
വ്യക്തമായ ഭൂരിപക്ഷത്തില്‍ ഉത്തര്‍പ്രദേശില്‍ (Uttar Pradesh) ബിജെപി (BJP)അധികാരത്തിലെത്തുമെന്ന് ഇന്ത്യ ന്യൂസ് ജന്‍ കി ബാത്ത് സര്‍വ്വേ ഫലം (Jan Ki Baat Opinion Poll). നവംബര്‍ 22 മുതല്‍ ഡിസംബര്‍ 20 വരെ നടത്തിയ സര്‍വ്വേയുടെ ഫലമാണ് പുറത്ത് വന്നിരിക്കുന്നത്. 233 മുതല്‍ 252 സീറ്റുവരെ നേടിയാകും ബിജെപി വീണ്ടും അധികാരത്തിലെത്തുക. സമാജ്വാദി പാര്‍ട്ടിക്ക് 135 മുതല്‍ 149 സീറ്റ് വരെ ലഭിക്കാനുള്ള സാധ്യതയാണ് സര്‍വ്വേയില്‍ വ്യക്തമാവുന്നത്. കോണ്‍ഗ്രസ് ഒറ്റ അക്കത്തില്‍ ചുരുങ്ങുമെന്നും സര്‍വ്വേ പ്രവചിക്കുന്നു.
മൂന്ന് മുതല്‍ ആറ് സീറ്റിലേക്ക് കോണ്‍ഗ്രസ് ചുരുങ്ങാനാണ് സാധ്യത. മായാവതിയുടെ ബിഎസ്പിക്ക് 11 മുതല്‍ 12 സീറ്റുകള്‍ വരെ ലഭിച്ചേക്കാമെന്നും സര്‍വ്വേ വിലയിരുത്തുന്നു. 39 ശതമാനം വോട്ട് ഷെയറാണ് ബിജപിക്ക് പ്രതീക്ഷിക്കുന്നത്. സമാജ്വാദി പാര്‍ട്ടിക്ക് 35 ശതമാനം വോട്ട് ഷെയറ്‍ ലഭിച്ചേക്കും. ബിഎസ്പിയുടെ വോട്ട് ഷെയര്‍ 14 ശതമാനത്തിലും കോണ്‍ഗ്രസിന്‍റെ വോട്ട് ഷെയര്‍ 5 ശതമാനവും ലഭിക്കുമെന്നാണ് വിലയിരുത്തല്‍. പ്രദീപ് ഭണ്ഡാരിയുടെ ജന്‍കി ബാത് സര്‍വ്വേയിലാണ് ബിജെപിയുടെ ശക്തമായ സ്ഥിതി പ്രവചിക്കുന്നത്.
2022 മാർച്ചിലാണ് യുപി നിയമസഭയുടെ കാലാവധി അവസാനിക്കുന്നത് ഇതിന് മുൻപായി പുതിയ സർക്കാർ അധികാരത്തിലെത്തും. 2017 മാർച്ച് മാസത്തിലാണ് യുപി നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. രാജ്യത്തേറ്റവും ജനസംഖ്യയും നിയമസഭാ സീറ്റുകളുമുള്ള യുപിയിലെ തെരഞ്ഞെടുപ്പ് ദേശീയരാഷ്ട്രീയത്തിൽ സവിശേഷ പ്രധാന്യമർഹിക്കുന്നതാണ്. 2014- ലോക്സഭാ തെരഞ്ഞെടുപ്പിൽ യുപിയിലെ 80 ലോക്സഭാ സീറ്റുകളിൽ 71ഉം തൂത്തുവാരിയാണ് ബിജെപി ഹിന്ദി ഹൃദയഭൂമിയിൽ തേരോട്ടം തുടങ്ങിയത്. എസ്.പി - ബിഎസ്പി പാർട്ടികളുടെ സ്വാധീനം തകർത്തുള്ള ബിജെപി മുന്നേറ്റം 2017-ലും അവർ ആവർത്തിച്ചു.
403 അംഗ യുപി നിയമസഭയിൽ 312 സീറ്റുകൾ നേടി ബിജെപി അധികാരം പിടിച്ചപ്പോൾ ബിഎസ്പി 61 സീറ്റിലും എസ്.പി 19 സീറ്റിലുമായി ഒതുങ്ങി. മൃഗീയ ഭൂരിപക്ഷം നേടി അധികാരത്തിൽ വന്ന ബിജെപി ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി ഗൊരഖ്പൂർ എംപിയും താരപ്രചാരകനുമായിരുന്ന യോഗി ആദിത്യനാഥിനെ തെരഞ്ഞെടുത്തു. ഇതോടെ മുഖ്യമന്ത്രി പദവിയിലെത്തുന്ന ഇന്ത്യയിലെ ആദ്യ സന്ന്യാസിയായി അദ്ദേഹം മാറി.
അഞ്ച് വർഷങ്ങൾക്കിപ്പുറം യുപിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് വരുമ്പോൾ രാഷ്ട്രീയ ഏറെ വ്യത്യസ്തമാണ്. ഏറെ നാളായ തർക്കഭൂമിയായിരുന്ന അയോധ്യയിൽ സുപ്രീംകോടതി വിധിയെ തുടർന്ന് രാമക്ഷേത്ര നിർമ്മാണം ആരംഭിച്ച് കഴിഞ്ഞു. കൊവിഡ് ഒന്ന്, രണ്ട് തരംഗങ്ങൾ ഉത്തർപ്രദേശിനെ ഗുരുതരമായി ബാധിച്ചെങ്കിലും നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നാണ് യോഗി അവകാശപ്പെടുന്നത്.
പാർട്ടിക്കുള്ളിൽ അഭ്യന്തര ഭിന്നതകളുണ്ടെങ്കിലും യുപിയിൽ ബിജെപിയുടെ അനിഷേധ്യ നേതാവ് യോഗി തന്നെയാണ്. മോദിക്കും അമിത് ഷായ്ക്കും ശേഷം ബിജെപിയുടെ ദേശീയമുഖവും യോഗി തന്നെ. അഖിലേഷ് യാദവാണ് യുപിയിൽ ഇപ്പോൾ പ്രധാന പ്രതിപക്ഷമായി രംഗത്തുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam