ജമ്മു കാശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി റദ്ദാക്കിയിരുന്നില്ലെങ്കിൽ പാക് അധീന കാശ്മീരിലെ ജനങ്ങൾ ഇന്ത്യക്കൊപ്പം ചേരാൻ സമരം ചെയ്യുമായിരുന്നുവെന്ന് മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. സംസ്ഥാന പദവിയും ഭരണഘടനാപരമായ സംരക്ഷണങ്ങളും തിരികെ നൽകാൻ തന്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ശ്രീനഗർ: ജമ്മു കാശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി 2019-ൽ കേന്ദ്ര സർക്കാർ എടുത്തുകളയുകയും സംസ്ഥാന പദവി റദ്ദാക്കുകയും ചെയ്തിരുന്നില്ലെങ്കിൽ, പാക് അധീന കാശ്മീരിലെ ജനങ്ങൾ ഇന്ന് ഇന്ത്യയ്ക്കൊപ്പം ചേരാൻ സമരം ചെയ്യുമായിരുന്നുവെന്ന് ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ശ്രീനഗറിലെ ബക്ഷി സ്റ്റേഡിയത്തിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ ദേശീയ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാക് അധീന കാശ്മീരിലുള്ളവരെ സ്വന്തം ജനങ്ങളായാണ് കാണുന്നത്. ജമ്മു കാശ്മീർ നിയമസഭയിൽ ഇവർക്കായി ഇപ്പോഴും സീറ്റുകൾ ഒഴിച്ചിട്ടിട്ടുണ്ടെന്നും എന്നെങ്കിലും അവർ ഈ സീറ്റുകളിൽ എത്തുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 1947-ൽ പാകിസ്ഥാൻ പിന്തുണച്ച ആക്രമണകാരികൾക്കെതിരെ പോരാടാനും ഇന്ത്യയോട് ചേരാനും നാഷണൽ കോൺഫറൻസ് സ്ഥാപകൻ ശൈഖ് മുഹമ്മദ് അബ്ദുള്ളയും സംഘവും എടുത്ത തീരുമാനം ശരിയായിരുന്നു. ഇന്ത്യാ അതിർത്തിക്ക് അപ്പുറത്തെ ഇപ്പോഴത്തെ സാഹചര്യം ഇത് തെളിയിക്കുന്നു. ജമ്മു കാശ്മീരിന് സംസ്ഥാന പദവിയും മറ്റ് ഭരണഘടനാപരമായ സംരക്ഷണങ്ങളും തിരികെ നൽകാൻ തന്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഫെഡറലിസം സംരക്ഷിക്കപ്പെടണമെങ്കിൽ ജമ്മു കാശ്മീരിന്റെ പ്രത്യേക അവകാശങ്ങൾ പുനഃസ്ഥാപിക്കേണ്ടതുണ്ട്.

നീറ്റ് , ജെ.ഇ.ഇ പോലുള്ള കേന്ദ്രീകൃത പരീക്ഷകൾ സംസ്ഥാനങ്ങളുടെ അവകാശങ്ങളെ ഇല്ലാതാക്കുന്നുവെന്നും കേന്ദ്ര ഏജൻസികൾ സംസ്ഥാനങ്ങളുടെ അധികാരത്തിൽ കടന്നുകയറുമ്പോൾ അതിന്റെ പ്രത്യാഘാതങ്ങൾ തെരുവിൽ കാണേണ്ടി വരുമെന്നും ഒമർ അബ്ദുള്ള അഭിപ്രായപ്പെട്ടു.