കാനഡയിലുള്ള ഹാരിക്ക് ചെറുക്കനെ വേണം, വിവാഹ ശേഷം വിദേശത്തേക്ക് പറക്കാം; യുവാക്കളെ ചതിയിൽ വീഴ്ത്തിയത് അമ്മ

Published : Jul 20, 2025, 12:11 PM IST
canada marriage fraud

Synopsis

കാനഡയിലുള്ള യുവതിയുമായി വിവാഹം വാഗ്ദാനം ചെയ്ത് നിരവധി കുടുംബങ്ങളെ കബളിപ്പിച്ച അമ്മയും മകളും ഉൾപ്പെട്ട സംഘത്തെ പഞ്ചാബ് പോലീസ് പിടികൂടി. കോടിക്കണക്കിന് രൂപ തട്ടിയെടുത്ത സംഘത്തിലെ മുഖ്യപ്രതികളെ അറസ്റ്റ് ചെയ്തു

അമൃത്സര്‍: കാനഡയിലുള്ള യുവതിയുമായി വിവാഹം വാഗ്ദാനം ചെയ്ത് നിരവധി കുടുംബങ്ങളെ കബളിപ്പിച്ച വൻ തട്ടിപ്പ് സംഘത്തെ പഞ്ചാബിലെ ഖന്ന പൊലീസ് പിടികൂടി. അമ്മയും മകളും ചേര്‍ന്ന സംഘമാണ് ഈ തട്ടിപ്പിന് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തല്‍. സുഖ്ദർശൻ കൗർ, മകൾ ഹർപ്രീത് കൗർ എന്ന ഹാരി എന്നിവരാണ് പ്രതികൾ. വിവാഹശേഷം വിദേശത്ത് സ്ഥിരതാമസമാക്കാം എന്ന വാഗ്ദാനം നൽകി പഞ്ചാബിലെ യുവാക്കളെയും അവരുടെ കുടുംബങ്ങളെയും ഇവർ ലക്ഷ്യം വയ്ക്കുകയായിരുന്നു.

കുറഞ്ഞത് ഏഴ് കുടുംബങ്ങളിൽ നിന്നായി കോടിക്കണക്കിന് രൂപയാണ് ഈ സംഘം തട്ടിയെടുത്തത്. കാനഡയിൽ താമസിക്കുന്ന ഹർപ്രീതിന്‍റെ ചിത്രങ്ങളും വീഡിയോകളും യുവാക്കളെ കാണിക്കുകയും വീഡിയോ കോളുകളിലൂടെ വിവാഹനിശ്ചയം നടത്തുകയും ചെയ്താണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്. വിവാഹത്തിനായി യുവതി ഉടൻ തിരിച്ചെത്തുമെന്ന് ഈ കുടുംബങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നു. എന്നാൽ, പണം കൈമാറിക്കഴിഞ്ഞാൽ പതിയെ എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുകയായിരുന്നു പതിവ്.

ഒരു വാട്ട്‌സ്ആപ്പ് സന്ദേശം അബദ്ധവശാൽ ഒരു യുവാവിന് ലഭിച്ചതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്. സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ വ്യാജ വിവാഹനിശ്ചയങ്ങളും ചൂഷണവും ഉൾപ്പെട്ട ആസൂത്രിത തട്ടിപ്പാണ് നടന്നതെന്ന് വ്യക്തമായി. ഈ കേസിൽ മുഖ്യപ്രതിയായ സുഖ്ദർശൻ കൗറിനെയും അവരുടെ മകൻ മൻപ്രീത് സിംഗിനെയും അശോക് കുമാർ എന്നയാളെയും ഖന്ന പൊലീസ് അറസ്റ്റ് ചെയ്തു. നിലവിൽ കാനഡയിലുള്ള ഹർപ്രീതിനെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.

കേസിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വന്നതോടെ തട്ടിപ്പിനിരയായ കൂടുതല്‍ പേര്‍ മുന്നോട്ട് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇത്തരം വിവാഹ വാഗ്ദാനങ്ങളെക്കുറിച്ച് കുടുംബങ്ങൾ ജാഗ്രത പാലിക്കണമെന്നും ഏതെങ്കിലും തരത്തിൽ പണം നൽകുന്നതിന് മുമ്പ് വിവരങ്ങൾ നന്നായി പരിശോധിക്കണമെന്നും പൊലീസ് അഭ്യർത്ഥിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്. തട്ടിപ്പിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോ എന്നും അധികൃതർ പരിശോധിക്കുന്നുണ്ട്.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇൻഡിഗോയ്ക്കെതിരെ നടപടിയുമായി കേന്ദ്രം; സർവ്വീസുകൾ മറ്റു കമ്പനികൾക്ക് കൈമാറും, 5 ശതമാനം സർവ്വീസ് വെട്ടിക്കുറച്ചു
ചിരിക്കുന്ന ഫോട്ടോ വഴിത്തിരിവായ പോക്സോ കേസ്; കുറ്റാരോപിതനായ പ്രതിയെ വെറുതെവിട്ടു; പെൺകുട്ടിയുടെ പ്രായം തെളിയിക്കാനായില്ലെന്ന് ഛണ്ഡീഗഡ് കോടതി