
ദില്ലി: ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം മൂര്‍ഛിച്ച പശ്‌ചാത്തലത്തില്‍ വടക്കേയിന്ത്യയിലെ വിവിധ വിമാനത്താവളങ്ങള്‍ അടച്ചിട്ടിരിക്കുന്നത് മെയ് 15 വരെ നീട്ടി. ഇന്നലെ വടക്കേയിന്ത്യയിലെ വിവിധ നഗരങ്ങള്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമിക്കാന്‍ പാകിസ്ഥാന് ശ്രമിച്ചതിന് പിന്നാലെയാണ് ഇന്ത്യ നിയന്ത്രണം നീട്ടിയത്. പുതുക്കിയ സമയക്രമം പ്രകാരം മെയ് 15 രാവിലെ വരെ 28 വിമാനത്താവളങ്ങള്‍ പ്രവര്‍ത്തിക്കില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യം എല്ലാ വിമാനത്താവളങ്ങളെയും വ്യോമയാന കമ്പനികളെയും കേന്ദ്രം അറിയിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ദരിച്ച് എഎന്‍ഐയുടെ വാര്‍ത്തയില്‍ പറയുന്നു.
ഇതോടെ ശ്രീനഗര്‍, ജമ്മു, ലേ, അമൃത്‌സര്‍, ചണ്ഡിഗഢ്, ധരംശാല, ബിക്കാനര്‍, രാജ്‌കോട്ട്, ജോധ്‌പൂര്‍, കൃഷ്‌ണഘട്ട്, ജയ്‌സാല്‍മീര്‍, മുദ്ര, ജാംനഗര്‍, പോര്‍ബന്തര്‍, ഗ്വാളിയോര്‍, പാട്യാല, ഹല്‍വാര, ഷിംല, ഭുജ്, കണ്ട്‌ല, കേശോദ്, ഹിൻഡൻ തുടങ്ങിയ വടക്കേയിന്ത്യന്‍ വിമാനത്താവളങ്ങളില്‍ നിന്ന് മെയ് 15-ാം തീയതി വരെ ഒരു വിമാന സര്‍വീസും നടക്കില്ല.
വിമാനത്താവളങ്ങള്‍ അടച്ചിടുന്നത് മെയ് 15 വരെ നീട്ടിയതായും തടസ്സപ്പെടുന്ന സര്‍വീസുകളെയും കുറിച്ചും എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും സാമൂഹ്യമാധ്യമങ്ങളില്‍ യാത്രക്കാര്‍ക്ക് അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ജമ്മു, ശ്രീനഗര്‍, ലേ, ജോധ്‌പൂര്‍, അമൃത്‌സര്‍, ഭുജ്, ജാംനഗര്‍, ചണ്ഡിഗഢ്, രാജ്‌കോട്ട് എന്നീ 9 വിമാനത്താവളങ്ങളിലെ സര്‍വീസുകള്‍ റദ്ദാക്കിയതായാണ് എയര്‍ ഇന്ത്യയുടെ അറിയിപ്പ്. ഏറ്റവും പുതിയ അപ്‌ഡേറ്റുകള്‍ക്കായി ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കണമെന്ന് യാത്രക്കാരോട് എയര്‍ ഇന്ത്യ അഭ്യര്‍ഥിച്ചു.
മെയ് 15 വരെ ശ്രീനഗര്‍, ജമ്മു, അമൃത്‌സര്‍, ലേ, ചണ്ഡിഗഡ്, ധരംശാല, ബിക്കാനര്‍, രാജ്‌കോട്ട്, ജോധ്‌പൂര്‍, കൃഷ്‌ണഘട്ട് വിമാനത്താവളങ്ങളിലേക്കും അവിടെ നിന്നും കമ്പനിയുടെ എല്ലാ വിമാന സര്‍വീസുകളും മുടങ്ങുമെന്ന് ഇന്‍ഡിഗോയും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. റദ്ദാക്കപ്പെട്ട വിമാനങ്ങളിലെ യാത്രക്കാര്‍ക്ക് റീഫണ്ട് സൗകര്യം എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam