
ദില്ലി: പഹൽഗാമിലെ ഭീകരാക്രമണത്തിന് മറുപടിയായി ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ പാകിസ്ഥാന്‍റെ വ്യോമ താവളങ്ങളടക്കം തകർത്ത് നൽകിയ തിരിച്ചടിയുടെ ഞെട്ടലിലാണ് പാകിസ്ഥാൻ. പ്രതിരോധിക്കാൻ സമയം കൊടുക്കാതെ, പാക് റഡാറുകളുടെ കണ്ണ് വെട്ടിച്ച് അപ്രതീക്ഷിതമായി ഇന്ത്യ നടത്തിയ ആക്രമണം പാകിസ്ഥാന്‍റെ വ്യോമ സൈനിക കരുത്തിന്‍റെ 20ശതമാനത്തോളം തകർത്തതായാണ് കഴിഞ്ഞ ദിവസം ഇന്ത്യൻ സൈന്യം പുറത്തുവിട്ട കണക്കുകൾ വ്യക്തനാക്കിയത്. ഇന്ത്യ നടത്തിയ തിരിച്ചടികള്‍ തടുക്കാനാകാതെ പാകിസ്ഥാൻ പതറിയതിന് കാരണം ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. വ്യോമപ്രതിരോധത്തിനായി പാകിസ്ഥാന്‍ ആശ്രയിച്ചിരുന്ന ചൈനീസ് സാങ്കേതിക വിദ്യകളെ ഹാക്ക് ചെയ്താണ് ഇന്ത്യ പാകിസ്ഥാൻ മണ്ണിൽ തിരിച്ചടി നൽകിയതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ചൈനീസ് സാങ്കേതിക വിദ്യകളെയായിരുന്നു ഇന്ത്യയുമായുള്ള അന്താരാഷ്ട്ര അതിര്‍ത്തിയിലും നിയന്ത്രണരേഖയിലുമായി വ്യോമ പ്രതിരോധത്തിനായി പാകിസ്ഥാൻ വിന്യസിച്ചിരുന്നത്. എന്നാല്‍ ഇന്ത്യന്‍ വ്യോമസേന 'മെയ്ഡ് ഇൻ ചൈന' സാങ്കേതിക സംവിധാനങ്ങളെ നിശ്ചലമാക്കി എയർബേസുകളിലടക്കം മിന്നലാക്രമണം നടത്തി കനത്ത നാശനഷ്ടം വിതച്ചു. ചൈനീസ് സംവിധാനങ്ങളെ ജാം ചെയ്യാൻ ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യകൊണ്ട് സാധിച്ചു. പാക് പ്രതിരോധ സംവിധാനങ്ങൾ ജാം ചെയ്ത് വെറും 23 മിനിറ്റുകള്‍ കൊണ്ട് പാകിസ്ഥാനിലെ ഭീകരവാദ കേന്ദ്രങ്ങളിലടക്കം ഇന്ത്യ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തി.
ടെക്നോളജി ഭീമന്മാരായ ചൈനീസ് സാങ്കേതിക വിദ്യയെക്കാൾ മികച്ചതാണ് 'മെയ്ഡ് ഇൻ ഇന്ത്യ' ടെക്നോളജിയെന്ന് വ്യക്തമാക്കുന്നതാണ് സൈന്യത്തിന്‍റെ നേട്ടം. ജമ്മുകാശ്മീരിലടക്കം അതിർത്തി ജില്ലകളിലും, ഇന്ത്യയിലെ നഗരങ്ങളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ട് പാകിസ്ഥാന്‍ നടത്തിയ ആക്രമണങ്ങളെ ചെറുക്കുന്നതിന് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പ്രതിരോധ സംവിധാനങ്ങള്‍ കൂടുതല്‍ സഹായകരമായതായാണ് സൈന്യം വിലയിരുത്തുന്നത്. പാകിസ്ഥാന്‍റെ ആകെയുള്ള വ്യോമസൈനിക സംവിധാനത്തിന്‍റെ അഞ്ചിലൊന്ന് ശതമാനവും ഇന്ത്യൻ ആക്രമണത്തിൽ തകർന്നതായാണ് വിവരം. പല വ്യോമതാവളങ്ങളിലും സംഭവിച്ച നാശനഷ്ടങ്ങളുടെ കണക്കുകൾ സാറ്റ്ലൈറ്റ് ദൃശ്യങ്ങളുടെ തെളിവോടെ സൈന്യം കഴിഞ്ഞ ദിവസം എടുത്തിരുന്നു.
എഫ് 16 അടക്കമുള്ള നിരവധി യുദ്ധവിമാനങ്ങൾ തകർത്തുവെന്നും, വ്യോമത്താവളങ്ങളിൽ മാത്രം ഉന്നത റാങ്കിലുള്ള സൈനികരടക്കം, 50ലേറെ പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടതായുമാണ് സൈന്യം വ്യക്തമാക്കിയത്. പാകിസ്ഥാൻ ഇന്ത്യക്ക് നേരെ തൊടുത്ത ചൈനീസ് പിഎല്‍-15 മിസൈലുകളും തുര്‍ക്കിയുടെ ഡ്രോണുകളും, റോക്കറ്റ് ആക്രമണങ്ങളും ഇന്ത്യൻ സൈന്യം തകർത്തത് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയിലൂടെയാണ്. ഇന്ത്യയുടെ പ്രതിരോധ സംവിധാനങ്ങളെക്കുറിച്ച് വലിയൊരു മുന്നറിയിപ്പ് ലോകത്തിന് നൽകാൻ ഓപ്പറേഷൻ സിന്ദൂരിലൂടെ സാധിച്ചെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam