രാമക്ഷേത്രത്തിലെ കാണിക്കമോഷണം: സിസിടിവിയുടെ ബ്ലൈൻഡ് സ്പോട്ടുകൾ മനപാഠം, ശുചിമുറിയിൽ നിന്ന് കാണിക്കപ്പണം അവസരത്തിന് അനുസരിച്ച് പുറത്ത് കടത്തി

Published : Jul 01, 2026, 12:02 PM IST
ram temple ayodhya

Synopsis

കാണിക്കപ്പണം എണ്ണുന്ന മുറിയിലെ സിസിടിവി ക്യാമറകളുടെ സ്ഥാനം തങ്ങൾക്ക് കൃത്യമായി അറിയാമായിരുന്നെന്നും അവയുടെ പരിധിയിൽ വരാത്ത ബ്ലൈൻഡ് സ്പോട്ടുകൾ മുതലെടുത്താണ് പണം അപഹരിച്ചതെന്നും അവിനാശ് ശുക്ള

ലക്നൌ: കാണിക്കപ്പണം എണ്ണിയിരുന്നത് സിസിടിവിയുടെ ബ്ലൈൻഡ് സ്പോട്ടുകളിൽ നിന്ന്. മോഷ്ടിച്ച പണം ശുചിമുറിയിൽ ഒളിപ്പിച്ച ശേഷം സൌകര്യം അനുസരിച്ച് പുറത്ത് എത്തിക്കുന്നതായിരുന്നു പതിവെന്ന് അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയിലെ പ്രതികളിലൊരാൾ. പ്രധാനപ്രതിയായ അവനാശ് ശുക്ളയെ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരങ്ങൾ പുറത്ത് വന്നത്. കോടതിയുടെ പ്രത്യേക അനുമതിയോടെ പ്രതിയായ അവിനാഷ് ശുക്ലയെ ചൊവ്വാഴ്ച പോലീസ് രണ്ട് മണിക്കൂറോളം വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കോടിക്കണക്കിന് രൂപയുടെ മോഷണം നടത്തിയതിന്റെ ചുരുളഴിഞ്ഞത്. കാണിക്കപ്പണം എണ്ണുന്ന മുറിയിലെ സിസിടിവി ക്യാമറകളുടെ സ്ഥാനം തങ്ങൾക്ക് കൃത്യമായി അറിയാമായിരുന്നെന്നും അവയുടെ പരിധിയിൽ വരാത്ത ബ്ലൈൻഡ് സ്പോട്ടുകൾ മുതലെടുത്താണ് പണം അപഹരിച്ചതെന്നും പ്രതി സമ്മതിച്ചു. മോഷ്ടിച്ച പണം ആരുടെയും ശ്രദ്ധയിൽപ്പെടാത്ത വിധം താൽക്കാലികമായി ശുചിമുറികളിൽ ഒളിപ്പിച്ചു വെക്കുകയും പിന്നീട് അവസരം ലഭിക്കുന്നതിനനുസരിച്ച് സുരക്ഷിതമായി പുറത്തേക്ക് കടത്തുകയുമായിരുന്നു ഇവരുടെ രീതി.

കാണിക്കപ്പണം എണ്ണുന്ന മുറിയുടെ രണ്ട് താക്കോലുകളിൽ ഒന്ന് കേസിലെ മറ്റൊരു പ്രതിയായ ടിന്നു യാദവിന്റെ കൈവശമായിരുന്നു ഉണ്ടായിരുന്നത്. രണ്ടാമത്തെ താക്കോൽ ബാങ്ക് ജീവനക്കാരുടെ പക്കലുമായിരുന്നു. വളരെ ആസൂത്രിതമായി ഒരു കൂട്ടായ്മ പോലെയാണ് പ്രതികൾ ഈ തട്ടിപ്പ് നടത്തിയത്. സംഘത്തിലെ ഒരാൾ പണം മോഷ്ടിക്കുമ്പോൾ മറ്റുള്ളവർ അയാൾക്ക് ചുറ്റും ഒരു സുരക്ഷാ വലയം തീർത്ത് ക്യാമറകളുടെയും മറ്റുള്ളവരുടെയും നോട്ടത്തിൽ നിന്നും മറച്ചുപിടിക്കുകയായിരുന്നു ചെയ്തിരുന്നത്. ക്ഷേത്ര സമുച്ചയത്തിനുള്ളിലെ ക്യാമറകൾ ഒരു കൺട്രോൾ റൂം വഴി നിരീക്ഷിക്കുന്നുണ്ടായിരുന്നെങ്കിലും, സുരക്ഷാ ജീവനക്കാർ ഇവരുടെ ചലനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാതിരുന്നതും പ്രതികൾക്ക് സഹായകരമായി. കൂടാതെ ക്ഷേത്ര ട്രസ്റ്റുമായി അടുത്ത ബന്ധമുള്ളവരായതിനാൽ ആരും തങ്ങളെ സംശയിച്ചിരുന്നില്ലെന്നും ചോദ്യം ചെയ്യലിൽ പ്രതി വെളിപ്പെടുത്തി. ഈ രീതിയിൽ മോഷ്ടിച്ചെടുത്ത പണം ഉപയോഗിച്ച് പ്രതികൾ ഭൂമിയും വീടും വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. നിലവിൽ പോലീസ് ഇവരുടെ സാമ്പത്തിക ഇടപാടുകളും ബാങ്ക് അക്കൗണ്ടുകളും കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.

ക്ഷേത്ര ട്രസ്റ്റി അനിൽ മിശ്രയ്ക്ക് പണം എണ്ണുന്ന പ്രക്രിയയിൽ പ്രധാന പങ്കുണ്ടായിരുന്നതായും അവിനാഷ് ശുക്ല ആരോപിച്ചു. കാണിക്കപ്പണം കൈകാര്യം ചെയ്യുന്നതിലെ മേൽനോട്ട വീഴ്ചകളെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നതോടെ അനിൽ മിശ്രയും ശ്രീരാം ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായും കഴിഞ്ഞ ആഴ്ച തങ്ങളുടെ പദവികൾ രാജിവെച്ചിരുന്നു. ചമ്പത് റായുടെ അടുത്ത അനുയായിയായ രാമശങ്കർ എന്ന ടിന്നു യാദവ്, പണം എണ്ണുന്നതിന് മേൽനോട്ടം വഹിച്ചിരുന്ന സുഭാഷ് ശ്രീവാസ്തവ എന്നിവരെ കൂടാതെ അനുക്കൽപ് മിശ്ര, ലവ് കുഷ് മിശ്ര, മനീഷ് കുമാർ യാദവ്, രാമശങ്കർ മിശ്ര, കരുണേഷ് പാണ്ഡെ എന്നിവരാണ് കേസിൽ അറസ്റ്റിലായ മറ്റ് പ്രതികൾ. ഉത്തർപ്രദേശ് സർക്കാർ ഈ കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുന്നതിന് മുൻപ് തന്നെ, ജൂൺ 5ന് അവിനാഷ് ശുക്ലയുടെ വീട്ടിൽ നിന്ന് ട്രസ്റ്റ് ഭാരവാഹികൾ 58 ലക്ഷം രൂപ കണ്ടെടുത്തിരുന്നതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബാക്കി തുക ജൂൺ 5 മുതൽ 8 വരെയുള്ള തീയതികളിൽ ബാങ്ക് ട്രാൻസ്ഫർ വഴി പ്രതികൾ തിരികെ നൽകുകയും ചെയ്തിരുന്നു. നിയമപരമായ നടപടികളിലേക്ക് കടക്കുന്നതിന് മുൻപ് തന്നെ കാണിക്കപ്പണം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ ട്രസ്റ്റിന്റെ ഭാഗത്തുനിന്നും നടന്നിരുന്നുവെന്നതിന്റെ സൂചനയായാണ് പൊലീസ് ഇത് വിലയിരുത്തുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

35 സെക്കൻഡിനിടെ ചവിട്ടിയത് 10 തവണ; യുപിയിലെ ആശുപത്രിയിൽ രോ​ഗിക്ക് മർ​ദനം, ദൃശ്യങ്ങൾ പ്രചരിച്ചതോടെ ജീവനക്കാരിക്ക് സസ്പെൻഷൻ
2028-ൽ ഭരണം പിടിക്കുമെന്ന് ബിജെപി; ബം​ഗാളിലെ തന്ത്രങ്ങൾ തെലങ്കാനയിൽ നടക്കില്ല, ആ മോഹം വേണ്ടെന്ന് രേവന്ത് റെഡ്ഡി, പരിഹാസം