
കാൻപൂർ: കെട്ടിട സമുച്ചയത്തിലെ പാർക്കിംഗ് ഇടത്തേക്കുറിച്ചുള്ള തർക്കത്തിനിടെ ഫ്ലാറ്റ് സൊസൈറ്റി സെക്രട്ടറിയുടെ മൂക്ക് കടിച്ച് പറിച്ച് യുവാവ്. ഉത്തർപ്രദേശിലെ കാൻപൂരിലെ രതൻ പ്ലാനറ്റ് അപാർട്ട്മെന്റിൽ ഞായറാഴ്ചയുണ്ടായ വഴക്കിനിടെയാണ് ഫ്ലാറ്റിലെ താമസക്കാരിലൊരാൾ എൻജിനീയർ കൂടിയായ സൊസൈറ്റി സെക്രട്ടറിയുടെ മൂക്ക് കടിച്ച് പറിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്.
രൂപേന്ദ്ര സിംഗ് യാദവ് എന്നയാൾക്കാണ് മൂക്ക് നഷ്ടമായത്. ക്ഷിതിജ് മിശ്ര എന്നയാളാണ് സൊസൈറ്റി സെക്രട്ടറിയുടെ മൂക്ക് കടിച്ച് പറിച്ചത്. കാൻപൂരിലെ നാരാമൌവിലാണ് ഈ ഫ്ലാറ്റ് സ്ഥിതി ചെയ്യുന്നത്. രൂപേന്ദ്ര സിംഗ് യാദവിന്റെ മകൾ പ്രിയങ്കയുടെ പരാതിയിൽ പൊലീസ് കേസ് എടുത്തു. പ്രിയങ്ക പരാതിയിൽ സംഭവത്തേക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്. ഞായറാഴ്ച വൈരുന്നേരം പാർക്കിംഗ് സ്ഥലത്തെ ചൊല്ലി തർക്കിച്ച് ക്ഷിതിജ് മിശ്ര പിതാവിനെ ഫോൺ വിളിച്ചു. തർക്കം പരിഹരിക്കാൻ സെക്രട്ടറി സെക്യൂരിറ്റി ജീവനക്കാരനെ പാർക്കിംഗ് സ്ഥലത്തേക്ക് അയച്ചു. എന്നാൽ പരിഹാരം കാണാനാവാതെ വന്നതോടെ ക്ഷിതിജ് മിശ്ര സെക്രട്ടറി പാർക്കിംഗ് സ്ഥലത്തേക്ക് വരണമെന്ന് നിർബന്ധം പിടിച്ചു.
ക്ഷിതിജ് മിശ്രയും സുഹൃത്തും ഫ്ലാറ്റിന് താഴെ സെക്രട്ടറിയുമായി അനുവദിച്ച പാർക്കിംഗ് സ്ഥലത്തിന്റെ പേരിൽ തർക്കിച്ചു. ഇതിനിടയിൽ ക്ഷിതിജ് മിശ്ര രൂപേന്ദ്ര സിംഗ് യാദവിനെ മുഖത്തടിക്കുകയും കവിളിൽ പിടിച്ചുകൊണ്ട് മൂക്ക് കടിച്ച് പറിക്കുകയുമായിരുന്നു. അക്രമം കണ്ടതോടെ ക്ഷിതിജ് മിശ്രയ്ക്കൊപ്പമുണ്ടായിരുന്ന ആൾ സ്ഥലം വിട്ടു. രൂപേന്ദ്ര സിംഗ് യാദവ് വേദനയിൽ നിലവിളിക്കുമ്പോൾ സമീപത്തെ പാർക്ക് ചെയറിൽ വളരെ അലസനായി ഇരിക്കുകയായിരുന്നു ക്ഷിതിജ് മിശ്ര. നിലവിളി കേട്ടെത്തിയ ആളുകൾ സെക്രട്ടറിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇയാൾ ഇനിയും ആശുപത്രി വിട്ടിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് സംഭവത്തിന്റെ ഭീകരത പുറത്ത് വന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam