
വാഷിംഗ്ടൺ: ഇന്ത്യയിൽ ജനാധിപത്യം ഭീഷണി നേരിടുകയാണെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ കൊളംബിയയിലെ പരാമർശത്തിൽ പ്രതികരണവുമായി മുൻ യുഎസ് ഉദ്യോഗസ്ഥൻ. പാർട്ടി പരിഗണനകൾക്ക് അതീതമായി ഇന്ത്യൻ നേതാക്കൾ രാജ്യത്തിന്‍റെ മൂല്യങ്ങൾക്കും താത്പര്യങ്ങൾക്കും വേണ്ടി സംസാരിക്കണമെന്ന് മുൻ യുഎസ് ഉദ്യോഗസ്ഥൻ റേമണ്ട് വിക്കറി ആവശ്യപ്പെട്ടു.
ഐഎഎൻഎസിന് നൽകിയ അഭിമുഖത്തിലാണ് വിക്കറി നിലപാട് വ്യക്തമാക്കിയത്. പൊതു മൂല്യങ്ങൾക്കുവേണ്ടി സംസാരിക്കുന്നതിനുള്ള ദ്വികക്ഷി സംവിധാനം അമേരിക്കയിലും ഇന്ത്യയിലും തകർന്നിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. "രാഷ്ട്രീയ വ്യത്യാസങ്ങൾ മാറ്റിവെച്ച്, ഇരുപക്ഷത്തുമുള്ള ഇന്ത്യൻ നേതാക്കൾ ഇന്ത്യൻ മൂല്യങ്ങൾക്കും രാജ്യത്തിന്‍റെ താത്പര്യങ്ങൾക്കും വേണ്ടി ശബ്‍ദമുയർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഞങ്ങൾ ലോക നേതാക്കളെന്ന നിലയിൽ അമേരിക്കയുടെ മൂല്യങ്ങളെ അന്താരാഷ്ട്ര തലത്തിൽ അവതരിപ്പിക്കാൻ ശ്രമിച്ചിരുന്നു. അത് റിപ്പബ്ലിക്കൻമാരും ഡെമോക്രാറ്റുകളും ഒരുപോലെ പങ്കുവെച്ച ഒരു ദ്വികക്ഷി നിലപാടായിരുന്നു. അത് അമേരിക്കയിൽ തകർന്നു, ഇന്ത്യയിലും അത് തകരുകയാണെന്ന് ഞാൻ ഭയപ്പെടുന്നു" വിക്കറി കൂട്ടിച്ചേർത്തു.
ദേശീയ മുൻഗണനകളിൽ വിശാലമായ കാഴ്ചപ്പാട് വേണം
ദേശീയ മുൻഗണനകളെക്കുറിച്ച് എല്ലാ രാഷ്ട്രീയ നേതാക്കൾക്കും വിശാലമായ കാഴ്ചപ്പാട് ഉണ്ടായിരിക്കണമെന്ന് അദ്ദേഹം ഉപദേശിച്ചു. "ഈ വിശാലമായ കാഴ്ചപ്പാട് എല്ലാ മേഖലകളിലും പ്രകടിപ്പിക്കാൻ സാധിക്കുന്നത് വളരെ സഹായകമാകും. ആ കാര്യത്തിൽ ഇന്ത്യ മുന്നോട്ട് വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നിങ്ങൾ പ്രതിപക്ഷത്തായാലും ഭരണത്തിലായാലും, ആ നിലപാടായിരിക്കണം സ്വീകരിക്കേണ്ടത്," അദ്ദേഹം നിരീക്ഷിച്ചു.
ഇന്ത്യ ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണി രാജ്യത്തിന്‍റെ ജനാധിപത്യ അടിത്തറയ്ക്ക് നേരെയുള്ള വ്യവസ്ഥാപിതമായ ആക്രമണമാണെന്ന് രാഹുൽ ഗാന്ധി ബുധനാഴ്ച നരേന്ദ്ര മോദി സർക്കാരിനെതിരെ ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു. കൊളംബിയയിലെ ഇഐഎ യൂണിവേഴ്സിറ്റിയിൽ (EIA University) വിദ്യാർത്ഥികളുമായി നടത്തിയ സംവാദത്തിനിടെ സംസാരിക്കുകയായിരുന്നു ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ്. ഇന്ത്യയുടെ ശക്തി അതിലെ വൈവിധ്യമാണ്. അതായത് നിരവധി മതങ്ങൾ, ഭാഷകൾ, പാരമ്പര്യങ്ങൾ എന്നിവയാണ്. ഈ ശബ്‍ദങ്ങളെല്ലാം ഉൾക്കൊള്ളാൻ കഴിയുന്ന ഏക സംവിധാനം ജനാധിപത്യം മാത്രമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
എന്നാൽ ആ സംവിധാനം ഭീഷണി നേരിടുകയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. ചൈനയുടെ കേന്ദ്രീകൃതവും ഏകീകൃതവുമായ ഘടനയിൽ നിന്ന് അടിസ്ഥാനപരമായി വ്യത്യസ്തമായ, സങ്കീർണ്ണവും വികേന്ദ്രീകൃതവുമായ രാജ്യമാണ് ഇന്ത്യയെന്നും, അധികാരവാഴ്ചയെ ഉൾക്കൊള്ളാൻ ഇന്ത്യയുടെ രൂപകൽപ്പനയ്ക്ക് കഴിയില്ലെന്നും, ജനങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ ആത്യന്തികമായി പരാജയപ്പെടുമെന്നും രാഹുൽ ഗാന്ധി വാദിച്ചു.