
ഭോപ്പാൽ: കമിതാക്കളായ യുവാവിനെയും യുവതിയെയും കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മധ്യപ്രദേശിലെ അശോക്നഗറിലാണ് സംഭവം. അശോക് നഗർ സ്വദേശികളായ ഋതിക് സോണി (26), മസ്കൻ(24) എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ നിർത്തിയിട്ട കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. സംഭവം കൊലപാതകമാണോ ആത്മഹത്യയാണോ എന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.
കാറിലെ ഡ്രൈവർ സീറ്റിൽ തലയിൽ വെടിയേറ്റ നിലയിലായിരുന്നു ഋതിക് സോണിയുടെ മൃതദേഹം. യുവാവിന്റെ മുഖത്ത് പൊള്ളലേറ്റ പാടുകളുമുണ്ട്. തൊട്ടടുത്ത സീറ്റിൽ കഴുത്തറത്ത നിലയിലായിരുന്നു മസ്കന്റെ മൃതദേഹം. കാറിൽനിന്ന് ഒരു പിസ്റ്റളും രക്തംപുരണ്ടനിലയിൽ ഒരു കോടാലിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കാർ നിർത്തിയിട്ടതിന് അൻപതുമീറ്റർ അകലെയായി മൂന്ന് മൊബൈൽ ഫോണുകളും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
ബുധനാഴ്ച വൈകീട്ടോടെ വീട്ടിൽനിന്ന് ജിംനേഷ്യത്തിലേക്ക് പോയ മസ്കനെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാർ നേരത്തേ പരാതി നൽകിയിരുന്നു. തുടർന്ന് യുവതിക്കായി പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് യുവാവിനൊപ്പം കാറിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ഋതിക്കും മസ്കനും നേരത്തേ ഇൻഡോറിലെ ഒരു സ്വകാര്യ കമ്പനിയിൽ ഒരുമിച്ച് ജോലിചെയ്തിരുന്നവരാണെന്ന് പൊലീസ് പറഞ്ഞു. ഇൻഡോറിൽ ജോലിചെയ്യുന്ന ഋതിക് 15 ദിവസം മുൻപാണ് നാട്ടിൽ തിരിച്ചെത്തിയതെന്നും വീട്ടുകാർ മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും യുവാവിന്റെ വീട്ടുകാർ ആവശ്യപ്പെട്ടു.
പൊലീസും ഫൊറൻസിക് സംഘവും സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതോടെ മരണവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നും പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam