'തുറസായ സ്ഥലത്ത് കുളിക്കാൻ നിർബന്ധിച്ചു, ടോയ്‌ലറ്റിനടുത്ത് ക്യാമറകൾ': 600 ട്രെയിനി വനിതാ കോൺസ്റ്റബിൾമാരുടെ പ്രതിഷേധം

Published : Jul 23, 2025, 07:21 PM IST
up trainee constables

Synopsis

ഗോരഖ്പൂരിലെ പരിശീലന കേന്ദ്രത്തിലെ മോശം സാഹചര്യങ്ങളിൽ പ്രതിഷേധിച്ച് നൂറുകണക്കിന് വനിതാ കോൺസ്റ്റബിൾമാർ ധർണ നടത്തി. കുടിവെള്ളം, ഭക്ഷണം, കുളിക്കാനുള്ള സൗകര്യങ്ങൾ എന്നിവ അപര്യാപ്തമാണെന്ന് ഇവർ ആരോപിച്ചു. .

ഗോരഖ്പൂർ: പരിശീലന കേന്ദ്രത്തിലെ മോശം സാഹചര്യങ്ങളിൽ പ്രതിഷേധിച്ച് നൂറുകണക്കിന് വനിതാ കോൺസ്റ്റബിൾമാർ ബുധനാഴ്ച ബിച്ച്‌ഹിയയിലെ പിഎസി. ക്യാമ്പിൽ ധർണ നടത്തി. ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിലാണ് സംഭവം. ഏകദേശം 600 ഓളം വനിതാ കോൺസ്റ്റബിൾമാർ പരിശീലന കേന്ദ്രത്തിന് പുറത്തിറങ്ങി മുദ്രാവാക്യം വിളിക്കുകയും ധർണ നടത്തുകയും ചെയ്തു. കുടിവെള്ളം, ഭക്ഷണം, കുളിക്കാനുള്ള സൗകര്യങ്ങൾ എന്നിവ അപര്യാപ്തമാണെന്ന് ഇവർ ആരോപിച്ചു.

പരിശീലന കേന്ദ്രത്തിൽ 360 പേർക്ക് മാത്രം സൗകര്യമുള്ളപ്പോൾ ഏകദേശം 600 പേരെ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നും പരിശീലനം നേടുന്ന വനിതാ കോൺസ്റ്റബിൾമാർ പറഞ്ഞു. ബിച്ച്‌ഹിയയിൽ സ്ഥലമില്ലായിരുന്നെങ്കിൽ എന്തിനാണ് ഞങ്ങളെ ഇങ്ങോട്ട് അയച്ചതെന്നാണ് പ്രതിഷേധിച്ചവരിൽ ഒരാൾ ചോദിച്ചത്. വെള്ളമില്ല, വെളിച്ചമില്ല, ഫാനില്ല, തുറന്ന സ്ഥലത്ത് കുളിക്കേണ്ടി വരുന്നു, എന്നിട്ടും എന്തിനാണ് ഇങ്ങോട്ട് വിളിച്ചത്? സഹായിക്കുന്നതിന് പകരം അധികാരികൾ ഞങ്ങളെ അധിക്ഷേപിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അവർ വീഡിയോയിൽ കൂട്ടിച്ചേർത്തു.

പരാതികൾ ഉന്നയിച്ചപ്പോൾ ഉദ്യോഗസ്ഥരിൽ നിന്ന് മോശം പെരുമാറ്റമുണ്ടായതായും നിരവധി സ്ത്രീകൾ ആരോപിച്ചു. വനിതാ ടോയ്‌ലറ്റിന് സമീപം നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചത് പ്രധാന ആശങ്കയാണ്. ഇത് ഉടനടി നീക്കം ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടു. കാര്യങ്ങൾ വഷളായതോടെ പിഎസി കമാൻഡന്‍റ് ആനന്ദ് കുമാർ, സി ഒ ദീപാൻഷി റാത്തോഡ് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ സ്ഥിതി ശാന്തമാക്കാൻ ക്യാമ്പിലെത്തി. പ്രതിഷേധക്കാരുമായി സംസാരിക്കുകയും പരാതികൾ പരിഹരിക്കുമെന്ന് ഉറപ്പും നൽകി. ചർച്ചകളെത്തുടർന്ന് സ്ത്രീകൾ പരിശീലന കേന്ദ്രത്തിലേക്ക് മടങ്ങി.

ജൂലൈ 21ന് ബിച്ച്‌ഹിയ പിഎസി ക്യാമ്പസിൽ പരിശീലനം ആരംഭിച്ചതിന് രണ്ട് ദിവസത്തിന് ശേഷമാണ് ഈ പ്രതിഷേധം നടന്നത്. ഉന്നയിച്ച പ്രശ്നങ്ങൾ അവലോകനം ചെയ്ത ശേഷം നടപടിയെടുക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. തിക്കും തിരക്കും കുറയ്ക്കാനും പരിശീലനം നേടുന്ന കോൺസ്റ്റബിൾമാർക്ക് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനുമുള്ള പദ്ധതികൾ തയ്യാറാക്കുന്നതായി റിപ്പോർട്ടുണ്ട്. പ്രതിഷേധത്തിനിടെ ആർക്കും പരിക്കേൽക്കുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല.

അതേസമയം, ഗോരഖ്പൂരിലെ 26-ാം ബറ്റാലിയൻ പിഎസിയിലെ പരിശീലനം നേടുന്ന വനിതാ കോൺസ്റ്റബിൾമാർ ഉന്നയിച്ച ആശങ്കകൾ മുതിർന്ന ഉദ്യോഗസ്ഥർ പരിഹരിച്ചതായി എഡിജി പ്രീതിന്ദർ സിംഗ് പറഞ്ഞു. ജലക്ഷാമം താൽക്കാലിക വൈദ്യുതി തടസം മൂലമാണെന്നും അത് പരിഹരിച്ചുവെന്നും അന്വേഷണത്തിൽ കണ്ടെത്തി.

ബാത്ത്റൂമുകളിൽ ക്യാമറകൾ സ്ഥാപിച്ചെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ച ഒരു പിടിഐയെ സസ്പെൻഡ് ചെയ്തതായും, സാമൂഹിക മാധ്യമങ്ങളിൽ കിംവദന്തികൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നൽകി.

 

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

2025 ലെ ഇന്ത്യക്കാരുടെ സെർച്ച് ഹിസ്റ്ററി പരസ്യമാക്കി ഗൂഗിൾ! ഐപിഎൽ മുതൽ മലയാളിയുടെ മാർക്കോയും ഇഡലിയും വരെ ലിസ്റ്റിൽ
എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി