
ദില്ലി: കർഷക സമരത്തിനിടെ ദില്ലിയിൽ ഒരു കർഷകൻ കൂടി മരിച്ചു. പോലീസ് നടപടിയിൽ പരിക്കേറ്റ ഒരു കർഷകൻ കൂടി മരിച്ചെന്ന് നേതാക്കൾ അറിയിച്ചു. ബട്ടിൻഡ സ്വദേശി ദർശൻ സിംഗ് (62) ആണ് ചികിത്സയിൽ ഇരിക്കെ മരിച്ചത്. ഇതോടെ ഈ സമരത്തിൽ പങ്കെടുക്കവെ മരിച്ചവരുടെ എണ്ണം അഞ്ചായെന്നും സമരക്കാർ പറഞ്ഞു. ഖനൗരി അതിർത്തിയിൽ സമരത്തിൻ്റെ അദ്യ ദിനം മുതൽ ദർശൻ സിംഗ് ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം പോലീസിൻ്റെ ഗ്രനേഡ് പ്രയോഗത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്നുവെന്നാണ് വിവരം. എന്നാൽ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ഹരിയാന പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ കേസെടുക്കണം എന്ന് കർഷക നേതാക്കൾ ആവശ്യപ്പെടുന്നുണ്ട്. അല്ലാതെ വെടിയേറ്റ് മരിച്ച യുവ കർഷകൻ്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്താൻ അനുവദിക്കില്ലെന്നാണ് നിലപാട്. മൃതദേഹം സൂക്ഷിച്ച പട്യാലയിലെ ആശുപത്രി നേതാക്കൾ സന്ദർശിച്ചു.
അതിനിടെ നോയിഡയിലെ കർഷകരുടെ സമരം മാർച്ചിലേക്ക് മാറ്റിവെച്ചു. യുപി സർക്കാർ കർഷകരുടെ പ്രശ്നങ്ങള്‍ പഠിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ച സാഹചര്യത്തിലാണ് തീരുമാനം. നോയിഡ, ഗ്രേറ്റർ നോയിഡ വികസന അതോറിറ്റി ഏറ്റെടുത്ത ഭൂമിക്ക് കൂടുതല്‍ നഷ്ടപരിഹാരം അടക്കം ആവശ്യപ്പെട്ടാണ് നോയിഡയിലെ കർഷകർ പ്രതിഷേധിക്കുന്നത്. എന്നാല്‍ വിഷയത്തില്‍ മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് യുപി സർക്കാർ സമിതിക്ക് നിർദേശം നല്‍കിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam