
കൊൽക്കത്ത: 2016ന് ശേഷം പശ്ചിമ ബംഗാളിൽ അക്കൗണ്ട് തുറക്കാൻ സിപിഎം. ദോംകൽ മണ്ഡലത്തിൽ സിപിഎമ്മിന്‍റെ മുസ്താഫിസുര്‍ റഹ്മാൻ ലീഡ് ഉയര്‍ത്തുകയാണ്. നിലവിൽ 12,000ത്തിലേറെ വോട്ടുകളുടെ ലീഡാണ് മുസ്താഫസുറിനുള്ളത്. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലുള്ള മണ്ഡലമാണ് ദോംകൽ. 2021ല്‍ തൃണമൂല്‍ കോൺഗ്രസിന്‍റെ ജാഫികുൾ ഇസ്‌ലാം ആണ് വിജയിച്ചത്. മുസ്താഫിസുര്‍ റഹ്മാൻ തന്നെയായിരുന്നു എതിരാളി. അതിന് മുമ്പ് സിപിഎം വിജയം നേടിയിരുന്നു മണ്ഡലമായിരുന്നു ദോംകൽ. ഇപ്പോൾ പാര്‍ട്ടിയുടെ സുവര്‍ണകാലഘട്ടത്തിന്‍റെ ഓര്‍മ്മ പുതുക്കി കൊണ്ടാണ് മുസ്താഫിസുര്‍ റഹ്മാന്‍റെ മുന്നേറ്റം.
കുടിയേറ്റ തൊഴിലാളികൾക്ക് വേണ്ടി നിരന്തരം ശബ്‍ദം ഉയര്‍ത്തുന്ന നേതാവാണ് മുസ്താഫിസുര്‍ റഹ്മാൻ. നാല് മാസം മുമ്പ് അദ്ദേഹം കേരളത്തിൽ എത്തിയിരുന്നു. പെരുമ്പാവൂര്‍ അടക്കമുള്ള സ്ഥലങ്ങളിൽ അദ്ദേഹം പൊതുയോഗം സംഘടിപ്പിച്ചിരുന്നു. അടിത്തട്ടിൽ അങ്ങനെ കാര്യമായ പ്രവര്‍ത്തനങ്ങളാണ് മുസ്താഫിസുര്‍ നടത്തിയത്. അതേസമയം, പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനെ തകര്‍ത്തുള്ള മുന്നേറ്റമാണ് ബിജെപി നടത്തുന്നത്. 15 വർഷം നീണ്ടുനിന്ന തൃണമൂൽ ഭരണത്തിന് അന്ത്യം കുറിച്ച് 200നടുത്ത് സീറ്റുകളിലാണ് ബിജെപി മുന്നേറ്റം.
എക്സിറ്റ് പോളുകൾ പ്രവചിച്ച പോലെ മമത ബാനര്‍ജിക്ക് വൻ തിരിച്ചടിയാണ് ഉണ്ടായിട്ടുള്ളത്. 90നും താഴേക്ക് ആകെയുള്ള സീറ്റുകളിൽ മമതയും സംഘവും വീഴുന്ന അവസ്ഥയാണ്. ബിജെപിയുടെ മുന്നേറ്റത്തിന് പിന്നിൽ ഹിന്ദു വോട്ടുകളുടെ വലിയ തോതിലുള്ള ഏകീകരണമാണ് കാരണമെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി പറഞ്ഞു. പരമ്പരാഗതമായി തൃണമൂൽ കോൺഗ്രസിനെ പിന്തുണച്ചിരുന്ന മുസ്ലിം വോട്ടുകളിൽ ഇത്തവണ വിള്ളലുണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam