
കാൻപുർ: കാലാവധി കഴിഞ്ഞ ചോക്ലേറ്റുകൾ റോഡരികിലെ മാലിന്യകൂമ്പാരത്തിൽ തള്ളി. പിന്നാലെ ചോക്ലേറ്റുകൾ കൊണ്ടുപോകാൻ എത്തിയത് വൻ ജനക്കൂട്ടം. ഉത്തർപ്രദേശിലെ കാൻപുരിലാണ് സംഭവം. ഇതിന്റെ വീഡിയോദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിൽ വൈറലായി.
കാൻപുരിൽ പ്രവർത്തിക്കുന്ന ചോക്ലേറ്റ് ഫാക്ടറിയിൽനിന്നാണ് എക്സ്പിയറി ഡേറ്റ് കഴിഞ്ഞ ചോക്ലേറ്റുകൾ വൻതോതിൽ ഉപേക്ഷിച്ചത്. ഹൈവേയിലെ മാലിന്യക്കൂമ്പാരത്തിലാണ് നിരവധി കാർട്ടൺ ചോക്ലേറ്റുകൾ തള്ളിയത്. എന്നാൽ, മാലിന്യകൂമ്പാരത്തിൽ ചോക്ലേറ്റുകൾ കണ്ടതോടെ ജനങ്ങൾ ഇത് കൈക്കലാക്കുകയായിരുന്നു. 2024 ആണ് ഈ ചോക്ലേറ്റുകളിൽ രേഖപ്പെടുത്തിയിരുന്ന എക്സ്പിയറി ഡേറ്റ്. കാലാവധി കഴിഞ്ഞ് രണ്ട് കൊല്ലം കഴിഞ്ഞിട്ടും ഇതൊന്നും ഗൗനിക്കാതെയാണ് പലരും ചോക്ലേറ്റുകൾ കൊണ്ടുപോയത്.
സംഭവം സാമൂഹികമാധ്യമങ്ങളിൽ വൈറലായതോടെ പലരും അഭിപ്രായങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. കാലാവധി കഴിഞ്ഞ ചോക്ലേറ്റുകൾ കൈക്കലാക്കാനുള്ള തിക്കും തിരക്കും കണ്ട് പലരും നടുക്കം രേഖപ്പെടുത്തി. അതേസമയം, ചോക്ലേറ്റ് ഫാക്ടറി അധികൃതർ ഇത്തരത്തിൽ റോഡരികിൽ പഴയ ചോക്ലേറ്റുകൾ ഉപേക്ഷിച്ചത് നിയമലംഘനമാണെന്ന് ചില സാമൂഹികപ്രവർത്തകർ ചൂണ്ടിക്കാട്ടി. ഇത് കഴിച്ചാൽ ശാരീരികപ്രശ്നങ്ങളുണ്ടാകുമെന്നും ഇവർ ചൂണ്ടിക്കാട്ടി.
വീഡിയോ വൈറലായതോടെ സംഭവത്തിൽ അന്വേഷണം നടത്താൻ ഉത്തരവിട്ടതായി ഡിസിപി ഖാസിം ആബിദി മാധ്യമങ്ങളോട് പ്രതികരിച്ചു. കാലാവധി കഴിഞ്ഞ ഭക്ഷ്യയോഗ്യമല്ലാത്ത ചോക്ലേറ്റുകൾ ആരും കഴിക്കരുതെന്നും ഇത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നും ഡിസിപി പറഞ്ഞു. ചോക്ലേറ്റുകൾ റോഡരികിൽ ഉപേക്ഷിച്ചതിൽ പ്രാഥമിക അന്വേഷണത്തിന് ശേഷം എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam