
കൊൽക്കത്ത: മന്ത്രി പാർത്ഥ ചാറ്റർജിയുടെ അറസ്റ്റ് മമതയ്ക്ക് എതിരായ ആയുധമാക്കി ബിജെപി. ബംഗാൾ മന്ത്രിയുടെ അറസ്റ്റിൽ മമത പുലർത്തി പോരുന്ന മൗനം കുറ്റസമ്മതമെന്ന് ബിജെപി. പാർത്ഥയിൽ നിന്ന് അകലാൻ മമത ശ്രമിച്ചാലും ഇരുവരും തമ്മിലുള്ള ബന്ധം പകൽ പോലെ വ്യക്തമാണെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ പറഞ്ഞു. അതേസമയം ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയ പാർത്ഥ ചാറ്റർജിയെ സൈനിക ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇഡി കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചു. പാർത്ഥ ചാറ്റർജിയുടെ ആരോഗ്യസ്ഥതിയിലും ആശുപത്രിയിലെ ചികിത്സയിലും സംശയം പ്രകടിപ്പിച്ചാണ് ഇഡിയുടെ നീക്കം.
തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ വ്യവസായ - വിദ്യാഭ്യാസമന്ത്രിയുമായ പാർത്ഥ ചാറ്റർജിയുടെ (Partha Chatterjee) സുഹൃത്ത് അർപിത മുഖർജിയുടെ വസതിയിൽ ഇഡി നടത്തിയ റെയ്ഡിൽ 20 കോടിയോളം രൂപയുടെ കറൻസിയാണ് കണ്ടെടുത്തത്. പശ്ചിമ ബംഗാൾ സ്കൂൾ സർവീസ് കമ്മീഷൻ, പശ്ചിമ ബംഗാൾ പ്രൈമറി എജ്യുക്കേഷൻ ബോർഡ് എന്നിവയിലെ റിക്രൂട്ട്മെന്റ് അഴിമതിയുമായി ബന്ധപ്പെട്ട വിവിധയിടങ്ങളിൽ ഇഡി നടത്തിയ പരിശോധയിലാണ് വൻതുക കണ്ടെത്തിയത്. കണ്ടെത്തിയ തുക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് ലഭിച്ച വരുമാനമാണെന്ന നിഗമനത്തിലാണ് ഇഡി.
കണ്ടെത്തിയ തുകയുടെ കൃത്യമായ മൂല്യമറിയാൻ ബാങ്ക് ഉദ്യോഗസ്ഥരേയും ക്യാഷ് കൌണ്ടിംഗ് മെഷീനും ഉപയോഗിച്ചാണ് ഇഡി കണക്കെടുപ്പ് നടത്തിയത്. അർപിത മുഖർജിയുടെ വസതിയിൽ നിന്നും ഇരുപതിലധികം മൊബൈൽ ഫോണുകളും കണ്ടെടുത്തിട്ടുണ്ട്. ഫോണുകൾ കേന്ദ്രീകരിച്ച് പരിശോധന തുടരുകയാണെന്ന് ഇഡി അറിയിച്ചു.
വിദ്യാഭ്യാസ സഹമന്ത്രി പരേഷ് അധികാരിയുടെ കൂച്ച് ബിഹാർ ജില്ലയിലെ വസതിയിലും ഇഡി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയിരുന്നു. എസ്എസ്‌സി റിക്രൂട്ട്‌മെന്റ് അഴിമതി കേസിൽ രണ്ട് മന്ത്രിമാരെ സിബിഐയും മണിക്കൂറുകളോളം ചോദ്യം ചെയ്തു.