
ദില്ലി: പാർട്ടിയെ ശക്തിപ്പെടുത്താൻ ഉദയ്പൂരിൽ ചിന്തൻ ശിബിർ സംഘടിപ്പിക്കുന്നതിനിടെ കോൺഗ്രസ് പാർട്ടി (Congress Party) വിടുകയാണെന്ന് പഞ്ചാബ് കോൺഗ്രസ് മുൻ അധ്യക്ഷൻ സുനിൽ ജാഖർ (Sunil Jakhar). പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ സുനിൽ ജാഖറിനെ കഴിഞ്ഞ മാസം പാർട്ടി സ്ഥാനങ്ങളിൽ നിന്ന് നീക്കിയിരുന്നു. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് കോൺഗ്രസ് വിടാനുള്ള തീരുമാനം അദ്ദേഹം അറിയിച്ചത്. ഗുഡ്‌ബൈ, ഗുഡ് ലക്ക് കോൺഗ്രസ്, ഇത് പാർട്ടിക്കുള്ള എന്റെ വേർപിരിയൽ സമ്മാനമാണ്. കോൺഗ്രസിന് വിജയാശംസകൾ നേരുന്നു-അദ്ദേഹം പറഞ്ഞു.
പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ ഏപ്രിൽ 11ന് സുനിൽ ജാഖറിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ അച്ചടക്ക സമിതിക്ക് മറുപടി നൽകാൻ അദ്ദേഹം തയ്യാറായില്ല. പഞ്ചാബിൽ കോൺഗ്രസ് പാർട്ടിയുടെ കനത്ത തോൽവിക്ക് പിന്നാലെ മുൻ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിക്കെതിരെ സുനിൽ രംഗത്തെത്തി. ചന്നി പാർട്ടിക്ക് ഒരു ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പരാമർശം വിവാദമായതോടെ തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്നും സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്തതാണെന്നും ആരോപിച്ചു.തന്റെ പരാമർശം ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അധ്യക്ഷ പദം സംബന്ധിച്ച ചര്‍ച്ചയില്‍ രാഹുലിന് അതൃപ്തി
42 എംഎൽഎമാർ താൻ മുഖ്യമന്ത്രിയാകാൻ ആഗ്രഹിച്ചിരുന്നെന്നും രണ്ട് പേർ മാത്രമാണ് ചന്നിയെ പിന്തുണച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു. കഴിഞ്ഞ വർഷം അമരീന്ദർ സിംഗ് സ്ഥാനമൊഴിഞ്ഞതിനെത്തുടർന്ന് മുഖ്യമന്ത്രി സ്ഥാനക്ക് പരിഗണിക്കപ്പെട്ട മുൻനിരക്കാരിൽ ഒരാളായിരുന്നു ജാഖർ. എന്നാൽ സിഖുകാരനല്ലെന്ന കാരണത്താൽ അവസരം നഷ്ടമായി.