
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് ഭരണം നഷ്ടപ്പെട്ടതിന് പിന്നാലെ മുൻ മുഖ്യമന്ത്രി മമത ബാനർജി, തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി അടക്കമുള്ള നേതാക്കളെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ അൺഫോളോ ചെയ്ത് കൊൽക്കത്ത പൊലീസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ ഔദ്യോഗിക അക്കൗണ്ടുകൾ കൊൽക്കത്ത പൊലീസ് ഫോളോ ചെയ്തു. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യത്തിൽ വൻ മാറ്റമുണ്ടായതിന് പിന്നാലെയാണ് കൊൽക്കത്ത പൊലീസിൻ്റെ നീക്കം. പ്രധാനമന്ത്രിയുടെ ഓഫീസിൻ്റെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെയും ഔദ്യോഗിക അക്കൗണ്ടുകളും കൊൽക്കത്ത പൊലീസ് ഫോളോ ചെയ്തിട്ടുണ്ട്.
അതേസമയം പശ്ചിമ ബംഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാവിലെ കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് മൈതാനത്തിലാണ് ചടങ്ങ് നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ദേശീയ നേതാക്കളും വിവിധ സംസ്ഥാനങ്ങളിലെ എൻഡിഎ മുഖ്യമന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കും.
വെള്ളിയാഴ്ച ചേർന്ന നിയമസഭാ കക്ഷി യോഗത്തിലാണ് സുവേന്ദു അധികാരിയെ നിയമസഭാ കക്ഷി നേതാവായി ഏകകണ്ഠമായി തെരഞ്ഞെടുത്തത്. ബിജെപിയുടെ കേന്ദ്ര നിരീക്ഷകരായ അമിത് ഷാ, മോഹൻ ചരൺ മാജി എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം നടന്നത്. ഇതിന് പിന്നാലെ സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള സംഘം പശ്ചിമ ബംഗാൾ ഗവർണർ ആർ എൻ രവിയെ കണ്ട് സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിച്ചു. ബിജെപിയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ ബംഗാളിലെ വികസനത്തിനും അടിസ്ഥാന സൗകര്യങ്ങൾക്കും സദ്ഭരണത്തിനും ശ്രദ്ധ നൽകുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam