
ദില്ലി : ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തെ അപലപിച്ച് കോണ്‍ഗ്രസ്. പലസ്തീൻ ജനതയുടെ ആത്മാഭിമാനവും സമത്വവും ചര്‍ച്ചകളിലൂടെ സാധ്യമാക്കണമെന്നാണ് എക്കാലത്തും കോൺഗ്രസിന്റെ നിലപാട്. ഇസ്രായേലി ജനതയുടെ ദേശസുരക്ഷയും ഉറപ്പാക്കണം. സംഘര്‍ഷം ഒന്നിനും പരിഹാരമല്ലെന്നും എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു.
ഇസ്രയേലിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ച് ഇന്ത്യ
ഇസ്രയേലിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ് ഇന്ത്യ. വ്യാപക ഒഴിപ്പിക്കൽ വേണ്ടി വന്നാൽ തയാറെടുക്കാൻ വ്യോമ, നാവിക സേനകൾക്ക് നിർദേശം നൽകി. ഇസ്രയേൽ-ഹമാസ് സംഘർഷം രൂക്ഷമാകുന്നെങ്കിലും ഒഴിപ്പിക്കൽ തൽകാലം വേണ്ടെന്നാണ് ഇന്ത്യയുടെ നിലപാട്. യുദ്ധം എത്രനാൾ നീളുമെന്നാണ് കേന്ദ്രം ഉറ്റുനോക്കുന്നത്. മുൻകരുതലെന്ന നിലയ്ക്കാണ് വ്യോമസേനയ്ക്കും നാവിക സേനയ്ക്കും ജാഗ്രത നിർദേശം നൽകിയത്. സ്ഥിതി ഗുരുതരമായി തുടരുകയാണെങ്കിൽ ഒഴിപ്പിക്കൽ നടപടികളിലേക്ക് കടന്നേക്കും. ഈജിപ്ത്, ജോർദ്ദൻ തുടങ്ങിയ ഇസ്രയേലിന്റെ അയൽരാജ്യങ്ങളുമായി ഇന്ത്യക്ക് നിലവിൽ നല്ല ബന്ധമാണുള്ളത്. ഒഴിപ്പിക്കൽ വേണ്ടി വന്നാൽ ഈ രാജ്യങ്ങളുടെ നേതാക്കളുമായി പ്രധാനമന്ത്രി നേരിട്ട് സംസാരിക്കും. ഇസ്രയേലിലെ ഇന്ത്യാക്കാർക്ക് ഇന്നലെ തന്നെ വിദേശകാര്യമന്ത്രാലയം ജാഗ്രതാ നിർദേശം നൽകിയിരുന്നു. പലസ്തീനിലെ ഇന്ത്യാക്കാർക്കും അത്യാവിശ്യ ഘട്ടങ്ങളിൽ ബന്ധപ്പെടാൻ ഹെല്പ് ലൈൻ നമ്പറുകളടക്കം പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യാക്കാർക്ക് ആവശ്യങ്ങൾക്ക് എംബസികളെ സമീപിക്കാമെന്നും, ഏത് സാഹചര്യത്തെയും നേരിടാന് സജ്ജമാണെന്നും വിദേശകാര്യ സഹമന്ത്രി വി മുരളീധരന് പറഞ്ഞു.
യുദ്ധ മേഖലയിൽ അകപ്പെട്ട 27 ഇന്ത്യക്കാർ അതിർത്തി കടന്നു, എയർ ഇന്ത്യ ജീവനക്കാരെയും ഒഴിപ്പിച്ചു
വിദ്യാർത്ഥികളെയും തീർത്ഥാടനത്തിനും വിനോദയാത്രയ്ക്കും പോയവരെയും തിരികെ എത്തിക്കണം എന്നയാവശ്യം ശക്തമാകുന്നുണ്ട്. പ്രധാനമന്ത്രി തന്നെ ഇക്കാര്യം നിരീക്ഷിക്കുന്നുവെന്ന് വിദേശകാര്യസഹമന്ത്രി മീനാക്ഷി ലേഖി അറിയിച്ചു. നിലവിൽ പതിനെട്ടായിരത്തോളം ഇന്ത്യാക്കാർ ഇസ്രയേലിലുണ്ടെന്നാണ് പ്രാഥമിക കണക്ക്. തയ്യാറെടുത്തിരിക്കാനാണ് കേന്ദ്രസർക്കാർ മേഖലയിലെ എംബസികൾക്ക് നല്കിയിരിക്കുന്ന നിർദ്ദേശം. അതേസമയം ഇസ്രയേലിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച ഇന്ത്യൻ നിലപാട് ദൗർഭാഗ്യകരമെന്ന് സിപിഎം കുറ്റപ്പെടുത്തി.