
ന്യൂഡൽഹി: മൊബൈൽ ഫോണും വിലപിടിപ്പുള്ള സാധനങ്ങളും തട്ടിയെടുക്കാൻ ശ്രമിച്ച കുട്ടികളെ പ്രതിരോധിക്കുന്നതിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. ഡൽഹിയിലാണ് സംഭവം. എങ്ങനെ മരണം സംഭവിച്ചുവെന്നറിയാതെ കുഴങ്ങിയ പൊലീസ് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് സംഭവത്തിന്റെ ചുരുളഴിച്ചത്. ഒടുവിൽ മൂന്ന് പേരും പിടിയിലാവുകയും ചെയ്തു.
ഏതാനുംദിവസം മുമ്പ് ദീപ് ചന്ദ് ബന്ധു ആശുപത്രിയിൽ നിന്ന് രാത്രി പത്ത് മണിയോടെ അശോക് വിഹാർ പൊലീസ് സ്റ്റേഷനിൽ ഒരു ഫോൺ കോൾ ലഭിച്ചു. കുത്തേറ്റ നിലയിൽ അമിത് കുമാർ എന്നൊരാളെ ആശുപത്രിയിൽ എത്തിച്ചുവെന്നായിരുന്നു സന്ദേശം. പൊലീസ് സ്ഥലത്തെത്തി അന്വേഷിച്ചപ്പോൾ ആരാണ് കുത്തിയതെന്ന് വ്യക്തമായിരുന്നില്ല. നെഞ്ചിന്റ വലത് ഭാഗത്ത് ആഴത്തിലുള്ള രണ്ട് മുറിവുകളുണ്ടായിരുന്നു. ചികിത്സയിലിരിക്കെ യുവാവ് മരിക്കുകയും ചെയ്തു. ദൃക്സാക്ഷികളെ മറ്റ് തെളിവുകളോ ആദ്യ ഘട്ടത്തിൽ ലഭ്യമല്ലാതിരുന്നതിനാൽ അജ്ഞാത വ്യക്തികളുടെ കുത്തേറ്റ് മരിച്ചു എന്ന തരത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
പൊലീസ് പ്രദേശത്തെ വിപുലമായ അന്വേഷണം നടത്തി. പരിസരത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. പ്രാദേശിക തലത്തിൽ ചിലരിൽ നിന്ന് കിട്ടിയ നിർണായക വിവരങ്ങളാണ് പ്രതികളിലേക്ക് എത്താൻ പൊലീസിനെ സഹായിച്ചത്. ചോദ്യം ചെയ്യലിൽ മൂന്ന് കുട്ടികളും കുറ്റം സമ്മതിച്ചു. യുവാവിന്റെ മൊബൈൽ ഫോൺ തട്ടിയെടുക്കാൻ ശ്രമിച്ചെന്നും തടഞ്ഞപ്പോൾ കുത്തുകയായിരുന്നുവെന്നും ഇവർ മൊഴി നൽകി.
മൊബൈൽ ഫോണിന് പുറമെ കൈവശമുണ്ടായിരുന്ന വിലയേറിയ മറ്റ് സാധനങ്ങളും കൈക്കലാക്കി. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും മരിച്ച യുവാവിന്റെ പഴ്സും ഐഡി കാർഡും ഇവരിൽ നിന്ന് പിടിച്ചെടുത്തു.എളുപ്പത്തിൽ പണമുണ്ടാക്കുന്നതിനും ആഡംബര ജീവിതം നയിക്കാനും വേണ്ടിയാണ് മോഷണം തെരഞ്ഞെടുത്തതെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam