ബിഹാറിൽ ഐഎഎസ് ഓഫീസർ ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആളെ പിടികൂടി പൊലീസ്. ജമാൽപൂ‍ർ സ്വദേശിയായ മനീഷ് ​ഗുപ്ത ആണ് പിടിയിലായത്. ഇയാളുടെ വീട്ടിൽനിന്ന് ആഡംബര കാറുകളടക്കം പിടിച്ചെടുത്തു.

പാറ്റ്ന: ബിഹാറിൽ ഐഎഎസ് ഓഫീസർ ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ. ഖഗാരിയ ജില്ലയിലെ ജമാൽപൂ‍ർ സ്വദേശിയായ മനീഷ് ​ഗുപ്ത ആണ് അറസ്റ്റിലായത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി അടുപ്പമുണ്ടെന്ന വ്യാജേന ആയിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. പ്രതിയുടെ വീട്ടിൽനിന്ന് ടെസ്‍ല കാർ, എസ്‍‌യുവി, 31 ലിറ്ററിലധികം വിദേശ മദ്യം, ആഡംബര സാധനങ്ങൾ എന്നിവ കണ്ടെടുത്തു.

ഞായറാഴ്ച പൊലീസിന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇയാളുടെ വീട് കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് ആണ് മനീഷ് ​ഗുപ്തയെ കസ്റ്റഡിയിലെടുത്തത്. ഉന്നത സർക്കാർ ഉദ്യോ​ഗസ്ഥനാണെന്ന് പരിചയപ്പെടുത്തി ഇയാൾ സംസ്ഥാനത്തിൻ്റെ വിവിധ ഭാ​ഗങ്ങളിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ടെസ്‍ല, ടാറ്റാ സഫാരി എന്നീ വാ​ഹനങ്ങളാണ് ഇയാളുടെ വീട്ടിൽനിന്ന് പിടിച്ചെടുത്തത്.

സെൽഫ് ഡ്രൈവിങ് ഫീച്ചറുള്ള ടെസ്‍ല കാറിൽ ​'ഗവൺമെൻ്റ് ഓഫ് ഇന്ത്യ' ബോർഡ് വെച്ചിരുന്നതായി പൊലീസ് കണ്ടെത്തി. പിടിച്ചെടുത്ത മദ്യത്തിൽ ഭൂരിഭാഗവും ബിയറാണ്. അഞ്ച് ഐഫോണുകളും 20 ക്രെഡിറ്റ് കാർഡുകളും എട്ട് ഡെബിറ്റ് കാർഡുകളും നാല് ചെക്ക് ബുക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. സെൽഫ് ഡ്രൈവിങ് ഫീച്ചറുള്ള ടെസ്‍ല കാർ ഇന്ത്യയിൽ അപൂർവമാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ വീട്ടിൽനിന്ന് മാനിൻ്റെ രണ്ട് കൊമ്പുകൾ പിടിച്ചെടുത്തതായും ഇത് വന്യജീവി സംരക്ഷണ നിയമപ്രകാരം കുറ്റകരമാണെന്നും പൊലീസ് അറിയിച്ചു.

അതേസമയം ചോദ്യംചെയ്യലിനിടെ പ്രതി പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും ശ്രമം നടത്തി. താൻ അജിത് ഡോവലിന് കീഴിൽ അണ്ടർകവർ ഏജൻ്റായി ജോലി ചെയ്യുന്ന ആളാണെന്ന് അവകാശപ്പെട്ട ഇയാൾ, കേന്ദ്ര വിജിലൻസ് കമ്മീഷൻ്റെ വിവരങ്ങൾ ഉൾപ്പെടുന്ന കാർഡും കാണിച്ചു. ഐഎഎസ് ഓഫീസർ എന്ന് രേഖപ്പെടുത്തിയ ഐഡന്റിറ്റി കാർഡും പ്രതി പൊലീസിനെ കാണിച്ചു. പ്രാഥമിക അന്വേഷണത്തിൽ പ്രതിയുടെ അവകാശവാദങ്ങളെല്ലാം കളവാണെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

മനീഷ് ഗുപ്തയുടെ സമ്പാദ്യവും സ്വത്തുക്കളും പൊലീസ് പരിശോധിച്ചു വരികയാണ്. ഇവ തട്ടിപ്പ് നടത്തി സമ്പാദിച്ചതാണോയെന്നാണ് പരിശോധിക്കുന്നത്. ബിഹാർ പൊലീസിന്റെ ഇക്കണോമിക് ഓഫൻസസ് യൂണിറ്റ് അടക്കം വിവിധ ഏജൻസികളുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.