
ബെല്ലാരി: റോഡ് നന്നാക്കി നൽകണമെന്ന ആവശ്യം തുടർച്ചയായി അവഗണിച്ച് അധികൃതർ. ഒടുവിൽ സ്വന്തം നിലയ്ക്ക് പണം ശേഖരിച്ച് റോഡ് പണി പൂർത്തിയാക്കി കർഷകർ. കർണാടകയിലെ ബല്ലാരി ജില്ലയിലാണ് സംഭവം. 500 ഏക്കർ കൃഷിയിടത്തിലൂടെ പോവുന്ന റോഡ് നന്നാക്കി തരണമെന്ന് ഏറെക്കാലമായുള്ള ആവശ്യം പരിഗണിക്കപ്പെടാതെ വന്നതോടെ 150 കർഷകരാണ് സ്വന്തം നിലയ്ക്ക് റോഡ് പണി പൂർത്തിയാക്കിയത്. സർക്കാർ ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും കർഷകർ നിരന്തരം നിവേദനങ്ങൾ നൽകിയിരുന്നെങ്കിലും യാതൊരുവിധ നടപടിയും ഉണ്ടാകാത്തതിനെ തുടർന്നാണ് അവർ ഈ തീരുമാനത്തിലേക്ക് എത്തിയത്. 2000 രൂപ വീതം പിരിവിട്ട കർഷകർ മൂന്നര കിലോമീറ്റർ നീളമുള്ള റോഡ് നന്നാക്കാനായി 3 ലക്ഷം രൂപയാണ് സമാഹരിച്ചത്. ഇതിന് പിന്നാലെ ജെസിബിയും ട്രാക്ടറുകളും ഉപയോഗിച്ച് തകരാറിലായ റോഡ് മണ്ണും ഗ്രാവലും നിരത്തി പുനർ നിർമ്മിക്കുകയായിരുന്നു.
റോഡിൽ വലിയ കുഴികളും രൂപം കൊണ്ടിരുന്നു. ഇതു വഴി ട്രാക്ടറിൽ പോകുമ്പോൾ പോലും ആളുകൾ കുഴിയിൽ വീണ് പരിക്കേൽക്കുന്നത് പതിവായതോടെയാണ് കർഷകർ തന്നെ റോഡിന്റെ അറ്റകുറ്റപ്പണി നടത്തിയത്. ഓരോ മഴക്കാലത്തിന് ശേഷവും സ്വന്തം നിലയ്ക്ക് ഇത്തരത്തിലുള്ള അറ്റകുറ്റപ്പണി ചെയ്യേണ്ട അവസ്ഥയിലാണ് കർഷകരുള്ളതെന്നാണ് പ്രദേശവാസികൾ വിശദമാക്കുന്നത്. കൃഷിയിടത്തിന് സമീപമുള്ള കനാലിലെ വെള്ളം റോഡിലേക്ക് ഒഴുകിയെത്തുന്നതാണ് റോഡ് ഇത്തരത്തിൽ തകരാൻ കാരണമെന്നാണ് കർഷകർ ആരോപിക്കുന്നത്. മൂന്ന് വർഷം മുൻപും സമാനമായ രീതിയിൽ പണം പിരിച്ച് ഇവർ ഈ റോഡ് നന്നാക്കിയിരുന്നു. രണ്ടോ മൂന്നോ വർഷം കൂടുമ്പോൾ റോഡ് തകരുന്നത് തടയാൻ ഇവിടെ സ്ഥിരമായ ഒരു സിമന്റ് കോൺക്രീറ്റ് റോഡ് നിർമ്മിച്ച് തരണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam