
അമൃത്സർ: പഞ്ചാബിൽ വീണ്ടും പട്ടാപ്പകൽ വെടിവയ്പ്. രണ്ട് മാസം മുൻപ് വിവാഹിതയായ യുവതിക്ക് നേരെയാണ് പട്ടാപ്പകൽ നടുറോഡിൽ വച്ച് യുവാവ് വെടിവച്ചത്. തലയ്ക്ക് വെടിയേറ്റ യുവതി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പഞ്ചാബിലെ അതിർത്തി നഗരമായ പറ്റിയിൽ ആണ് നടുറോഡിൽ വച്ച് 23കാരിക്ക് വെടിയേറ്റത്. താരൻ തരാനിൽ വെടിവയ്പ് നടന്നതിന് പിന്നാലെയാണ് പറ്റിയിലെ ഈ സംഭവം.സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ച് വലിയ ആശങ്കകൾ ഉയർത്തുന്നതാണ് നിലവിലെ സംഭവം.
23 വയസ്സുകാരിയായ റൂബി മെഹ്റയ്ക്കാണ് വെടിയേറ്റത്. 2 മാസം മുൻപായിരുന്നു റൂബി അൻഷ് ഗ്രോവറിനെ വിവാഹം കഴിച്ചത്. ശനിയാഴ്ച വൈകുന്നേരം പറ്റിയിലെ ഗാർഡൻ കോളനിയിലുള്ള ഇവരുടെ വീടിന് മുന്നിൽ വെച്ചായിരുന്നു ആക്രമണം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.ഫെബ്രുവരി 21-നാണ് സംഭവം നടന്നതെങ്കിലും സിസിടിവി ദൃശ്യങ്ങൾ ഇപ്പോഴാണ് പുറത്തുവന്നത്. ഭർത്താവിനൊപ്പം സ്കൂട്ടറിൽ വീടിന് പുറത്തേക്ക് ഇറങ്ങിയ ദമ്പതികളുടെ ഇരുചക്രവാഹനത്തിന് മുന്നിൽ യുവാവ് ബൈക്കുമായി എത്തി. ഇതിന് ശേഷം റൂബിയുടെ ഭർത്താവിനെ മർദ്ദിക്കാൻ ശ്രമിക്കുന്നു. ഇത് തടയാൻ ശ്രമിച്ചതോടെയാണ് യുവാവ് വെടിയുതിർത്തത്. രണ്ട് തവണയാണ് യുവതിയുടെ തലയ്ക്ക് വെടിയേറ്റത്. റൂബി വെടിയേറ്റ് വീണതോടെ യുവാവ് ഇരുചക്രവാഹനത്തിൽ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട് പോവുകയായിരുന്നു.
വീടിൻ്റെ ഗേറ്റിന് സമീപം വെച്ച് അപരിചിതനായ ഒരാൾ റൂബിക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് റൂബിയുടെ മുത്തശ്ശി റീനു ബാല പറഞ്ഞു. കുടുംബം ആകെ ഞെട്ടലിലാണെന്നും അവർ കൂട്ടിച്ചേർത്തു. ഗുരുതരമായി പരിക്കേറ്റ റൂബിയെ ഉടൻതന്നെ പറ്റിയിലെ സിവിൽ ആശുപത്രിയിൽ എത്തിച്ചു. പിന്നീട്, നില വഷളായതിനെ തുടർന്ന് അമൃത്സറിലെ ഗുരുനാനാക് ദേവ് ആശുപത്രിയിലേക്ക് മാറ്റി. പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചതായും പൊലീസ് വിശദമാക്കുന്നത്.കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. പറ്റി സിറ്റി സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ കൻവൽജിത് റായ് സംഭവസ്ഥലത്തെത്തി അന്വേഷണത്തിന് നേതൃത്വം നൽകുന്നുണ്ട്.
പറ്റി സ്വദേശിയായ കരൺ ആണ് പ്രതിയെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ കണ്ടെത്താനായി തിരച്ചിൽ ഊർജിതമാക്കി. ആക്രമണത്തിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. വ്യക്തിവൈരാഗ്യം ഉൾപ്പെടെ എല്ലാ വശങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. ദിവസങ്ങൾക്ക് മുൻപ് താരൻ തരാൻ ജില്ലയിൽ നടന്ന മറ്റൊരു വെടിവെപ്പ് സംഭവത്തിന് പിന്നാലെയാണ് ഈ ആക്രമണവും. താരൻ തരാൻ ജില്ലയിലെ താത്തിയൻ മഹാന്തൻ ഗ്രാമത്തിലെ സിറ്റിംഗ് സർപഞ്ചായ ഹർഭേന്ദ്ര സിങ്ങിനെ ഒരു വിവാഹ ചടങ്ങിനിടെ വെടിവെച്ച് കൊന്നിരുന്നു. രണ്ട് അജ്ഞാതർ ചടങ്ങിൽ അതിക്രമിച്ച് കയറി വെടിയുതിർക്കുകയായിരുന്നു. ജില്ലയിൽ തുടർച്ചയായുണ്ടാകുന്ന ഇത്തരം സംഭവങ്ങൾ ജനങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam