
ദില്ലി: രാഹുൽ ഗാന്ധിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കാൻ പാർട്ടി അധ്യക്ഷനായ മല്ലികാർജുൻ ഖർഗെ തയ്യാറാകണമെന്ന് ബിജെപി. അരുണാചൽ പ്രദേശിൽ ഇന്ത്യൻ സൈനികർക്ക് ചൈനീസ് സൈനികരുടെ മർദ്ദനമേറ്റെന്ന രാഹുൽ ഗാന്ധിയുടെ പരാമാർശത്തിനെതിരെയാണ് ബിജെപിയുടെ പ്രതികരണം. മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷ സ്ഥാനം ആരുടെയെങ്കിലും റിമോട്ട് നിയന്ത്രണത്തിൽ അല്ലെങ്കിൽ, പ്രതിപക്ഷ പാർട്ടി രാജ്യത്തോടൊപ്പം നിൽക്കുന്നു എങ്കിൽ, അദ്ദേഹം നടത്തിയ രാജ്യത്തിന്റെയും സൈന്യത്തിന്റെയും മനോവീര്യം തകർക്കുന്ന പരാമർശങ്ങളുടെ പേരിൽ, രാഹുൽ ഗാന്ധിയെ പുറത്താക്കണമെന്നും ബിജെപി വക്താവ് ഗൌരവ് ഭാട്ടിയ പറഞ്ഞു.
ചൈന ഉയർത്തുന്ന ഭീഷണിയെ കേന്ദ്രസർക്കാർ നിസാരവത്കരിക്കുകയാണ് എന്നായിരുന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. ചൈന ഇന്ത്യയുമായി യുദ്ധത്തിന് തയ്യാറെടുക്കുകയാണ്, എന്നാൽ നരേന്ദ്ര മോദി സർക്കാർ ഇത് അംഗീകരിക്കുന്നില്ല. "ചൈന ഒരു നുഴഞ്ഞുകയറ്റത്തിനല്ല യുദ്ധത്തിനാണ് തയ്യാറെടുക്കുന്നത്. അവരുടെ രീതി നോക്കൂ.. നമ്മുടെ സർക്കാർ അത് അംഗീകരിക്കുന്നില്ല. കേന്ദ്രസർക്കാർ തന്ത്രങ്ങളിലല്ല, സംഭവങ്ങളിലാണ് പ്രവർത്തിക്കുന്നത്, ചൈന നമ്മുടെ ഭൂമി പിടിച്ചെടുത്തു. അവർ നമ്മുടെ സൈനികരെ മർദ്ദിക്കുന്നു. ചൈനയുടെ ഭീഷണി വ്യക്തമാണ്. അത് അവഗണിക്കുകയും മറച്ചുവെക്കുകയുമാണ് സർക്കാർ ചെയ്യുന്നത്. ലഡാക്കിലും അരുണാചലിലും ചൈന ആക്രമണത്തിന് തയ്യാറെടുക്കുകയാണ്. ഇന്ത്യൻ സർക്കാർ ഉറങ്ങുകയാണെന്നും രാഹുൽ പറഞ്ഞിരുന്നു.
കഴിഞ്ഞയാഴ്ച അരുണാചൽ പ്രദേശിലെ അതിർത്തിയിൽ ചൈന "ഏകപക്ഷീയമായി സ്ഥിതിഗതികൾ മാറ്റാൻ" ശ്രമിച്ചുവെന്ന് സർക്കാർ ദിവസങ്ങൾക്ക് മുമ്പ് പറഞ്ഞിരുന്നു. ചൈനയുടെ ഈ നീക്കം ഇരുരാജ്യങ്ങൾക്കുമിടയിൽ ഉരസലിന് കാരണമാവുകയും ഇരുവശത്തുമുള്ള സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പിന്നീട് ചൈന നീക്കത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ 20 ഇന്ത്യൻ സൈനികരും നാല് ചൈനീസ് സൈനികരും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട 2020 ന് ശേഷമുള്ള ഏറ്റവും ഗൗരവതരമായ സംഗതിയായാണ് കഴിഞ്ഞയാഴ്ച്ചത്തെ തവാങ് സംഘർഷത്തെ വിലയിരുത്തുന്നത്. ടിബറ്റിന്റെ ഭാഗമാണെന്ന് ബെയ്ജിംഗ് അവകാശപ്പെടുന്ന, അരുണാചൽ പ്രദേശിന്റെ നിയന്ത്രണത്തിനായി 1962-ൽ ചൈനയും ഇന്ത്യയും തമ്മിൽ യുദ്ധം നടന്നിട്ടുണ്ട്. ഇവിടം ഇപ്പോഴും ഇരുരാജ്യങ്ങൾക്കുമിടയിൽ തർക്കപ്രദേശമായി നിലനിൽക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam