പാക് ഡ്രോണുകൾക്ക് പിന്നിൽ തുർക്കി പ്രതിരോധ ഉദ്യോഗസ്ഥരോ? അന്വേഷണം ഊർജ്ജിതമാക്കി ഇന്ത്യൻ സുരക്ഷാ സേനകൾ

Published : May 13, 2025, 03:18 PM IST
പാക് ഡ്രോണുകൾക്ക് പിന്നിൽ തുർക്കി പ്രതിരോധ ഉദ്യോഗസ്ഥരോ? അന്വേഷണം ഊർജ്ജിതമാക്കി ഇന്ത്യൻ സുരക്ഷാ സേനകൾ

Synopsis

ആയിരത്തിലേറെ ഡ്രോണുകളാണ് പാകിസ്ഥാൻ ഇന്ത്യക്കെതിരെ പ്രയോഗിച്ചത്. ഇന്ത്യയുടെ ശക്തമായ പ്രതിരോധം ഇവയെ ചെറുത്ത് തോൽപ്പിച്ചെങ്കിലും ആക്രമണത്തിന് ഉപയോഗിച്ചതിൽ 350ലേറെ ഡ്രോണുകൾ തുർക്കിയുടേതാണ്

ദില്ലി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാക് ആക്രമണത്തിൽ തുർക്കിയുടെ പങ്കിനേക്കുറിച്ച് വിശദമായി അന്വേഷിച്ച് ഇന്ത്യൻ സുരക്ഷാ സേനകൾ. മെയ് 7 നും മെയ് 10 നും ഇടയിൽ പാകിസ്ഥാൻ നടത്തിയ വലിയ തോതിലുള്ള ഡ്രോൺ ആക്രമണത്തിൽ തുർക്കി പ്രതിരോധ ഉദ്യോഗസ്ഥരുടെ പങ്കാളിത്തം സംശയിക്കപ്പെടുന്നതിന് പിന്നാലെയാണ് ഇത്. തുർക്കിയുടെ പ്രതിരോധ ഉദ്യോഗസ്ഥർ ആക്രമണത്തിൽ സഹകരിച്ചോയെന്നാണ് ഇന്ത്യൻ പ്രതിരോധ സ്ഥാപനങ്ങൾ പരിശോധിക്കുന്നത്. 

ആയിരത്തിലേറെ ഡ്രോണുകളാണ് പാകിസ്ഥാൻ ഇന്ത്യക്കെതിരെ പ്രയോഗിച്ചത്. ഇന്ത്യയുടെ ശക്തമായ പ്രതിരോധം ഇവയെ ചെറുത്ത് തോൽപ്പിച്ചെങ്കിലും ആക്രമണത്തിന് ഉപയോഗിച്ചതിൽ 350ലേറെ ഡ്രോണുകൾ തുർക്കിയുടേതാണ്. യുഎവി വിഭാഗത്തിൽ ഉൾപ്പെടുന്ന സോങ്കര്‍ ഡ്രോണുകള്‍ തുർക്കിയുടേതാണെന്നത് അതീവ ജാഗ്രതയോടെയാണ് രാജ്യത്തെ സുരക്ഷാ വിഭാഗങ്ങൾ നിരീക്ഷിക്കുന്നത്. മെയ് 8 മാത്രം 300 മുതൽ 400 വരെ ഡ്രോണുകൾ ഇന്ത്യയുടെ വ്യോമാതിർത്തി ലംഘിച്ചെത്തിയെന്നാണ് കേണൽ സോഫിയ ഖുറേഷി സ്ഥിരീകരിച്ചത്. തുര്‍ക്കി സായുധ സേനയ്ക്കായി അസിസ്‌ഗാര്‍ഡ് എന്ന പ്രതിരോധ കമ്പനി വികസിപ്പിച്ചെടുത്ത സോങ്കര്‍ ഡ്രോണുകള്‍ ഇവയിൽ ഉൾപ്പെടുമെന്നും സൈന്യം വ്യക്തമാക്കിയിരുന്നു. 

2019ല്‍ ഇന്‍റര്‍നാഷണല്‍ ഡിഫന്‍സ് ഇന്‍ഡസ്ട്രി ഫെയറിലാണ് സോങ്കര്‍ ഡ്രോണുകളെ ആദ്യമായി അവതരിപ്പിച്ചത്. തുര്‍ക്കി സായുധ സേന 2020 മുതല്‍ ഉപയോഗിക്കുന്ന സോങ്കര്‍, അവരുടെ ആദ്യ ആംഡ് ഡ്രോണ്‍ സംവിധാനം കൂടിയാണ്. ആഭ്യന്തര ആവശ്യത്തിന് പുറമെ യുദ്ധ മേഖലകളിലും തുര്‍ക്കിയുടെ സോങ്കര്‍ ഡ്രോണുകള്‍ ഉപയോഗിച്ചുവരുന്നുണ്ട്. വളരെ കോംപാക്റ്റായ ഡിസൈനും ടാക്റ്റിക്കല്‍ ഫ്ലെക്‌സിബിളിറ്റിയും പ്രധാന സവിശേഷതകളായി കണക്കാക്കപ്പെടുന്ന ഈ കരുത്തുറ്റ ഡ്രോണുകളെയാണ് ഇന്ത്യൻ സൈന്യം ചെറുത്തത്. ഓട്ടോമാറ്റിക് മെഷീന്‍ ഗണ്‍ സഹിതമുള്ള ഓട്ടോമാറ്റിക് ഫയറിംഗ് സംവിധാനമാണ് ഓരോ സോങ്കര്‍ ഡ്രോണ്‍ യൂണിറ്റും. നാറ്റോ നിലവാരത്തിലുള്ള 200 5.56×45mm റൗണ്ടുകള്‍ വഹിക്കാനുള്ള ശേഷി ഇതിനുണ്ട്. ഗ്രനേഡ് ലോഞ്ചറുകളുള്ള നവീന സോങ്കറുകളും ഇപ്പോഴുണ്ട്.

2800 മീറ്റര്‍ വരെ ഉയരത്തില്‍ പറക്കാന്‍ കഴിയുന്ന ഈ ആളില്ലാ യുദ്ധ വിമാനങ്ങള്‍ക്ക് ഏകദേശം 10 കിലേമീറ്ററാണ് ഓപ്പറേഷണല്‍ റേഞ്ച്. ഗ്രൗണ്ട് കണ്‍ട്രോള്‍ റൂമുമായി തത്സമയം ബന്ധിപ്പിച്ചിട്ടുള്ള വീഡിയോ ട്രാന്‍സ്‌മിഷന്‍ മൊഡ്യൂള്‍ സംവിധാനമുള്ള ഈ ഡ്രോണുകള്‍ ജിപിഎസ് വഴി ഓട്ടോമാറ്റിക്കായും മാനുവലായും നിയന്ത്രിക്കാനാകും. ഡേലൈറ്റ്, ഇന്‍ഫ്രാറെഡ് ക്യാമറകളാണ് ഇതിന് കരുത്ത്. ആശയവിനിമയം നഷ്ടപ്പെടുകയോ ബാറ്ററി തകരാറിലാകുകയോ ചെയ്താൽ വിക്ഷേപിച്ച ഇടത്തേക്ക് തന്നെ മടങ്ങാനും സാങ്കേതികത്തികവുള്ള സോങ്കര്‍ ഡ്രോണുകളാണ് ഇന്ത്യന്‍ സൈനിക കരുത്തിന് മുന്നില്‍ നിഷ്‌പ്രഭമായതെങ്കിലും തുർക്കി പ്രതിരോധ ഉദ്യോഗസ്ഥരുടെ ഇടപെടൽ പാക് ആക്രമണത്തിന് പിന്നിലുണ്ടോയെന്ന് കണ്ടെത്താനാണ് ഇന്ത്യ ശ്രമിക്കുന്നത്.

യിഹ 3 ഡ്രോണുകളുടെ ഭാഗങ്ങളും ജമ്മുവിൽ പലയിടത്ത് നിന്ന് കണ്ടെത്തിയിരുന്നു. കുറച്ച് കാലമായി തുർക്കി സൈനിക ഉപദേഷ്ടാക്കൾ  പാക് സൈന്യവുമായി ബന്ധപ്പെട്ടിരുന്നതായാണ് പുറത്ത് വരുന്ന ഇൻറലിജൻസ് വിവരം. ഡ്രോൺ ഉപയോഗിക്കാനുള്ള പരിശീലനം അടക്കം പാക് സൈന്യത്തിന് ലഭ്യമായതായാണ് സംശയിക്കപ്പെടുന്നത്. ഇന്ത്യയുടെ പ്രത്യാക്രമണങ്ങളിൽ തുർക്കിയുടെ പ്രതിരോധ മേഖലയിലുള്ളവർക്ക് പരിക്കേറ്റതായും സംശയിക്കപ്പെടുന്നുണ്ട്.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വാതിലിനടുത്ത് പുക മണം, മതിയായ സുരക്ഷയില്ലാതെ വിമാനം പറത്തി; 4 എയര്‍ ഇന്ത്യ പൈലറ്റുമാര്‍ക്ക് ഡിജിസിഎ നോട്ടീസ്
കഫ് സിറപ്പ് വിൽപ്പന: കടുത്ത നിയന്ത്രണത്തിന് കേന്ദ്രം, ഷെഡ്യൂൾ കെ ലിസ്റ്റിൽ നിന്ന് സിറപ്പ് രൂപത്തിലുള്ള മരുന്നുകൾ നീക്കും