
ദില്ലി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ പതിനൊന്ന് മണിക്ക് ഇഡി ഓഫീസിലെത്താനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. സോണിയ ഗാന്ധിയുടെ അനാരോഗ്യത്തെ തുടര്‍ന്ന് രാഹുല്‍ഗാന്ധിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന ചോദ്യം ചെയ്യല്‍ ഇന്നത്തേക്ക് മാറ്റിയത്. മൂന്ന് തവണ ചോദ്യം ചെയ്തെങ്കിലും രാഹുലിന്‍റെ മറുപടി തൃപ്തികരമല്ലെന്നാണ് ഇഡി കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെ നാലാം നാളിലെ ചോദ്യം ചെയ്യൽ നിർണായകമാകുമോ എന്നത് കണ്ടറിയണം.
രാഹുല്‍ ഗാന്ധിക്കെതിരായ ഇ ഡി നടപടി: പ്രതിഷേധ വേദി മാറ്റി കോണ്‍ഗ്രസ്, പ്രതിഷേധം ജന്തര്‍മന്ദറില്‍
അതേ സമയം ഇഡി നടപടിയിൽ പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസ് തീരുമാനം. എ ഐ സി സിയില്‍ നിന്ന് പ്രതിഷേധ മാര്‍ച്ച് അനുവദിക്കില്ലെന്നതിനാൽ ജന്തര്‍മന്തറില്‍ പ്രതിഷേധിക്കാനാണ് തീരുമാനം. രാവിലെ 10 മണി മുതലാണ് പ്രതിഷേധം. രാഹുലിനെതിരായ ഇഡി നടപടി, അഗ്നിപഥ് തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് വൈകുന്നേരം അഞ്ച് മണിക്ക് കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രപതിയെ കാണാനും തീരുമാനിച്ചിട്ടുണ്ട്.
3 ദിനം, 30 മണിക്കൂർ, നൂറോളം ചോദ്യങ്ങൾ, ഇഡി കാട്ടിയ രേഖകൾ നിഷേധിച്ച് രാഹുൽ; ഭാവി എന്താകും?
അതേസമയം നാഷണൽ ഹെറാൾഡ് കേസിൽ രാഹുല്‍ ഗാന്ധിയുടെ ചോദ്യം ചെയ്യൽ നാലാം ദിനത്തിലേക്ക് കടക്കുമ്പോൾ ഇനിയെന്ത് എന്ന ചോദ്യമാണ് ഉയരുന്നത്. ചോദ്യം ചെയ്യലിന്‍റെ ഇടവേള കഴിഞ്ഞ് രാഹുൽ വീണ്ടുമെത്തുമ്പോൾ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ മനസിലെന്താകും എന്ന ചോദ്യം ബാക്കിയാണ്. മൂന്ന് ദിവസം കൊണ്ട് മുപ്പത് മണിക്കൂറോളമാണ് കോൺഗ്രസ് മുൻ അധ്യക്ഷനെ ഇ ഡി ചോദ്യം ചെയ്തത്. നൂറിനടുത്തുള്ള ചോദ്യങ്ങളും രാഹുലിന് നേരെ ഉയർന്നു. സാമ്പത്തിക രേഖകൾ കാട്ടിയും ഇ ഡി രാഹുലിനെ ചോദ്യം ചെയ്തു. എന്നാൽ ആരോപണങ്ങളെല്ലാം രാഹുൽ നിസ്സംശയം നിഷേധിച്ചു. രാഷ്ട്രീയ പകപോക്കൽ എന്ന നിലയിൽ കോൺഗ്രസ് പ്രതിഷേധവും ശക്തമാക്കിയിട്ടുണ്ട്. മൂന്ന് നാൾ രാഹുലിനെ ചോദ്യം ചെയ്തപ്പോഴും പ്രവർത്തകരും നേതാക്കളും പ്രതിഷേധവുമായി രാജ്യതലസ്ഥാനത്ത് നിലയുറപ്പിച്ചിരുന്നു. അതുകൊണ്ടു തന്നെ ചോദ്യം ചെയ്യലിന്‍റെ നാലാം നാൾ രാഹുൽ ഗാന്ധിയുടെ ഭാവി തീരുമാനിക്കുമോ എന്നതാണ് കണ്ടറിയേണ്ടത്.
2012 ല്‍ മുന്‍ എംപി സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ പരാതിയിലാണ് പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം ഇഡി തുടര്‍നടപടി സ്വീകരിക്കുന്നത്. നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്‍റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജോണല്‍സ് ലിമിറ്റഡ് എന്ന കമ്പനിയെ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഡയറക്ടര്‍മാരായ യങ് ഇന്ത്യ എന്ന കമ്പനി ഏറ്റെടുത്തതില്‍ കള്ളപണ ഇടപാട് നടന്നുവെന്നണ് കേസിനാസ്പദമായ പരാതി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam