
പൽവാൽ: മദ്യപിച്ച് ലക്കുകെട്ട് പുത്തൻ കാറിൽ ചുറ്റാനിറങ്ങിയ പൊലീസുകാരൻ കാറിടിച്ച് കൊന്നത് 2 പേരെ. ഹരിയാനയിലെ പൽവാലിൽ ഒരേ കുടുംബത്തിൽ നിന്നുള്ള സ്കൂൾ വിദ്യാർത്ഥികളായ 3 സഹോദരന്മാരെയാണ് പൊലീസ് കോൺസ്റ്റബിൾ ഓടിച്ച പുത്തൻ കാർ ഇടിച്ച് തെറിപ്പിച്ചത്. 9നും 13നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചവർ. സ്കൂളിൽ നിന്ന് മുത്തച്ഛനൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഉട്ടാവർ ഗ്രാമത്തിൽ വച്ച് ഇവരെ കാർ ഇടിച്ച് തെറിപ്പിച്ചത്. തിങ്കളാഴ്ച ഉച്ച കഴിഞ്ഞാണ് അപകടം. 13കാരനായ മൊഹമ്മദ് ആര്യൻ, 9കാരനായ മൊഹമ്മദ് അഹ്സാൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ സഹോദരൻ 7 വയസുകാരനായ മൊഹമ്മദ് അർജാൻ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ഇവർക്കൊപ്പമുണ്ടായിരുന്ന മുത്തച്ഛൻ ആസ് മൊഹമ്മദിന്റെ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്. അപകടത്തിന് പിന്നാലെ വിദ്യാർത്ഥികളെ നൽഹാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും സഹോദരന്മാരായ 2 പേരെയും രക്ഷിക്കാനായില്ല. നൂഹ് ഡിഎസ്പി ഓഫീസിലെ റീഡറായ നരേന്ദർ സിംഗ് എന്ന ഹെഡ് കോൺസ്റ്റബിൾ ആണ് അലക്ഷ്യമായി കാർ ഓടിച്ചത്.
അപകടം നടന്ന സ്ഥലത്ത് നിന്ന് പത്ത് കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലേക്കാണ് ഇയാൾ മദ്യപിച്ച് ലക്കുകെട്ട നിലയിൽ പുത്തൻ കാർ എത്തിച്ചത്. സംഭവ സ്ഥലത്ത് നിന്ന് കാറുമായി രക്ഷപ്പെടാൻ ശ്രമിച്ച നരേന്ദർ സിംഗിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. യൂണിഫോം ധരിച്ചായിരുന്നു മദ്യപിച്ച് ലക്കുകെട്ടുള്ള ഇയാളുടെ യാത്ര. വാഹനം നിർത്താതെ പോയതിന് പിന്നാലെ കാർ പിന്തുടർന്ന നാട്ടുകാർ ഹുണ്ട്യായ് എക്സ്റ്റർ കാർ തല്ലിത്തകർത്തു.