
പാറ്റ്ന: സെൻസസ് ജോലികൾ, വോട്ടർ പട്ടിക പുതുക്കൽ, ജാതി സർവ്വേ തുടങ്ങിയ ഒട്ടനവധി അനധ്യാപക ജോലികൾക്കിടയിൽ കഷ്ടപ്പെടുന്ന ബിഹാറിലെ അധ്യാപകർക്ക് ഇരുട്ടടിയായി പുതിയ ഉത്തരവ്. രോഹ്താസ് ജില്ലയിലെ സാസാരം മുൻസിപ്പൽ കോർപ്പറേഷനാണ് സ്കൂൾ പരിസരത്തെ തെരുവുനായ്ക്കളുടെ വിവരങ്ങൾ ശേഖരിക്കാൻ അധ്യാപകർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താൻ ശ്രമിക്കുന്ന ഒരു സംസ്ഥാനത്ത് അധ്യാപകർക്ക് ഇത്തരം ജോലികൾ നൽകുന്നത് വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചിട്ടുണ്ട്.
മുൻസിപ്പൽ പരിധിയിലുള്ള എല്ലാ സ്കൂളുകളും തെരുവുനായ്ക്കളുടെ വിവരങ്ങൾ കൈമാറാൻ ഒരു അധ്യാപകനെ 'നോഡൽ ഓഫീസറായി' നിയമിക്കണമെന്ന് ഉത്തരവിൽ പറയുന്നു. സ്കൂളിനുള്ളിലും പരിസരത്തുമുള്ള തെരുവുനായ്ക്കളുടെ എണ്ണം, അവയുടെ ആരോഗ്യാവസ്ഥ, അവയെ നിയന്ത്രിക്കാനുള്ള മാർഗ്ഗങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഈ അധ്യാപകൻ ശേഖരിച്ച് നൽകണം. നഗരത്തിൽ തെരുവുനായ്ക്കൾക്കായി ഒരു സംരക്ഷണ കേന്ദ്രം തുടങ്ങാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ വിവരശേഖരണം.
സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് സാസാരം മുൻസിപ്പൽ കമ്മീഷണർ വികാസ് കുമാർ പറഞ്ഞു. പ്രാദേശിക തലത്തിൽ കൃത്യമായ വിവരങ്ങൾ ലഭിക്കുന്നത് നായ നിയന്ത്രണ പദ്ധതികൾ ആസൂത്രണം ചെയ്യാൻ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ നീക്കത്തിൽ അധ്യാപക സംഘടനകൾ കടുത്ത അതൃപ്തി രേഖപ്പെടുത്തി. ക്ലാസ് റൂമുകളിൽ പഠിപ്പിക്കാൻ സമയം ലഭിക്കാത്ത വിധം തങ്ങളെക്കൊണ്ട് മറ്റ് ജോലികൾ ചെയ്യിപ്പിക്കുകയാണെന്ന് അവർ പരാതിപ്പെടുന്നു. പഠിപ്പിക്കാൻ വന്ന ഞങ്ങളെക്കൊണ്ട് തെരുവുനായ്ക്കളുടെ കണക്കെടുപ്പിക്കുന്നത് അധ്യാപകവൃത്തിക്ക് ചേർന്നതല്ല എന്നാണ് പല അധ്യാപകരുടെയും പ്രതികരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam