
ചെന്നൈ: ബിജെപി വിട്ട് പുതിയ രാഷ്ട്രീയ മൂവ്മെൻ്റിന് രൂപം നൽകിയ കെ അണ്ണാമലൈയ്ക്ക് പിന്തുണയേറുന്നു. അണ്ണാമലൈയുടെ 'വി ദ ലീഡേഴ്സ്' എന്ന രാഷ്ട്രീയ മൂവ്മെൻ്റിൽ വളണ്ടിയറായി വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം എട്ട് ലക്ഷം പിന്നിട്ടു. ബിജെപി വിടുന്നുവെന്ന പ്രഖ്യാപനത്തിന് പിന്നാലെ ആരംഭിച്ച 'വി ദ ലീഡേഴ്സി'നാണ് മണിക്കൂറുകൾക്കകം ലക്ഷക്കണക്കിന് വളണ്ടിയർമാരെ ആകർഷിക്കാൻ കഴിഞ്ഞത്.
സമൂഹങ്ങളെ ശാക്തീകരിക്കുക, നേതൃത്വഗുണങ്ങൾ വളർത്തുക, പ്രാദേശികതലത്തിൽ അർത്ഥവത്തായ മാറ്റങ്ങൾ കൊണ്ടുവരിക എന്നിവയാണ് 'വി ദ ലീഡേഴ്സി'ൻ്റെ ലക്ഷ്യമെന്ന് വെബ്സൈറ്റിൽ പറയുന്നു. വിദ്യാഭ്യാസം, ആരോഗ്യം, സുസ്ഥിരത, യുവജന നേതൃത്വം എന്നിവയിൽ താൽപര്യമുള്ളവർക്ക് തങ്ങളുടെ ഭാഗമാകാമെന്നാണ് ആഹ്വാനം. പ്രാദേശിക പ്രവർത്തനത്തിലൂടെ മെച്ചപ്പെട്ടൊരു നാളെ കെട്ടിപ്പടുക്കാൻ കൈകോർക്കാമെന്നും വെബ്സൈറ്റിൽ കൂട്ടിച്ചേർത്തു. "നമുക്ക് മുന്നോട്ട് വരാം, കർമ്മനിരതരാകാം, മാറ്റത്തിന്റെ ചാലകശക്തിയാകാം" - എന്നീ വാക്കുകളോടെ ആണ് 'വി ദ ലീഡേഴ്സി'ൻ്റെ വൈബ്സൈറ്റ് ലിങ്ക് അണ്ണാമലൈ എക്സിൽ പങ്കുവെച്ചിരിക്കുന്നത്.
പുതിയ രാഷ്ട്രീയ മൂവ്മെൻ്റിൻ്റെ ഭാഗമായി കോയമ്പത്തൂരിൽ എപിജെ അബ്ദുൾ കലാം സെന്റർ ഫോർ എത്തിക്സ് ആൻ്റ് പൊളിറ്റിക്സ് എന്ന സ്ഥാപനം ആരംഭിക്കുമെന്നും അണ്ണാമലൈ പ്രഖ്യാപിച്ചിട്ടുണ്ട്. 'നമുക്ക് മാറാം, മാറ്റം കൊണ്ടുവരാം' എന്നതാണ് ഈ പ്രസ്ഥാനത്തിന്റെ അടിസ്ഥാന തത്വമെന്നും വ്യക്തിപൂജാ രാഷ്ട്രീയത്തിന് പകരം ജനങ്ങളുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകുന്ന സാധാരണക്കാരന്റെ രാഷ്ട്രീയം കെട്ടിപ്പടുക്കുമെന്നും അണ്ണാമലൈ പറഞ്ഞു. ആരുമായും മത്സരിക്കാനില്ലെന്നും ഭരണകക്ഷിയും പ്രതിപക്ഷ പാർട്ടികളും നയങ്ങൾ പറയട്ടെയെന്നും തങ്ങളുടെ നയങ്ങൾ ഉചിതമായ സമയത്ത് വ്യക്തമാക്കുമെന്നും അണ്ണാമലൈ പറഞ്ഞു.
ദിവസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്ക് വിരാമമിട്ടാണ് ബിജെപി തമിഴ്നാട് മുൻ സംസ്ഥാന അധ്യക്ഷനായിരുന്ന അണ്ണാമലൈ പാർട്ടി വിട്ട് പുതിയ രാഷ്ട്രീയ മൂവ്മെൻ്റ് ആരംഭിക്കുന്നുവെന്ന പ്രഖ്യാപനം സോഷ്യൽ മീഡിയയിലൂടെ നടത്തിയത്. ബിജെപി ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അണ്ണാമലൈ പാർട്ടി വിട്ടത്. അഭിമാനിയായ ഒരു തമിഴനും ഭാരതീയനുമെന്ന തന്റെ വ്യക്തിത്വം നിലനിർത്തി തമിഴ്‌നാടിന്റെ താൽപര്യങ്ങൾക്ക് മുൻഗണന നൽകുന്നത് തുടരുമെന്നാണ് അണ്ണാമലൈയുടെ പ്രതികരണം.
അതേസമയം ദില്ലിയിൽനിന്ന് ചെന്നൈ വിമാനത്താവളത്തിൽ എത്തിയ അണ്ണാമലൈയ്ക്ക് വൻ സ്വീകരണം ലഭിച്ചു. വെള്ളിയാഴ്ച വൈകുന്നേരം വിമാനത്താവളത്തിൽ എത്തിയ അണ്ണാമലൈയെ സ്വീകരിക്കാൻ പുക്കളും ബൊക്കെയുമായി നിരവധി പേർ എത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam