ഇന്ത്യൻ ബഹിരാകാശ രംഗത്ത് ഇപ്പോൾ സംഭവിക്കുന്നത് എന്താണ് ?ജി.മാധവൻ നായർ പറഞ്ഞ ‘റെഗുലേറ്റർ’ തന്നെ എക്സിക്യൂട്ടീവുമാകുന്ന അസാധാരണ സാഹചര്യം ഏതാണ് ?ഐഎസ്ആർഒ മുൻ ചെയർമാൻ സ്വകാര്യ ബഹിരാകാശ കമ്പനികളുടെ രംഗപ്രവേശത്തിന് എതിരാണോ ?ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ തേടുകയാണ് അരുൺരാജ്.
ആദ്യ ചോദ്യത്തിനുള്ള ഉത്തരം അതി സങ്കീർണ്ണമാണ്.
ഇത്ര മാത്രം പറയാം, നയമുണ്ടെങ്കിലും നിയമമില്ലാത്ത അസാധാരണ സാഹചര്യമാണ് ഇപ്പോൾ ഇന്ത്യൻ ബഹിരാകാശ രംഗത്തിന്റെ ശാപം. ഇന്ത്യൻ സ്പേസ് ആക്ടിവിറ്റീസ് ബിൽ 2017 പാർലമെൻ്റ് കണ്ടില്ല, അതിനെ അപ്പാടെ പൊളിച്ചുപണിത ഇന്ത്യൻ സ്പേസ് ആക്ടിവിറ്റീസ് ബിൽ 2025 എപ്പോൾ പാർലമെന്റ് കാണുമെന്ന ചോദ്യത്തിന് ഉത്തരം തത്കാലം എൻ്റെ പക്കലില്ല.
അതിനാൽ എളുപ്പമുള്ള ചോദ്യത്തിൽ നിന്ന് തുടങ്ങാം,
സ്വകാര്യ ബഹിരാകാശ കമ്പനികളുടെ കടന്ന് വരവിന് ഐഎസ്ആർഒ എതിര് നിൽക്കുന്നുണ്ടോ എന്ന് ആര് ചോദിച്ചാലും അതിനുത്തരം ഇല്ല എന്നാണ്. സ്വകാര്യ മേഖലയുടെ കടന്നുവരവിനെ ഐഎസ്ആർഒ നേതൃത്വം എതിർക്കുന്നില്ല. എല്ലാ കാലത്തും ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങളുമായും സ്വകാര്യ മേഖലയിലെ പ്രസ്ഥാനങ്ങളുമായും നല്ല ബന്ധമാണ് ഐഎസ്ആർഒ സൂക്ഷിച്ചിട്ടുള്ളത്. എത്രയോ നിർണായക സാങ്കേതിക വിദ്യകൾ ഐഎസ്ആർഒ വികസിപ്പിച്ച് സ്വകാര്യ മേഖലയിലേക്ക് കൈമാറിയിട്ടുമുണ്ട്.
എസ്എൽവി കാലം തൊട്ട് റോക്കറ്റ്, ഉപഗ്രഹ ഘടക നിർമ്മാണത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളും ചെറുകിട-ഇടത്തരം-വൻകിട സ്വകാര്യ കമ്പനികൾ സഹകരിക്കുന്നുണ്ട്. കേരളത്തിൽ തന്നെ കെൽട്രോണടക്കം അസംഖ്യം സ്ഥാപനങ്ങൾ ഇസ്രൊയുമായി ചേർന്ന് പ്രവർത്തിക്കുന്നു. വൻകിടക്കാരിൽ ഗോദ്രേജും, എൽ&ടിയും ഒക്കെ നല്ല ഉദാഹരണമാണ്. പട്ടിക അവിടെ ഒതുങ്ങുന്നതുമല്ല. 2020 വരെ ഐഎസ്ആർഒയ്ക്ക് പുറത്തുള്ള പ്രസ്ഥാനങ്ങൾക്ക് സ്വന്തമായി ഉപഗ്രഹങ്ങൾ നിർമ്മിക്കാനും, റോക്കറ്റുണ്ടാക്കി വിക്ഷേപിക്കാനും എളുപ്പമായിരുന്നില്ല. പ്രത്യേക അനുമതികൾ നേടി ചെറു ഉപഗ്രഹങ്ങൾ നിർമ്മിച്ച് വിക്ഷേപിച്ച സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. ഐഐഎസ്ടി വിദ്യാർത്ഥികൾ പഠനത്തിന്റെ ഭാഗമായി ഒരു ചെറു റോക്കറ്റുണ്ടാക്കി വിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ 2020ലെ പുതിയ ബഹിരാകാശ നയം ആ സാധ്യത പൂർണ്ണമായി സ്വകാര്യ മേഖലയ്ക്ക് തുറന്ന് നൽകി.
തന്ത്രപ്രധാന മേഖലയിലെ ആ മാറ്റത്തിന് സഹായിക്കാനാണ് ഇൻസ്പേസ് എന്ന പുതിയ സംവിധാനം ബഹിരാകാശ വകുപ്പിന് കീഴിൽ രൂപീകരിക്കുന്നത്. ആ ഇൻസ്പേസിൻ്റെ നയവും നയം നടത്തിപ്പുമാണ് ഇപ്പോൾ മാധവൻ നായർ ചോദ്യം ചെയ്യുന്നത്. എന്താണ് പ്രശ്നമെന്ന് വിശദമായി പറഞ്ഞ് തുടങ്ങും മുമ്പ് മൂന്ന് പേരുകൾ നമ്മുക്ക് ഒന്നൂകൂടി പരിചയപ്പെടണം.
ISRO - INDIAN SPACE RESEARCH ORGANISATION
NSIL - NEW SPACE INDIA LTD
INSPACE - INDIAN NATIONAL SPACE PROMOTION AND AUTHORIZATION CENTRE
ഐഎസ്ആർഒ ഇന്ത്യൻ ബഹിരാകാശ ഏജൻസിയും NSIL അതിൻ്റെ വാണിജ്യ വിഭാഗവുമാകുന്നു.
സ്വകാര്യ മേഖലയ്ക്ക് ബഹിരാകാശ ദൗത്യങ്ങൾ നടത്താൻ സഹായിക്കുന്ന സ്വതന്ത്ര ഏകജാലക സംവിധാനവും നോഡൽ ഏജൻസിയുമായാണ് INSPACE വിഭാവനം ചെയ്യപ്പെട്ടത്. വ്യോമയാന രംഗത്ത് ഡിജിസിഎ എന്താണോ ബഹിരാകാശ രംഗത്ത് അതാകേണ്ട സംവിധാനമെന്ന് പറയാം. പക്ഷേ അതിൽ ഘടനാപരമായ മറ്റ് ചില പ്രശ്നങ്ങളുണ്ട്.
ANTRIX Corporation ന് പിൻഗാമിയായി NSIL വരുന്നത് 2019ലാണ്. ബഹിരാകാശ വകുപ്പിന് കീഴിലെ ഈ കമ്പനി വഴിയാണ് ഐഎസ്ആർഒയുടെ റോക്കറ്റുകൾക്ക് വിദേശത്ത് നിന്നും സ്വദേശത്ത് നിന്നും ആവശ്യക്കാരെ കണ്ടെത്തുന്നത് ( കസ്റ്റമേഴ്സിനെ കണ്ടെത്തുന്നത് ). ഉപഗ്രഹ സേവനങ്ങൾ വിൽക്കുന്നതും സാങ്കേതിക വിദ്യ കൈമാറ്റവും എല്ലാം NSILൻ്റെ ജോലിയാണ്. പുതിയ നയപ്രകാരം ഐഎസ്ആർഒ നിർമ്മിച്ച് വിക്ഷേപിച്ച ഭൗമ നിരീക്ഷണ, ആശയവിനിമയ ഉപഗ്രങ്ങളുടെയൊക്കെ ഉടമ NSIL ആണ്. ( മറ്റ് ആവശ്യക്കാർ പണം കൊടുത്ത് വാങ്ങിയവ ഒഴികെ)
സാങ്കേതിക വിദ്യ കൈമാറ്റത്തിന് കൂടി ചുമതലയുള്ള പ്രസ്ഥാനമെന്ന നിലയ്ക്ക് ഇസ്രൊയുടെ റോക്കറ്റ് , ഉപഗ്രഹ സാങ്കേതിക വിദ്യ സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നതിൻ്റെ ഉത്തരവാദിത്വവും ചട്ടപ്രകാരം NSIL നാണ്.
എസ്എസ്എൽവി സാങ്കേതിക വിദ്യ കൈമാറ്റത്തിന് ചുക്കാൻ പിടിച്ചതും, പിഎസ്എൽവിയുടെ കരാർ നിർമ്മാണത്തിന് പിന്നിൽ പ്രവർത്തിച്ചതുമെല്ലാം NSILആണ്. ആ NSILൻ്റെ പണി നമ്മുടെ മൂന്നാമൻ ഏറ്റെടുക്കുന്നതിലാണ് മാധവൻ നായരടക്കമുള്ളവർ എതിർപ്പറിയിക്കുന്നത്
INSPACE ൻ്റെ ഇടപെടലുകൾ
ഐഎസ്ആർഒയുടെ എറ്റവും കരുത്തുറ്റ റോക്കറ്റായ എൽവിഎം 3 യുടെ സാങ്കേതിക വിദ്യ സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ ഇൻസ്പേസ് താൽപര്യപത്രം ക്ഷണിച്ചത് 2026 ജൂൺ 10നാണ്. കുലശേഖരപട്ടണത്ത് ഐഎസ്ആർഒ നിർമ്മിച്ചുകൊണ്ടിരിക്കുന്ന ചെറു റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിൻ്റെ നടത്തിപ്പ് സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ താൽപര്യപത്രം ക്ഷണിച്ചതാകട്ടെ 2026 ആഗസ്റ്റ് 11നും. ഇത് രണ്ടും ഇൻസ്പേസ് ചെയ്യേണ്ട കാര്യമാണോ എന്നത് തന്നെ ചോദ്യമാണ്. രണ്ടാമത്തെ പ്രശ്നം സ്വകാര്യ മേഖലയ്ക്ക് ഇത് എടുത്താൽ പൊങ്ങുന്ന ഭാരമാണോ എന്നതാണ്.
വിക്ഷേപണ വാഹന നിർമ്മാണത്തിൻ്റെ കാര്യമല്ല വിക്ഷേപണ കേന്ദ്ര നടത്തിപ്പിൻ്റെ കാര്യമാണ് ഈ പറയുന്നത്. റോക്കറ്റ് വിക്ഷേപണം അത്യന്തം ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമാണ്. സുരക്ഷയ്ക്കാണ് ആദ്യത്തെയും അവസാനത്തെയും പരിഗണന. വെറും ലോഞ്ച് പാഡ് മാത്രമല്ല ഒരു വിക്ഷേപണ കേന്ദ്രം. കാലാവസ്ഥ നിരീക്ഷണം മുതൽ പറന്ന് പൊങ്ങുന്ന റോക്കറ്റിൻ്റെ ഓരോ ചലനവും ട്രാക്ക് ചെയ്യാനുള്ള റഡാറുകൾ വരെ വേണം. തൂത്തുക്കുടി ജില്ലയിലെ കുലശേഖരപട്ടണത്ത് ഐഎസ്ആർഒ നിർമ്മിച്ച് തുടങ്ങിയത് ചെറു വിക്ഷേപണ വാഹനങ്ങൾക്കായുള്ള ചെറിയ ലോഞ്ച് പാഡാണ്.
എസ്എസ്എൽവിയടക്കമുള്ള റോക്കറ്റുകളാണ് അവിടെ നിന്ന് വിക്ഷേപിക്കാനാകുക. ജിഎസ്എൽവി, എൽവിഎം 3 എന്നീ റോക്കറ്റുകളെ അവിടെ നിന്ന് കൈകാര്യം ചെയ്യാനാകില്ല. ചെറു റോക്കറ്റുകളെ കൈകാര്യം ചെയ്യുമ്പോൾ തന്നെ ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിലെയും തിരുവനന്തപുരം വിഎസ്എസ്‍സിയിലെയും ഒക്കെ ട്രാക്കിംഗ് സ്റ്റേഷനുകളുടെയടക്കം പിന്തുണയില്ലാതെ ജോലി നടക്കില്ല. അങ്ങനെയുള്ളപ്പോൾ ഇസ്രൊക്ക് പുറത്ത് നിന്നുള്ളൊരു കമ്പനി വന്ന് വിക്ഷേപണ കേന്ദ്ര നടത്തിപ്പ് ഏറ്റെടുക്കുന്നതിൽ സാങ്കേതികവും നയപരവും പ്രായോഗികവുമായ പ്രശ്നങ്ങളുണ്ട്. അത് കൊണ്ടാണ് മാധവൻ നായർ ആ തീരുമാനത്തെ മണ്ടത്തരമെന്ന് വിളിച്ചത്.
ഇൻസ്പേസ് ഇങ്ങനെ സാങ്കേതിക വിദ്യയും, സംവിധാനങ്ങളും വിൽക്കാനാണെങ്കിൽ പിന്നെ NSIL എന്തിനാണ് എന്ന ചോദ്യം പലരും പിന്നണിയിൽ ചോദിച്ച് തുടങ്ങിയിട്ട് കാലം കുറച്ചായി. NSILന് സ്ഥിരം മേധാവി ഇല്ലാതായിട്ട് കുറച്ചായെന്ന് കൂടി ഓർമ്മിപ്പിക്കുന്നു. പൊതുമേഖല സ്ഥാപനങ്ങളെ പൂർണ്ണമായി പടിക്ക് പുറത്ത് നിർത്തിയാണ് INSPACEൻ്റെ താൽപര്യപത്ര ക്ഷണങ്ങൾ. സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് പൊതുമേഖലയെ മത്സരത്തിൽ നിന്ന് ഇങ്ങനെ തഴയണോ എന്ന ചോദ്യവും ശക്തം.
ഇൻസ്പേസ് ചെയർമാനാണോ ഐഎസ്ആർഒ ചെയർമാനാണോ വലുത് എന്ന് വരെ പലരും ചോദിച്ച് തുടങ്ങി. ഐഎസ്ആർഒയും NSILഉം ചെയ്തതിൻ്റെ ക്രെഡിറ്റ് ഏറ്റെടുക്കലിന് പുറമേ സ്വകാര്യ കമ്പനികളുടെ വിജയത്തിൻ്റെ പങ്കുപറ്റാനും INSPACE ഓടിയെത്തുന്നതായി കാണാം. എല്ലാ പ്രശ്നങ്ങൾക്കും കാരണം ഇൻസ്പേസാണ് എന്ന് പറയുന്നത് തെറ്റായ സമീപനമാകും. മാധവൻ നായർ അഭിമുഖത്തിൽ പറഞ്ഞത് പോലെ ആദ്യം വേണ്ടത് നയവ്യക്തതയാണ്. ആര് എന്ത് ചെയ്യണമെന്നും ഓരോ സംവിധാനത്തിന്റെയും അധികാരപരിധി എന്താണെന്നും കൃത്യമായി നിശ്ചയിക്കണം, അതിരുകൾ ആരും ലംഘിക്കില്ലെന്ന് ഉറപ്പാക്കണം.
ഇന്ത്യൻ ബഹിരാകാശ മേഖലയുടെ പരമാധികാര സംവിധാനം സ്പേസ് കമ്മീഷനാണ്. ബഹിരാകാശ വകുപ്പ് സെക്രട്ടറിയായ ഐഎസ്ആർഒ ചെയർമാനാണ് സ്പേസ് കമ്മീഷൻ അധ്യക്ഷൻ. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയും, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൾ സെക്രട്ടറിയും, ദേശീയ സുരക്ഷാ ഉപദേഷ്ടാവും മുൻ ഐഎസ്ആർഒ ചെയർമാൻമാരും അടക്കം അംഗങ്ങളായ ആ സംവിധാനമാണ് നയപരമായ കാര്യങ്ങളിലെ അവസാന വാക്ക്. ഇൻസ‍്പേസ് മേധാവിയും ഇപ്പോൾ സ്പേസ് കമ്മീഷൻ അംഗമാണ്.
പക്ഷേ ഒരു അളവ് കോലിലും ആ പദവി ഇസ്രൊ ചെയർമാന് മുകളിലല്ല. അതാരും മറന്ന് പോകരുത്.
സ്പേസ് ആക്ടിവിറ്റീസ് ബിൽ ഉടൻ അവതരിപ്പിക്കണം. അത് രാജ്യത്തിൻ്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതാകണം. ചർച്ചയും കൂടിയാലോചനയുമില്ലാതെ ആ ബിൽ പാർലമെൻ്റെ കടക്കാൻ അനുവദിക്കരുത്. മാധ്യമങ്ങളും, പൊതുജനവും ഐഎസ്ആർഒയെ നയിച്ച മുതിർന്നവരും അക്കാര്യത്തിൽ ജാഗ്രത പുലർത്തണം.
ഭരണപ്രതിപക്ഷ പാർട്ടികൾ പോരടിച്ചും ബഹളംവച്ചും ഈ അവസരം കൈവിട്ട് കളഞ്ഞാൽ ഇന്ത്യയുടെ ഭാവി തന്നെ അപകടത്തിലാകും.

