
ജയ്പൂർ: കനത്ത മഴയിൽ മൊബൈൽ ഫോൺ നഷ്ടപ്പെട്ടതിനെ തുടർന്ന് യുവാവ് പൊട്ടിക്കരയുന്ന ദൃശ്യങ്ങൾ വേദനയാകുന്നു. ജയ്പൂരിലെ രാംനിവാസ് ബാഗ് പ്രദേശത്താണ് സംഭവം. മഴവെള്ളം കെട്ടിക്കിടന്ന റോഡിൽ വീണാണ് യുവാവിന് ഫോൺ നഷ്ടപ്പെട്ടത്. മോശം ഡ്രെയിനേജ് സംവിധാനം കാരണം രാംനിവാസ് ബാഗ് പരിസരത്ത് മഴവെള്ളം കെട്ടിനിൽക്കുന്നത് പതിവാണ്.
തന്‍റെ ആക്ടീവയിൽ സഞ്ചരിക്കുകയായിരുന്ന ഹൽദാർ എന്ന യുവാവ് കെട്ടിക്കിടന്ന വെള്ളത്തിൽ തെന്നിവീഴുകയായിരുന്നു. വീഴ്ചയിൽ ഇയാളുടെ മൊബൈൽ ഫോൺ വെള്ളത്തിലേക്ക് തെറിച്ചുപോവുകയും കാണാതാവുകയും ചെയ്തു. മൊബൈൽ ഫോൺ നഷ്ടപ്പെട്ടതിന്‍റെ സങ്കടത്തിൽ ഹൽദാർ ഏറെ നേരം ചെളി നിറഞ്ഞ വെള്ളത്തിൽ ഫോണിനായി തിരഞ്ഞു.
എന്നാൽ കണ്ടെത്താനായില്ല. നിരാശയും ദേഷ്യവും താങ്ങാനാവാതെ വന്നതോടെ ഇയാൾ പൊട്ടിക്കരയുകയായിരുന്നു. മോശം അടിസ്ഥാന സൗകര്യങ്ങളെയും സംവിധാനങ്ങളെയും ശപിച്ചുകൊണ്ടാണ് യുവാവ് കരഞ്ഞത്. ഈ ദൃശ്യങ്ങൾ ഒരാൾ മൊബൈലിൽ പകർത്തുകയും പിന്നീട് ഇത് സാമൂഹിക മാധ്യമങ്ങളിൽ അതിവേഗം പ്രചരിക്കുകയുമായിരുന്നു. രാംനിവാസ് ബാഗിന് സമീപമുള്ള റോഡിന് ഒരു വശത്ത് ചരിവുണ്ടെന്നും, മോശം ഡ്രെയിനേജ് കാരണം മഴ പെയ്യുമ്പോൾ ഇവിടെ വെള്ളക്കെട്ട് രൂക്ഷമാകാറുണ്ടെന്നും പ്രദേശവാസികൾ പറയുന്നു.