
ഗുഡ്ഗാവ്: രണ്ട് പ്ലസ് വൺ വിദ്യാർത്ഥികൾ ചേർന്ന് സഹപാഠിക്ക് നേരെ വെടിയുതിർത്തു. കുട്ടികളിൽ ഒരാളുടെ അച്ഛന്‍റെ ലൈസൻസുള്ള പിസ്റ്റൾ ഉപയോഗിച്ചാണ് വെടിയുതിർത്തത്. ഹരിയാനയിലെ ഗുഡ്ഗാവിൽ സമ്പന്നർ താമസിക്കുന്ന ഹൌസിങ് സൊസൈറ്റിയിലാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികളായ പ്രായപൂർത്തിയാകാത്ത രണ്ട് പേരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.
സെക്ടർ 48-ലെ സെൻട്രൽ പാർക്ക് റിസോർട്ട്‌സിൽ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. പ്രതികളിലൊരാളായ 17 വയസ്സുകാരൻ സഹപാഠിയെ തൻ്റെ അപ്പാർട്ട്‌മെൻ്റിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ഒരുമിച്ച് ഭക്ഷണം കഴിക്കാമെന്ന് പറഞ്ഞാണ് വിളിച്ചുവരുത്തിയത്. നേരത്തെ ഇവർ തമ്മിലുണ്ടായ വഴക്കിനെ തുടർന്നുള്ള വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. മൂന്ന് പേരും ഒരേ സ്കൂളിലാണ് പഠിക്കുന്നത്.
വെടിയേറ്റ കുട്ടിയുടെ അമ്മ സദർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നത് മുഖ്യ പ്രതി മകനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു എന്നാണ്. മകൻ ആദ്യം വിസമ്മതിച്ചെങ്കിലും നിർബന്ധത്തെ തുടർന്ന് പോകാൻ തീരുമാനിച്ചു. തുടർന്ന് മുഖ്യ പ്രതി മകനെ വീട്ടിലെത്തി കൂട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നും അമ്മ പറഞ്ഞു. അപ്പാർട്ട്‌മെൻ്റിൽ എത്തിയപ്പോൾ, അവിടെ മറ്റൊരു സഹപാഠിയും ഉണ്ടായിരുന്നു. മുഖ്യ പ്രതി തൻ്റെ പിതാവിൻ്റെ ലൈസൻസുള്ള പിസ്റ്റൾ ഉപയോഗിച്ച് മകന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് അമ്മ പറഞ്ഞു.
വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സംഘം സ്ഥലത്തെത്തി. പരിക്കേറ്റ കുട്ടിയെ മെദാന്ത ആശുപത്രിയിൽ എത്തിച്ചു. അപ്പാർട്ട്‌മെൻ്റിൽ കണ്ടെത്തിയ പെട്ടിയിൽ നിന്ന് പിസ്റ്റൾ, മാഗസിൻ, അഞ്ച് ലൈവ് കാട്രിഡ്ജുകൾ, ഒരു ഒഴിഞ്ഞ ഷെൽ, കൂടാതെ 65 ലൈവ് കാട്രിഡ്ജുകളുള്ള മറ്റൊരു മാഗസിൻ എന്നിവ കണ്ടെടുത്തെന്ന് പൊലീസ് പറഞ്ഞു. ഫോറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി. ലൈസൻസുള്ള ആയുധങ്ങൾ സുരക്ഷിതമായും കുട്ടികളുടെ കൈയെത്തും ദൂരത്ത് അല്ലാതെയും സൂക്ഷിക്കണമെന്ന് ഗുഡ്ഗാവ് പൊലീസ് തോക്കുകൾ കൈവശം വച്ചിരിക്കുന്നവരോട് അഭ്യർത്ഥിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam