
ദില്ലി: ഗുരുതര പൊള്ളലേറ്റ് മരിക്കും മുൻപ് സ്ത്രീ നൽകിയ മൊഴിയിൽ പിടിയിലായത് പ്രായപൂർത്തിയായ മകനും ഭർത്താവും. കുറ്റക്കാരാണെന്ന 20 വർഷം പഴക്കമുള്ള വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട മകനെതിരെ രൂക്ഷ വിമർശനവുമായി ദില്ലി ഹൈക്കോടതി. 9 മാസം ഉദരത്തിലും മൂന്ന് വർഷത്തോളം കയ്യിലും പിന്നീട് മനസിലുമാണ് ഒരു അമ്മ മകനെ കൊണ്ടു നടക്കുന്നത്. അതിനാൽ തന്നെ സ്വന്തം മകനെ കുരുക്കണമെന്ന് ഒരു അമ്മയും മരിക്കുന്ന സമയത്ത് ആഗ്രഹിക്കില്ലെന്നാണ് ദില്ലി ഹൈക്കോടതി നിരീക്ഷിച്ചത്. ഇതിന് പിന്നാലെ മരണപ്പെട്ട സ്ത്രീയുടെ മരണമൊഴി സത്യവും സ്ഥിരതയുള്ളതുമാണെന്ന് വിധിച്ചുകൊണ്ട് വിചാരണ കോടതിയുടെ ശിക്ഷ ശരിവച്ചു. വെള്ളിയാഴ്ചയാണ് 23 വർഷം പഴക്കമുള്ള ഹർജി ഹൈക്കോടതി റദ്ദാക്കിയത്. വീട്ടിൽ വച്ച് പൊള്ളലേറ്റ സ്ത്രീയെ 2000 ത്തിലാണ് മകനും മകളും ചേർന്ന് ആശുപത്രിയിലെത്തിച്ചത്. വീട്ടിലുണ്ടായിരുന്നിട്ട് പോലും സ്ത്രീയെ ആശുപത്രിയിലെത്തിക്കാൻ ഭർത്താവ് തയ്യാറായിരുന്നില്ല. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് സ്ത്രീ മരണപ്പെട്ടത്. എന്നാൽ മരിക്കുന്നതിന് മുൻപ് രണ്ട് മൊഴികളാണ് ഇവർ നൽകിയത്. ആദ്യത്തേത് ചികിത്സിച്ചിരുന്ന ഡോക്ടറിനോടും രണ്ടാമത്തേത് പൊലീസ് ഉദ്യോഗസ്ഥനോടും ആയിരുന്നു.
മൊഴികൾ രേഖപ്പെടുത്തി ഏറെ വൈകുന്നതിന് മുൻപ് തന്നെ പൊള്ളൽ മൂലം ഇവർ മരണപ്പെടുകയായിരുന്നു. കേസ് അന്വേഷണത്തിൽ മരണ മൊഴിയുടെ ആസ്ഥാനത്തിൽ സ്ത്രീയുടെ മകനെയും ഭർത്താവിനെയും പൊലീസ് പ്രതിയാക്കി കുറ്റപത്രം നൽകി. ഇതിൽ വിചാരണക്കോടതി അച്ഛനേയും മകനേയും കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. 2002ൽ വിചാരണക്കോടതി നടത്തിയ വിധിക്കെതിരെയാണ് മരണപ്പെട്ട സ്ത്രീയുടെ മകനും ഭർത്താവും ദില്ലി ഹൈക്കോടതിയെ സമീപിച്ചത്. കേസ് പരിഗണിക്കാൻ വൈകിയതിനിടെ ഇവരുടെ ഭർത്താവ് മരണപ്പെടുകയും മകൻ ഒളിവിൽ പോവുകയും ചെയ്തു. ഇതിന് പിന്നാലെ മകനെ കോടതി പ്രഖ്യാപിത കുറ്റവാളിയായി ഉത്തരവും നൽകിയിരുന്നു. ജസ്റ്റിസ് സുബ്രമണ്യം പ്രസാദ്, വിമൽ കുമാർ യാദവ് എന്നിവരുടെ ബെഞ്ചിൽ രാകേഷ് തിവാരിയാണ് മരണപ്പെട്ട സ്ത്രീയുടെ മകന് വേണ്ടി ഹാജരായത്.
100 ശതമാനം പൊള്ളലേറ്റിരുന്നുവെന്നും വായിലും ചുണ്ടിലും അടക്കം പൊള്ളലേറ്റതിനാൽ സംസാരിക്കാൻ പോലും ആവാത്ത അവസ്ഥയിലായിരുന്നു സ്ത്രീയുണ്ടായിരുന്നതെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചത്. അഫ്ഗാനിസ്ഥാനിൽ നിന്ന് കുടിയേറിയ കുടുംബമായതിനാൽ യുവതിക്ക് പ്രാദേശിക ഭാഷ പരിചിതമായിരുന്നില്ലെന്നും മൊഴിയെടുത്തപ്പോൾ മനസിലാക്കിയതിലെ പിഴവാണ് സംഭവിച്ചതെന്നും ഡോക്ടറും പൊലീസ് ഉദ്യോഗസ്ഥനും മൊഴിയെടുക്കാൻ പ്രാപ്തരായിരുന്നില്ലെന്നും പ്രതിഭാഗം കോടതിയിൽ വിശദീകരിച്ചെങ്കിലും ഈ വാദങ്ങൾ ഹൈക്കോടതി തള്ളി. അമ്മയും മകനും തമ്മിലുള്ള ബന്ധം ശക്തവും പരിശുദ്ധമാണെന്നും മരിക്കുന്ന സമയത്ത് മകൻ നശിക്കട്ടെയെന്ന് ഒരു അമ്മയും ആഗ്രഹിക്കില്ലെന്നും ദില്ലി ഹൈക്കോടതി നിരീക്ഷിച്ചു. യുവതിക്ക് പരിക്കേറ്റത് അപകടത്തിലോ ആത്മഹത്യാ ശ്രമത്തിലോ അല്ലാത്തതിനാൽ കൊലപാതക സാധ്യതതന്നെയാണ് ഉള്ളതെന്നും കോടതി നിരീക്ഷിച്ചു. ഇതിന് പിന്നാലെയാണ് വിചാരണക്കോടതിയുടെ വിധി ദില്ലി ഹൈക്കോടതി ശരി വച്ചത്.