
സേലം: സേലത്തെ ഒരു പാലത്തിൽ വെച്ച് ഒരാളെ ആൾക്കൂട്ടം ചേർന്ന് കൊള്ളയടിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ ഞെട്ടിക്കുന്ന വഴിത്തിരിവ്. ഇത് കവർച്ചയായിരുന്നില്ലെന്നും പ്രതികാര നടപടിയായിരുന്നെന്നും പൊലീസ് അറിയിച്ചു. ശനിയാഴ്ച വൈറലായ വീഡിയോയിൽ, മദ്യപിച്ച മൂന്ന് പേർ ഒരാളെ പാലത്തിൽ തടഞ്ഞുനിർത്തി ഫോൺ പിടിച്ചുവാങ്ങുന്നത് കാണാമായിരുന്നു. നടുറോഡിൽ വെച്ച് ഒരാൾ കൊള്ളയടിക്കപ്പെട്ടു എന്നായിരുന്നു ഓൺലൈൻ പ്രചാരണം. എന്നാൽ, അന്വേഷണത്തിന് ശേഷം ഇത് കവർച്ചാ കേസല്ലെന്ന് സേലം ജില്ലാ എസ്‍പി അനിൽ കുമാർ ഗിരി വ്യക്തമാക്കി. ഇതൊരു പ്രൊഫഷണൽ കുറ്റകൃത്യമല്ല. ഒരു പ്രത്യേക ഉദ്ദേശത്തോടെ ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു.
വീഡിയോയിൽ കാണുന്നയാൾ തന്‍റെ പേര് സുരേഷ് എന്നാണ് പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ ഇയാളുടെ യഥാർത്ഥ പേര് ചെന്നൈ സ്വദേശിയായ ബ്രഹ്മനായകം ആണെന്ന് പൊലീസ് കണ്ടെത്തി. ബ്രഹ്മനായകം ഒരു വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടാക്കി ഒരു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചു. പിന്നീട് ഇയാൾ പെൺകുട്ടിയെ ഓൺലൈനിലൂടെ ശല്യം ചെയ്യാൻ തുടങ്ങി.
പെൺകുട്ടി ഈ വിവരം തന്‍റെ സുഹൃത്തും, ഒരു ഓൺലൈൻ ഗെയിമിംഗ് ആപ്പ് വഴി ബ്രഹ്മനായകത്തെ അറിയുന്നയാളുമായ രാമകൃഷ്ണനെ അറിയിച്ചു. പെൺകുട്ടിയെ ശല്യപ്പെടുത്തുന്നത് നിർത്തണമെന്ന് രാമകൃഷ്ണൻ പലതവണ ബ്രഹ്മനായകത്തിന് മുന്നറിയിപ്പ് നൽകിയെങ്കിലും ഇയാൾ അനുസരിച്ചില്ല. ഇതോടെ രാമകൃഷ്ണനും സുഹൃത്തുക്കളും ചേർന്ന് ഒരു പദ്ധതി തയ്യാറാക്കി.
നശിപ്പിച്ചത് അശ്ലീല ചാറ്റുകൾ
രാമകൃഷ്ണനും കൂട്ടുകാരും ഒരു വ്യാജ സോഷ്യൽ മീഡിയ ഐഡി ഉണ്ടാക്കി ബ്രഹ്മനായകത്തെ ചെന്നൈയിലേക്ക് വിളിച്ചു വരുത്തി. അയാൾ എത്തിയപ്പോൾ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി നശിപ്പിച്ച ശേഷം വിട്ടയച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി നടത്തിയ അശ്ലീല ചാറ്റുകളും ചിത്രങ്ങളും നശിപ്പിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യമെന്ന് എസ്‍പി ഗിരി പറഞ്ഞു. ചില സ്ക്രീൻഷോട്ടുകൾ ഞങ്ങൾ കണ്ടിട്ടുണ്ട്, എന്നാൽ ഇപ്പോൾ അത് പങ്കുവെക്കാൻ കഴിയില്ല. അന്വേഷണം തുടരുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം ഊർജ്ജിതമായി തുടരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam