പൊതുജനാരോഗ്യത്തിന് ഹാനികരം, ഹുക്കയുടെ വിൽപനയും ഉപയോഗവും നിരോധിച്ച് കർണാടക

Published : Feb 08, 2024, 02:18 PM IST
പൊതുജനാരോഗ്യത്തിന് ഹാനികരം, ഹുക്കയുടെ വിൽപനയും ഉപയോഗവും നിരോധിച്ച് കർണാടക

Synopsis

45 മിനിറ്റ് ഹുക്ക ഉപയോഗിക്കുന്നത് 100 സിഗരറ്റുകൾ ഉപയോഗിക്കുന്നതിന് തുല്യമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്

ബെംഗളുരു: ഹുക്കയുടെ വിൽപനയും ഉപയോഗവും നിരോധിച്ച് കർണാടക. കർണാടക ആരോഗ്യ വകുപ്പാണ് ബുധനാഴ്ച സംസ്ഥാനത്ത് ഹുക്ക നിരോധിച്ചത്. പൊതുജനാരോഗ്യം കണക്കിലെടുത്താണ് തീരുമാനമെന്നാണ് ആരോഗ്യ വകുപ്പ് വിശദമാക്കുന്നത്. ഹുക്ക ബാറുകളിൽ അഗ്നി രക്ഷാ മാനദണ്ഡങ്ങളനുസരിച്ചും ഹുക്ക നിരോധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം കൊറമാംഗലയിലെ ഹുക്ക ബാറിലുണ്ടായ അഗ്നിബാധയുടെ പിന്നാലെയായിരുന്നു ഇത്. ഹുക്ക നിരോധിച്ചുകൊണ്ടുള്ള ഉത്തരവിൽ കർണാടക സർക്കാർ വ്യക്തമാക്കുന്നത് ഇങ്ങനെയാണ്.

ഹുക്ക ബാറുകൾ സംസ്ഥാനത്ത് അഗ്നിബാധ അടക്കമുള്ള ദുരന്തങ്ങളുണ്ടാക്കുന്നുണ്ട്. ഹോട്ടലുകളിലും ഭക്ഷണശാലകളിലും ഹുക്ക ഉപയോഗിക്കുന്നത് ഭക്ഷണം കഴിക്കാനെത്തുന്നവരുടെ ആരോഗ്യത്തെ ബാധിക്കുമെന്നും സർക്കാർ വിശദമാക്കുന്നു. ഹുക്കയുടെ വിൽപന, ഉപയോഗം, പുകയില വിമുക്തമെന്ന പേരിൽ ഹുക്ക പരസ്യം ചെയ്യൽ, മറ്റ് രുചികളോട് ഹുക്കയുപയോഗം എന്നിവ ഉൾപ്പെടെ ഹുക്ക സംബന്ധിയായ എല്ലാ വ്യാപാരങ്ങൾക്കുമാണ് വിലക്ക് ബാധകമാവുക. ഉടനടി വിലക്ക് ബാധകമാവുമെന്നും ഉത്തരവ് വ്യക്തമാക്കി. വിലക്ക് മറികടന്ന് വിൽപനയോ ഉപയോഗിക്കുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ കോറ്റ്പാ 2003 നിയമം അനുസരിച്ചും ശിശു സുരക്ഷാ 2015 അനുസരിച്ചും ഭക്ഷ്യ സുരക്ഷാ നിയമം അനുസരിച്ചും അഗ്നിരക്ഷാ നിയമം അനുസരിച്ചും ശിക്ഷിക്കപ്പെടുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകുന്നത്.

ടിബി, മഞ്ഞപ്പിത്തം, കൊവിഡ് അടക്കമുള്ള രോഗങ്ങൾ പടരാൻ ഹുക്കയുടെ ഉപയോഗം കാരണമാകുന്നുണ്ട്. 45 മിനിറ്റ് ഹുക്ക ഉപയോഗിക്കുന്നത് 100 സിഗരറ്റുകൾ ഉപയോഗിക്കുന്നതിന് തുല്യമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. വലിയ അളവിൽ നിക്കോട്ടിനും പല ഫ്ലേവറുകൾ നൽകാനുള്ള പദാർത്ഥങ്ങളിലൂടെ വലിയ രീതിയിൽ കാർബണ്‍ മോണോക്സൈഡും അടങ്ങിയിരിക്കുന്നുവെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ശീതകാല സമ്മേളനത്തിലാണ് കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വരയാണ് സംസ്ഥാനത്തെ ഹുക്ക ഉപയോഗത്തിനെതിരായി ഉടൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടത്. നിയമസഭയിൽ ലഭ്യമാക്കിയ കണക്കുകളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ നാല് വർഷത്തിനിടയിൽ സംസ്ഥാനത്തെ വിവിധ ഹുക്ക ബാറുകൾക്കെതിരായി 100ൽ അധികം കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു