
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള തീരുമാനത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോയുടെ മുൻ സെക്രട്ടറി സാമന്ത് ഗോയൽ. സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള തീരുമാനം ശരിയായി തോന്നുന്നില്ലെന്ന് സാമന്ത് ഗോയൽ പറഞ്ഞു. സുരക്ഷ കുറയ്ക്കുന്നതിനു പകരം ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് നേരിട്ട ആക്രമണങ്ങളടക്കം ചൂണ്ടിക്കാട്ടിയാണ് റോയുടെ മുൻ സെക്രട്ടറിയുടെ പ്രതികരണം.
നിലവിലെ അന്താരാഷ്ട്ര സുരക്ഷാ സാഹചര്യം അപ്രവചനീയമാണെന്ന് സാമന്ത് ഗോയൽ പറയുന്നു. ഏറ്റവും സുരക്ഷിത രാജ്യമെന്ന് കരുതുന്ന അമേരിക്കയിൽ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിന് നേരെ മൂന്ന് ആക്രമണങ്ങളാണ് ഉണ്ടായത്. ഇന്ത്യക്കെതിരായ നിലപാടുമായി നിരവധി ഘടകങ്ങൾ ഉണ്ട്. പ്രത്യേകിച്ച് നമ്മുടെ അയൽരാജ്യത്തടക്കം ഭീകരപ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. അതിനാൽ ഈ ഒരു സാഹചര്യത്തിൽ, പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്ക് പ്രത്യേക ക്രമീകരണങ്ങൾ തീർച്ചയായും ഒരുക്കേണ്ടതുണ്ടെന്നാണ് വ്യക്തിപരമായി തോന്നുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നിലവിൽ ഡ്രോണുകളും സ്നൈപ്പർ തോക്കുകളും ഭീഷണിയായി എത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സുരക്ഷ കുറയ്ക്കുന്നതിനു പകരം അവലോകനത്തിന് ശേഷം ശക്തിപ്പെടുത്തുകയാണ് വേണ്ടത്. ഇപ്പോഴത്തെ നടപടി തനിക്ക് ശരിയായി തോന്നുന്നില്ല. അത് രാജ്യതാൽപര്യത്തിൽ പെടുന്നതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സുരക്ഷ എന്നത് പദവിചിഹ്നമല്ല, ഭീഷണി വിലയിരുത്തിയാണ് അത് നൽകുന്നത്. ചില നേതാക്കൾ സുരക്ഷ പദവിചിഹ്നമായി ഉപയോഗിക്കുന്നു. പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തിൽ രണ്ട് കാറുകൾ മാത്രമാണ് ഉള്ളതെങ്കിൽ ശത്രുക്കൾക്ക് എളുപ്പത്തിൽ ആക്രമണം നടത്താനാകും. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോൾ മുതൽ പ്രധാനമന്ത്രിക്ക് ഭീഷണികൾ ഉണ്ടായിട്ടുണ്ട്. രാജ്യാന്തര സംഘങ്ങൾക്കും ജിഹാദി സംഘങ്ങൾക്കും പ്രധാനമന്ത്രിയെ ലക്ഷ്യംവെക്കാൻ ആഗ്രഹമുണ്ട്. പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കാണ് പ്രഥമ മുൻഗണന, അതിൽ വിട്ടുവീഴ്ച പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ആഗോള തലത്തിൽ ഊർജ വിലയിൽ കുതിപ്പ് ഉണ്ടാകുന്ന സാഹചര്യത്തിൽ ഇന്ധന ഉപഭോഗം കുറയ്ക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് സ്വന്തം സുരക്ഷാ വാഹനങ്ങളും എണ്ണം കുറയ്ക്കാൻ മോദി നിർദേശം നൽകിയത്. ഇതേ തുടർന്ന് പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കുന്ന എസ്പിജി സുരക്ഷാ വാഹനങ്ങളുടെ എണ്ണം പകുതിയായി കുറച്ചിരുന്നു. തന്നെ അനുഗമിക്കുന്ന വാഹനങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടുത്താനും മോദി നിർദേശിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam