ജമ്മുകശ്മീരില്‍ ക്ഷേത്രത്തിന് തീപിടിച്ചു; ദുരൂഹതയെന്ന് കശ്മീരി പണ്ഡിറ്റുകള്‍, ആരോപണം തള്ളി പൊലീസ്

By Web TeamFirst Published Jan 14, 2022, 10:47 PM IST
Highlights

ക്ഷേത്രത്തില്‍ ചെറിയ തീപിടുത്തമാണ് ഉണ്ടായതെന്നും പ്രാഥമിക അന്വേഷണത്തില്‍ അപകടമാണെന്ന് വ്യക്തമായിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നും കുല്‍ഗാം ജില്ലാ പൊലീസ് മേധാവി ട്വീറ്റ് ചെയ്തു.
 

കുല്‍ഗാം: ജമ്മുകശ്മീരിലെ (Jammu Kashmir) ക്ഷേത്രത്തില്‍ (Temple) തീപിടുത്തം (Fire). സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കശ്മീരി പണ്ഡിറ്റുകള്‍ (Kashmiri Pandits) രംഗത്തെത്തി. എന്നാല്‍ സംഭവം അപകടമാണെന്നും തീ അണച്ച് സ്ഥിതിഗതികള്‍ പൂര്‍വ സ്ഥിതിയിലാക്കിയെന്നും പൊലീസ്(Police)  പറഞ്ഞു. ചെറിയ കേടുപാടുകള്‍ മാത്രമേ സംഭവിച്ചിട്ടുള്ളൂവെന്നും പൊലീസ് വ്യക്തമാക്കി. ദേവ്സര്‍ (Devsar) പ്രദേശത്തെ മാതാ ലളിത ത്രിപുര സുന്ദരി ക്ഷേത്രത്തിലാണ് (Mata Lalita Tripura Sundari temple) വെള്ളിയാഴ്ച പുലര്‍ച്ചെ തീപിടുത്തമുണ്ടായത്. ക്ഷേത്രത്തില്‍ ചെറിയ തീപിടുത്തമാണ് ഉണ്ടായതെന്നും പ്രാഥമിക അന്വേഷണത്തില്‍ അപകടമാണെന്ന് വ്യക്തമായിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നും കുല്‍ഗാം ജില്ലാ പൊലീസ് മേധാവി ട്വീറ്റ് ചെയ്തു. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ സംഭവം ആസൂത്രിതമാണെന്നാണ് കശ്മീരി പണ്ഡിറ്റുകളുടെ വാദം. യാഥാര്‍ഥ്യം മൂടിവെക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും അവര്‍ ആരോപിച്ചു. ഇത്രയും തണുപ്പുള്ള അവസ്ഥയില്‍ തീപിടിക്കാനുള്ള സാധ്യത കുറവാണെന്നാണ് അവരുടെ വാദം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ക്ഷേത്രം സൈന്യം അര്‍ധരാത്രി വൃത്തിയാക്കിയിരുന്നെന്നും ഇതിനിടയിലാകാം തീപിടുത്തമുണ്ടായതെന്നും പൊലീസ് പറഞ്ഞു. ആര്‍മി ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. 

click me!