
ലഖ്നൌ: മാലയണിയിച്ചതിന് പിന്നാലെ നേതാവിനെ പൊതിരെ തല്ലി പ്രവർത്തകൻ. ഉത്തർപ്രദേശിലെ ജൗൻപൂർ ജില്ലയിൽ ഒരു പൊതുയോഗത്തിനിടെയാണ് സംഭവം. സുഹെൽദേവ് സ്വാഭിമാൻ പാർട്ടി (എസ്‌എസ്‌പി) ദേശീയ പ്രസിഡന്റ് മഹേന്ദ്ര രാജ്ഭറിനാണ് പലതവണ മുഖത്തടിയേറ്റത്.
മഹാരാജ സുഹെൽദേവിന്റെ വിജയ ദിനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിനിടെ ജലാൽപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ആശാപൂർ ഗ്രാമത്തിലാണ് സംഭവം. മഹേന്ദ്ര രാജ്ഭർ പരിപാടിയിലെ മുഖ്യാതിഥിയായിരുന്നു. പാർട്ടി പ്രവർത്തകനായ ബ്രിജേഷ് രാജ്ഭർ, മഹേന്ദ്ര രാജ്ഭറിനെ മാല അണിയിച്ചു. പിന്നാലെ അപ്രതീക്ഷിതമായി പൊതുജനങ്ങളുടെ മുന്നിൽ വെച്ച് പല തവണ പ്രവർത്തകൻ നേതാവിനെ അടിച്ചു.
ഉത്തർപ്രദേശിലെ മന്ത്രിയും സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി പ്രസിഡന്റുമായ ഓം പ്രകാശ് രാജ്ഭറാണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് മഹേന്ദ്ര രാജ്ഭർ ആരോപിച്ചു. സംഭവത്തെ കുറിച്ച് ഓംപ്രകാശ് രാജ്ഭർ ഇതുവരെ പ്രതികരിച്ചിട്ടില്ല. മഹേന്ദ്ര രാജ്ഭർ ഉടൻ തന്നെ വേദി വിട്ട് ജലാൽപൂർ പൊലീസ് സ്റ്റേഷനിലെത്തി ബ്രിജേഷ് രാജ്ഭറിനെതിരെ പരാതി നൽകി.
പരിപാടിക്ക് നാലഞ്ച് ദിവസം മുമ്പ് ബ്രിജേഷ് രാജ്ഭർ, ഓം പ്രകാശ് രാജ്ഭറിനെ കണ്ടിരുന്നുവെന്നും അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നും മഹേന്ദ്ര രാജ്ഭർ ആരോപിച്ചു. ഓം പ്രകാശ് രാജ്ഭർ പാർട്ടിയുടെ ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിക്കുകയും വ്യക്തിപരമായ സാമ്പത്തിക നേട്ടങ്ങൾക്ക് മുൻഗണന നൽകുകയും ചെയ്തുവെന്ന് മഹേന്ദ്ര രാജ്ഭർ നേരത്തെ ആരോപിച്ചിരുന്നു.
"ബ്രിജേഷ് ഒരിക്കൽ എന്റെ പാർട്ടിയിലെ പ്രവർത്തകനായിരുന്നു. പക്ഷേ നിലവിൽ പദവികളൊന്നുമില്ല. അദ്ദേഹം എങ്ങനെയാണ്, എന്തിനാണ് പരിപാടിക്ക് വന്നതെന്നോ ആരാണ് അദ്ദേഹത്തെ ക്ഷണിച്ചതെന്നോ എനിക്കറിയില്ല"- മഹേന്ദ്ര രാജ്ഭർ പറഞ്ഞു. മഹേന്ദ്ര രാജ്ഭർ പരാതി നൽകിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ച ജലാൽപൂർ എസ്എച്ച്ഒ ത്രിവേണി സിംഗ്, സംഭവത്തിന്റെ വീഡിയോ പരിശോധിച്ചു വരികയാണെന്ന് പറഞ്ഞു. ആക്രമണത്തിൽ ബിജെപിക്ക് പങ്കുണ്ടെന്ന് എസ്.പി നേതാവ് അഖിലേഷ് യാദവ് ആരോപിച്ചു.