
ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള കെഎഫ്‌സി ഔട്ട്‌ലെറ്റ് മെനുവിൽ നിന്ന് ചിക്കൻ വിഭവങ്ങൾ നീക്കം ചെയ്തു. നിലവിൽ നടന്നുവരുന്ന ശ്രാവണ മാസത്തിലെയും കാൺവാർ യാത്രയുടെയും പശ്ചാത്തലത്തിൽ മാംസാഹാരം വിൽക്കുന്നതിനെതിരെ ഹിന്ദു രക്ഷാ ദൾ നടത്തിയ പ്രതിഷേധങ്ങളെ തുടർന്ന് ചിക്കൻ വിഭവങ്ങൾ ഒഴിവാക്കിയത്. ഇന്ദിരാപുരം മേഖലയിലാണ് പ്രതിഷേധം ആരംഭിച്ചത്. കടയുടെ ഷട്ടറുകൾ ബലമായി താഴെയിട്ടതായും റിപ്പോർട്ടുകളുണ്ട്.
പ്രതിഷേധക്കാർ ഗതാഗതം തടസപ്പെടുത്തിയതിനെത്തുടർന്ന് പൊലീസ് ഉടൻതന്നെ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി. പ്രതിഷേധത്തിൽ പങ്കെടുത്ത 10ഓളം പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. മാസത്തിന്‍റെ ആത്മീയ പ്രാധാന്യം കണക്കിലെടുത്ത് ഈ കാലയളവിൽ മാംസാഹാര വിഭവങ്ങൾ മെനുവിൽ നിന്ന് നീക്കം ചെയ്യണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പ്രതിഷേധങ്ങളോട് പ്രതികരിച്ചുകൊണ്ട് കെഎഫ്‌സി ഔട്ട്‌ലെറ്റ് 'നിലവിൽ സസ്യാഹാരം മാത്രം ലഭ്യമാണ്' എന്ന് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.
അതേസമയം, സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ റെസ്റ്റോറന്‍റ് അധികൃതർ വിസമ്മതിച്ചു. എന്നാൽ, ഔട്ട്‌ലെറ്റിൽ സസ്യാഹാരം മാത്രമുള്ള മെനുവിലേക്ക് താൽകാലികമായി മാറിയതായി ഉപഭോക്താക്കൾ സ്ഥിരീകരിക്കുന്നുണ്ട്. പ്രതിഷേധ സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തിയ ശേഷം കൂടുതൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അഭിഷേക് ശ്രീവാസ്തവ അറിയിച്ചു.