
ഗാങ്ടോക്ക്/കോട്ടയം: സിക്കിമിൽ നിർമ്മാണത്തിലിരുന്ന തുരങ്കത്തിലുണ്ടായ വൻ മണ്ണിടിച്ചിലിൽ കാണാതായവരിൽ മലയാളിയും. നാഷണൽ ഹൈഡ്രോ പവർ കോർപറേഷനിലെ (എൻഎച്ച്പിസി) സീനിയർ മാനേജരായ ജിയോളജിസ്റ്റ് കോട്ടയം പാമ്പാടി സ്വദേശി അനീഷ് മോഹനെയാണ് കാണാതായത്. 16 വർഷമായി എൻഎച്ച്പിസി ഉദ്യോഗസ്ഥനാണ് അനീഷ്. അനീഷിൻ്റെ കുടുംബാംഗങ്ങൾ അപകടസ്ഥലത്തേക്ക് തിരിച്ചു.
ഹരിയാനയിലായിരുന്ന അനീഷിന് ഏഴ് മാസം മുൻപാണ് സിക്കിം യൂണിറ്റ് മാനേജറായി സ്ഥലംമാറ്റം ലഭിച്ചത്. ഹരിയാനയിൽ കുടുംബസമേതമായിരുന്നു അനീഷ് താമസിച്ചിരുന്നത്. അനീഷിന് സ്ഥലംമാറ്റം ലഭിച്ചതിനെ തുടർന്ന് ഭാര്യയും മക്കളും നാട്ടിലേക്ക് വരികയായിരുന്നു. ഭാര്യയും ഭാര്യയുടെ സഹോദരനും അനീഷൻ്റെ സഹോദരനുമാണ് സിക്കിമിലേക്ക് തിരിച്ചത്. ദില്ലിയിൽ എത്തിയ മൂവരെയും എൻഎച്ച്പിസി അധികൃതർ വിമാനമാർഗം സിക്കിമിൽ എത്തിച്ചു. സിഗ്നലിൻ്റെ അടക്കം പ്രശ്നമുള്ളതിനാൽ തെരച്ചിലിന് പ്രായോഗിക ബുദ്ധിമുട്ടുകൾ നേരിടുന്നതായി അനീഷൻ്റെ സഹോദരൻ സുഹൃത്തുക്കളെ അറിയിച്ചു.
സിക്കിമിലെ നാംചി ജില്ലയിലുള്ള സമർദുങ്ങിൽ എൻഎച്ച്പിസിയുടെ തീസ്ത സ്റ്റേഞ്ച് 6 ഹൈഡ്രോ പവർ പ്രോജക്ടിന് വേണ്ടിയുള്ള തുരങ്കപാത നിർമ്മാണത്തിനിടെ ആണ് മീഥെയിൻ വാതക സ്ഫോടനത്തിന് പിന്നാലെ മണ്ണിടിച്ചിൽ ഉണ്ടായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ആണ് അപകടം. സംഭവത്തിൽ ഇതുവരെ 20 പേർ മരിച്ചു.
പശ്ചിമ ബംഗാൾ, പഞ്ചാബ്, അസം, ഉത്തരഖണ്ഡ് സ്വദേശികളാണ് മരണപ്പെട്ടത്. അനീഷ് അടക്കം കാണാതായ അഞ്ചുപേർക്കായി രക്ഷാപ്രവർത്തനം ഊർജിതമാണ്. പശ്ചിമ ബംഗാളിൽനിന്ന് മൈനിങ് സേഫ്റ്റി ടീമും രക്ഷാപ്രവർത്തനത്തിന് എത്തിച്ചേർന്നിട്ടുണ്ട്. സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാങ്, ഗവർണർ ഓം പ്രകാശ് മാത്തൂർ തുടങ്ങിയവർ ചൊവ്വാഴ്ച അപകടസ്ഥലം സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി. സംഭവം ഉന്നതതല സമിതി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാന സർക്കാർ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നാലുലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു. അപകടത്തെ തുടർന്ന് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് സാഹചര്യം വിലയിരുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam