ആണവ ആക്രമണത്തിനും മടിക്കില്ലെന്ന് റഷ്യയിലെ പാകിസ്ഥാൻ അംബാസഡർ മുഹമ്മദ് ഖാലിദ് ജമാലി പറഞ്ഞു. 

ദില്ലി: ഇന്ത്യക്കെതിരെ ആണവായുധം പ്രയോ​ഗിക്കുമെന്ന ഭീഷണിയുമായി പാകിസ്ഥാൻ. ആണവ ആക്രമണത്തിനും മടിക്കില്ലെന്ന് റഷ്യയിലെ പാകിസ്ഥാൻ അംബാസഡർ മുഹമ്മദ് ഖാലിദ് ജമാലി പറഞ്ഞു. സിന്ധു നദീജലം തടഞ്ഞുനിർത്തിയാൽ ഇന്ത്യക്കെതിരെ സൈനിക ആക്രമണം നടത്തുമെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് ഇന്നലെ ഭീഷണി മുഴക്കിയിരുന്നു. ഇന്ത്യക്കെതിരെ പലവിധത്തിലുള്ള ഭീഷണിയുമായി പാകിസ്ഥാന്‍ രംഗത്തെത്തിയിരുന്നു.

അതേ സമയം, സിന്ധു നദീജലം തടഞ്ഞാൽ യുദ്ധമെന്ന് പ്രഖ്യാപിച്ച പാകിസ്ഥാനെ വെല്ലുവിളിച്ചു കൊണ്ടുള്ള നിലപാടിലാണ് ഇന്ത്യ. ചിനാബ്, ഝെലം നദികളിലെ ഡാമുകളിൽ നിന്ന് പാകിസ്ഥാനിലേക്ക് ജലമൊഴുക്കുന്നത് ഇന്ത്യ കുറച്ചു. നദീജല കരാറിൽ ഇന്ത്യയുടെ തീരുമാനങ്ങൾക്ക് ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഇന്നലെ പൂർണ്ണ പിന്തുണ അറിയിച്ചു എന്നാണ് സൂചന. 

സിന്ധു നദീജല കരാർ ലംഘിച്ചാൽ യുദ്ധമെന്ന് പറഞ്ഞ പാകിസ്ഥാനോട് വിരട്ടൽ വേണ്ടെന്ന് ഇന്ത്യ ആവർത്തിക്കുകയാണ്. ചിനാബ് നദിയിലെ ബഗ്ലിഹാർ ഡാമിൽ നിന്നുള്ള ജലമൊഴുക്കാണ് ഇന്ത്യ കുറച്ചത്. സ്പിൽവേ ഷട്ടർ താഴ്ത്തി ജലമൊഴുക്ക് പരിമിതപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലേക്കുള്ള ജലമൊഴുക്ക് കുറച്ചത് ഹ്രസ്വകാലത്തേക്കുള്ള ശിക്ഷാ നടപടി എന്ന നിലയ്ക്കാണെന്ന് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു.

ഝെലം നദിയിലെ കിഷൻഗംഗ ഡാമിൽ നിന്നുള്ള ഒഴുക്ക് നിയന്ത്രിക്കാനും ഇന്ത്യ നടപടി തുടങ്ങി. നേരത്തെ മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്നു വിട്ടും ഭീഷണിക്ക് കീഴടങ്ങില്ല എന്ന സന്ദേശം ഇന്ത്യ നല്കിയിരുന്നു. ഇന്നലെ പാക് പതാകയുള്ള കപ്പലുകൾ ഇന്ത്യ നിരോധിച്ചിരുന്നു. ഇന്ത്യൻ കപ്പലുകൾ തടഞ്ഞ് പാകിസ്ഥാനും ഇന്ന് ഉത്തരവിറക്കി. ആണവായുധം പ്രയോഗിക്കും എന്ന പാകിസ്ഥാന്‍റെ നിരന്തര ഭീഷണി ലോക ശ്രദ്ധയിലേക്ക് കൊണ്ടു വരാനാണ് ഇന്ത്യയുടെ തീരുമാനം. 

തിരിച്ചടിക്കുള്ള പദ്ധതി സേന തയ്യാറാക്കുന്നതിനിടെ ആയുധ ഫാക്ടറികളിലെ ജീവനക്കാരുടെ ദീർഘ അവധികൾ റദ്ദാക്കി. രണ്ട് ദിവസത്തിൽ കൂടുതൽ അവധി നൽകില്ല എന്നാണ് സർക്കുലർ. ആയുധ ഫാക്ടറികളിലെ ഉത്പാദന ടാർജറ്റ് കൈവരിക്കാത്തതു കൊണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം. ഇമ്രാൻ ഖാൻ, ബിലാവൽ ഭൂട്ടോ എന്നിവരുടെ എക്സ് ഹാൻഡിലുകളും ഇന്ന് ഇന്ത്യ വിലക്കി. സിന്ധുനദീജല കരാറിൽ പിന്നോട്ടില്ലെന്ന് വ്യക്തമാക്കുന്ന ഇന്ത്യ പാകിസ്ഥാൻ യുദ്ധത്തിന് തയ്യാറായാൽ അതും നേരിടാം എന്ന സന്ദേശമാണ് നല്കുന്നത്.

Asianet News Live | Malayalam News Live | Kerala News