Asianet News MalayalamAsianet News Malayalam

ബംഗാൾ മന്ത്രിയുടെ സുഹൃത്തിൻ്റെ വീട്ടിൽ നിന്നും ഇരുപത് കോടി പിടിച്ചെടുത്ത് ഇഡി

അർപിത മുഖർജിയുടെ വസതിയിൽ നിന്നും ഇരുപതിലധികം മൊബൈൽ ഫോണുകളും കണ്ടെടുത്തിട്ടുണ്ട്.  ഫോണുകൾ കേന്ദ്രീകരിച്ച് പരിശോധന തുടരുകയാണെന്ന് ഇഡി അറിയിച്ചു. 

Rs 20 crore in cash found at home of Trinamool minister Partha Chatterjees aide
Author
കൊൽക്കത്ത, First Published Jul 22, 2022, 10:16 PM IST

കൊൽക്കത്ത: ബംഗാൾ മന്ത്രിയുടെ സുഹൃത്തിൻ്റെ വീട്ടിൽ നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡി നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് ഇരുപത് കോടി രൂപ. തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ വ്യവസായ - വിദ്യാഭ്യാസമന്ത്രിയുമായ പാർത്ഥ ചാറ്റർജിയുടെ (Partha Chatterjee) സുഹൃത്ത് അർപിത മുഖർജിയുടെ വസതിയിൽ ഇഡി നടത്തിയ റെയ്ഡിലാണ് 20 കോടിയോളം രൂപയുടെ കറൻസി കണ്ടെടുത്തത്. പശ്ചിമ ബംഗാൾ സ്കൂൾ സർവീസ് കമ്മീഷൻ, പശ്ചിമ ബംഗാൾ പ്രൈമറി എജ്യുക്കേഷൻ ബോർഡ് എന്നിവയിലെ റിക്രൂട്ട്മെന്റ് അഴിമതിയുമായി ബന്ധപ്പെട്ട വിവിധയിടങ്ങളിൽ ഇഡി നടത്തിയ പരിശോധയിലാണ് വൻതുക കണ്ടെത്തിയത്. കണ്ടെത്തിയ തുക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് ലഭിച്ച വരുമാനമാണെന്ന നിഗമനത്തിലാണ് ഇഡി. 

കണ്ടെത്തിയ തുകയുടെ കൃത്യമായ മൂല്യമറിയാൻ ക്യാഷ് കൗണ്ടിംഗ് മെഷീനുകൾ ഉപയോഗിച്ച് കണക്കെടുപ്പ് തുടങ്ങിയിട്ടുണ്ട്. ഇതിനായി ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായവും ഇഡി തേടി. അർപിത മുഖർജിയുടെ വസതിയിൽ നിന്നും ഇരുപതിലധികം മൊബൈൽ ഫോണുകളും കണ്ടെടുത്തിട്ടുണ്ട്.  ഫോണുകൾ കേന്ദ്രീകരിച്ച് പരിശോധന തുടരുകയാണെന്ന് ഇഡി അറിയിച്ചു. 

വിദ്യാഭ്യാസ സഹമന്ത്രി പരേഷ് അധികാരിയുടെ കൂച്ച് ബിഹാർ ജില്ലയിലെ വസതിയിലും ഇഡി ഉദ്യോഗസ്ഥർ റെയ്ഡ് ആരംഭിച്ചിട്ടുണ്ട്. എസ്എസ്‌സി റിക്രൂട്ട്‌മെന്റ് അഴിമതി കേസിൽ രണ്ട് മന്ത്രിമാരെയും സിബിഐ മണിക്കൂറുകളോളം ചോദ്യം ചെയ്തു.

മമതാ സര്‍ക്കാരിലെ വാണിജ്യ, വ്യവസായ, പാർലമെന്ററി കാര്യ, ഇലക്ട്രോണിക്‌സ് & ഐടി വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയാണ് പാര്‍ത്ഥ ചാറ്റര്‍ജി. വിദ്യാഭ്യാസ ചുമതലയുള്ള മുൻ മന്ത്രി; ശ്രീ പരേഷ് സി അധികാരി, പശ്ചിമ ബംഗാൾ സർക്കാർ വിദ്യാഭ്യാസ സഹമന്ത്രി ശ്രീ മണിക് ഭട്ടാചാര്യ, പശ്ചിമ ബംഗാൾ പ്രൈമറി എജ്യുക്കേഷൻ ബോർഡ് മുൻ പ്രസിഡൻറ്, പാർത്ഥ ചാറ്റർജിയുടെ സുഹൃത്തായ അര്‍പിത മുഖര്‍ജി. ബോര്‍ഡ് ഉദ്യോഗസ്ഥരായ പികെ ബന്ദോപാധ്യായ, സുകാന്ത ആചാരി, ചന്ദൻ മൊണ്ടൽ. അനധികൃത നിയമനങ്ങൾക്ക് ഇടനിലക്കാരനായി പ്രവര്‍ത്തിച്ച ഏജൻ്റ് കല്യാൺമയ് ഭട്ടാചാര്യ, പശ്ചിമ ബംഗാൾ സെൻട്രൽ സ്കൂൾ സർവീസ് കമ്മീഷൻ ഉപദേശകൻ ഡോ. എസ്. പി. സിൻഹ, കമ്മിറ്റിയുടെ കൺവീനർ കല്യാൺമോയ് ഗാംഗുലി, പശ്ചിമ ബംഗാൾ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷന്റെ മുൻ പ്രസിഡന്റ് സൗമിത്ര സർക്കാർ, പശ്ചിമ ബംഗാൾ സെൻട്രൽ സ്കൂൾ സർവീസ് കമ്മീഷൻ മുൻ പ്രസിഡൻ്റും സ്കൂൾ വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുമായ ശ്രീ അലോക് കുമാർ സർക്കാ‍ര്‍ എന്നിവരുടെ വീടുകളിലും ഓഫീസുകളിലും ഇഡി ഇപ്പോൾ പരിശോധന നടത്തുന്നുണ്ട്. ഇവിടങ്ങളിൽ നിന്നും സാമ്പത്തിക ഇടപാടുകൾ അടക്കം നിരവധി രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങൾ, വിദേശ കറൻസി, സ്വർണം എന്നിവയും ഇഡി കണ്ടെടുത്തിട്ടുണ്ട്.

ബംഗാൾ സര്‍ക്കാരിലെ ഗ്രൂപ്പ് 'സി' & 'ഡി' സ്റ്റാഫ്, ഒമ്പത്-പന്ത്രണ്ടാം ക്ലാസുകളിലെ അസിസ്റ്റന്റ് ടീച്ചർമാർ, പ്രൈമറി അധ്യാപകർ എന്നിവരുടെ റിക്രൂട്ട്‌മെന്റ് അഴിമതിയെക്കുറിച്ച് അന്വേഷണം നടത്താൻ കൊൽക്കത്ത ഹൈക്കോടതി നേരത്തെ സിബിഐയോട് നിര്‍ദേശിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios