
വാഷിംഗ്ടൺ: യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസിനെ കെട്ടിപ്പിടിക്കുന്ന വീഡിയോ വൈറലായതിന് ശേഷം ആദ്യ പരസ്യ പ്രതികരണവുമായി അന്തരിച്ച യാഥാസ്ഥിതിക ആക്ടിവിസ്റ്റ് ചാർളി കിർക്കിന്റെ ഭാര്യ എറിക്ക കിർക്ക്. തന്‍റെ ഓരോ നീക്കങ്ങളും ക്യാമറകൾ വിശകലനം ചെയ്യുന്നതിനെക്കുറിച്ചാണ് എറിക്ക സംസാരിച്ചത്. ടേണിംഗ് പോയിന്‍റ് യുഎസ്എ ആസ്ഥാനത്ത് വെച്ച് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് എറിക്ക വിവാദങ്ങളോട് പ്രതികരിച്ചത്. അതേസമയം, തന്‍റെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ടൈലർ റോബിൻസന്‍റെ കോടതി നടപടികളിൽ സുതാര്യത ഉറപ്പാക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
"എന്‍റെ ഭർത്താവ് കൊല്ലപ്പെട്ടപ്പോൾ അദ്ദേഹത്തിന് ചുറ്റും ക്യാമറകൾ ഉണ്ടായിരുന്നു. ദുഃഖം ആചരിക്കുന്ന എന്‍റെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ചുറ്റും ക്യാമറകളുണ്ടായിരുന്നു. എന്‍റെ ഓരോ ചിരിയും, ഓരോ കണ്ണീരും, ഓരോ ചലനവും വിശകലനം ചെയ്തുകൊണ്ട് എനിക്ക് ചുറ്റും ക്യാമറകളുണ്ടായിരുന്നു. ഈ കേസിന്‍റെ കോടതി നടപടികളിലും ക്യാമറകൾ ഉണ്ടാകണം, അതിന് ഞങ്ങൾ അർഹരാണ്" - എറിക്ക പറഞ്ഞു. "എന്തിനാണ് സുതാര്യത ഇല്ലാത്തത്? ഒന്നും ഒളിക്കാനില്ല. കേസ് എന്തിനെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് എനിക്കറിയാം. യഥാർത്ഥ തിന്മ എന്താണെന്ന് എല്ലാവരും കാണട്ടെ. ഇത് ഒരു തലമുറയെയും വരും തലമുറകളെയും സ്വാധീനിക്കുന്ന ഒന്നാണ്" അവർ കൂട്ടിച്ചേർത്തു.
അടുത്തിടെ ടേണിംഗ് പോയിന്‍റ് യുഎസ്എയുടെ സിഇഒ സ്ഥാനം ഏറ്റെടുത്ത എറിക്ക, ഭർത്താവിന്‍റെ മരണത്തിന് തൊട്ടുപിന്നാലെയുള്ള പൊതുവേദികളിലെ സാന്നിധ്യത്തിന്‍റെ പേരിൽ ചില വിമർശകരിൽ നിന്ന് ചോദ്യങ്ങൾ നേരിട്ടിരുന്നു. സംഘടനയുടെ മിസിസിപ്പി പരിപാടിയിൽ വൈസ് പ്രസിഡന്റ് ജെ ഡി വാൻസിനെ വേദിയിലേക്ക് ക്ഷണിക്കുന്നതിനിടെ ആലിംഗനം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വിവാദം ശക്തമായത്. "ചാർളിക്ക് പകരക്കാരനാകാൻ ആർക്കും കഴിയില്ല, പക്ഷേ വൈസ് പ്രസിഡന്റ് ജെ ഡി വാൻസിൽ എന്‍റെ ഭർത്താവിന്‍റെ ചില സമാനതകൾ ഞാൻ കാണുന്നുണ്ട്," വാൻസിനെ പരിചയപ്പെടുത്തിക്കൊണ്ട് എറിക്ക പറഞ്ഞു.
'ഞാൻ ഒന്നിനും വേണ്ടി സൈൻ അപ്പ് ചെയ്‌തിട്ടില്ല'
ഫോക്സ് ന്യൂസ് അഭിമുഖത്തിനിടെ, അന്തരിച്ച ഭർത്താവിന്‍റെ വീഡിയോ കണ്ട എറിക്ക വികാരാധീനയായി പൊട്ടിക്കരഞ്ഞു. ക്ഷമിക്കണം, എനിക്കൊരു നിമിഷം തരൂ എന്ന് കണ്ണീരോടെ അവർ പറഞ്ഞു. പാശ്ചാത്യ നാഗരികതയെ രക്ഷിക്കുക എന്ന ചാർളി കിർക്കിന്റെ ദൗത്യത്തിനായി എറിക്ക നിലകൊള്ളുന്നുണ്ടോ എന്നും അവതാരകൻ ചോദിച്ചു. ഇതിന് അവർ മൃദുവായ മറുപടിയാണ് നൽകിയത്. "ഞാൻ ഒന്നിനും വേണ്ടി സൈൻ അപ്പ് ചെയ്‌തിട്ടില്ല. എന്‍റെ ജീവിതത്തിലെ സ്നേഹമുള്ള ഒരാളെ ഞാൻ വിവാഹം കഴിച്ചു, അത്രമാത്രം" എറിക്ക വ്യക്തമാക്കി.
സെപ്റ്റംബർ 21ന് ചാർളി കിർക്കിന്‍റെ അനുസ്മരണ ചടങ്ങിൽ എറിക്ക വികാരനിർഭരമായ ഒരു പ്രസംഗം നടത്തിയിരുന്നു. ഭർത്താവിനെ കൊലപ്പെടുത്തിയ വ്യക്തിയോട് താൻ ക്ഷമിക്കാൻ തീരുമാനിച്ചതായി അന്ന് അവർ പറഞ്ഞു. തന്‍റെ ജീവൻ എടുത്ത ഈ യുവാവിനെപ്പോലുള്ള യുവാക്കളെ രക്ഷിക്കാൻ അദ്ദേഹം ആഗ്രഹിച്ചു. ആ യുവാവിനോട്, ആ ചെറുപ്പക്കാരനോട് ഞാൻ ക്ഷമിക്കുന്നു എന്ന് കണ്ണീരോടെ അവർ കൂട്ടിച്ചേർത്തു.