചത്.