
റായ്പൂർ: ബ്ലേയ്ഡ് ഉപയോഗിച്ച് ഒരു സ്കൂളിലെ വിദ്യാർത്ഥികൾ കൈകളിൽ മുറിവേൽപ്പിച്ച നിലയിൽ. കാരണം കണ്ടെത്താനാകാതെ രക്ഷിതാക്കളും അധ്യാപകരും. ഒരേ ബ്ലേയ്ഡ് ഉപയോഗിച്ച് ഒരു സ്കൂളിലെ 35 വിദ്യാർത്ഥികൾ ആണ് കൈകളിൽ മുറിവേൽപ്പിച്ചിട്ടുള്ളത്. ഛത്തീസ്ഗഡിലെ ധാംതറി ജില്ലയിലെ ദാഹ്ദാഹ ഗ്രാമത്തിലെ സ്കൂളിലാണ് വിചിത്ര സംഭവം. ഫെബ്രുവരി 13ന് വീട്ടിലെത്തിയ കുട്ടിയുടെ കൈകളിൽ മുറിവ് ശ്രദ്ധിച്ച മാതാപിതാക്കളാണ് വിവരം അധ്യാപകരുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇതേ സ്കൂളിലെ പെൺകുട്ടികൾ അടക്കം 35ഓളം വിദ്യാർത്ഥികളുടെ കൈകളിൽ സമാന രീതിയിലെ മുറിവ് കണ്ടെത്തുന്നത്. സംഭവത്തിന് പിന്നിലെന്താണെന്ന് കണ്ടെത്താതെ വന്നതോടെ സ്കൂൾ അധികൃതർ വിവരം ജില്ലാ ഭരണകൂടത്തെ അറിയിക്കുകയായിരുന്നു.
ആറ് മുതൽ എട്ട് വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളാണ് കഴിഞ്ഞ ഒരു മാസമായി ഇത് ചെയ്തുകൊണ്ടിരുന്നത്. എന്നാൽ ഈ വിവരം സ്കൂൾ അധികൃതർ വളരെ വൈകിയാണ് അറിയുന്നത്. കൊറിയൻ ഗെയിമിന് അടിമപ്പെട്ട് ഗാസിയാബാദിൽ മൂന്ന് സഹോദരിമാർ ആത്മഹത്യ ചെയ്ത വാർത്ത വന്നതിന് പിന്നാലെയാണ് ഈ സംഭവവും പുറത്തുവരുന്നത്. ഇത് കൂടുതൽ ആശങ്കകൾക്ക് വഴിവെച്ചിട്ടുണ്ട്. കുട്ടികൾക്ക് സ്കൂളിൽ വച്ച ബ്ലേയ്ഡ് എങ്ങനെ ഉപയോഗിക്കാനായിയെന്നാണ് രക്ഷിതാക്കൾ ചോദിക്കുന്നത്. മിക്കവാറും കുട്ടികളുടെ ശരീരത്തിലെ മുറിവ് പെട്ടന്ന് കാണാവുന്ന നിലയിലാണ് ഉളളത്. ഇത് അധ്യാപകർ ശ്രദ്ധിച്ചില്ലെന്നും മാതാപിതാക്കൾ പരാതിപ്പെടുന്നത്. 21 ആൺകുട്ടികളും 14 പെൺകുട്ടികളുമാണ് ഇങ്ങനെ ചെയ്തത്. മുറിവുകൾക്ക് ആഴമില്ലാത്തതിനാൽ ഭാഗ്യത്തിന് ആരുടെയും ജീവന് അപകടമില്ല.
ലഹരി ഉപയോഗത്തിൻ്റെ ഭാഗമായോ അല്ലെങ്കിൽ ഓൺലൈൻ ഗെയിമുകളിലെ ചലഞ്ചുകൾ ഏറ്റെടുത്തോ ആകാം കുട്ടികൾ കൈമുറിച്ചതെന്നാണ് സംശയം. എന്നാൽ കുട്ടികളോട് ചോദിച്ചപ്പോൾ, ഒരാൾ ചെയ്യുന്നത് കണ്ട് മറ്റുള്ളവരും അതുപോലെ ചെയ്യുകയായിരുന്നു എന്നാണ് മറുപടി ലഭിച്ചത്. ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസറുടെ നേതൃത്വത്തിൽ സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ട്. കുട്ടികൾക്ക് കൗൺസിലിങ്ങും നൽകുന്നുണ്ട്. രക്ഷിതാക്കളുടെ മൊബൈൽ ഫോണുകൾ പരിശോധിച്ചെങ്കിലും അപകടകരമായ ഗെയിമുകളൊന്നും കണ്ടെത്താനായില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam