
പ്രധാനമന്ത്രിയുടെ വ്യാഹനവ്യൂഹത്തിൽ ജോലി ചെയ്തിരുന്ന കമാൻഡോ അപകടത്തിൽ മരിച്ചു. എസ് പി ജി കമാൻഡോ ആയിരുന്ന ഗണേഷ് ഗീതെ ആണ് വാഹനാപകടത്തിൽ മരിച്ചത്. കുടുംബത്തോടൊപ്പം ബൈക്കിൽ സഞ്ചരിക്കവേ നിയന്ത്രണം വിട്ട് ബൈക്ക് കനാലിലേക്ക് വീഴുകയായിരുന്നു. കനാലിൽ വീണ ഗണേഷ് ഒഴുക്കിൽപ്പെട്ടതാണ് മരണത്തിന് ഇടയാക്കിയത്. ഗണേഷിനൊപ്പം കനാലിലേക്ക് വീണ ഭാര്യയെയും മകളെയും മകനെയും ഓടിയെത്തിയ നാട്ടുകാർ രക്ഷപ്പെടുത്തി. എന്നാൽ ഗണേഷ് ഒഴുക്കിൽ മുങ്ങിയതോടെ രക്ഷിക്കാൻ സാധിച്ചില്ല.
പ്രധാനമന്ത്രിയുടെ വ്യാഹനവ്യൂഹത്തിൽ ജോലി ചെയ്തിരുന്ന ഗണേഷ് അവധിക്ക് നാട്ടിൽ വന്നപ്പോഴാണ് ദാരുണമായ അപകടം സംഭവിച്ചത്. മഹാരാഷ്ട്രയിലെ നാസിക്കിൽ വച്ചായിരുന്നു അപകടമുണ്ടായത്. നാസിക്കിലെ സിന്നാർ സ്വദേശിയാണ് മരണപ്പെട്ട ഗണേഷ് ഗീതെ. അപകടത്തിൽ ഭാര്യ രൂപാലി ഗീതയ്ക്കും മകനും മകൾക്കും പരിക്കേറ്റിട്ടുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്ന് പുറത്തുന്ന മറ്റൊരു വാർത്ത തിരുവനന്തപുരം കല്ലമ്പലത്ത് ദേശീയപാതയിൽ നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറി കോളേജ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം സംഭവിച്ചു എന്നതാണ്. കല്ലമ്പലം കെ ടി സി ടി കോളജിലെ എം എ ഇംഗ്ലീഷ് വിദ്യാർത്ഥിനിയും ആറ്റിങ്ങൽ മാമം സ്വദേശിനിയുമായ ശ്രേഷ്ഠ എം വിജയ് ആണ് മരിച്ചത്. 22 വയസായിരുന്നു. ഈ അപകടത്തിൽ പരിക്കേറ്റ 12 വിദ്യാര്‍ത്ഥികളിൽ ഒരാളുടെ നില ഗുരുതരമാണ്. മണമ്പൂർ ജംഗ്ഷനിൽ കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടം. കോളേജ് ക്ലാസ് കഴിഞ്ഞു വീടുകളിലേക്ക് മടങ്ങാൻ റോഡരികിൽ ബസ് കാത്ത് നിൽക്കുന്നതിനിടെയാണ് കൊല്ലം ഭാഗത്ത് നിന്നെത്തിയ കാര്‍ ഇടിച്ചുകയറിയത്. മൂന്ന് വിദ്യാർത്ഥികൾ വാഹനത്തിന് അടിയിൽപ്പെട്ടു. നിരവധിപേര്‍ ഇടിയുടെ ആഘാതത്തിൽ പല ഭാഗത്തേക്ക് തെറിച്ചു വീണു. പരുക്കേറ്റവരെ ഉടൻ തന്നെ ചാത്തമ്പറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. കാർ ഓടിച്ച കൊല്ലം അഞ്ചാലുംമൂട് സ്വദേശി അനിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാറിന്‍റെ ഉടമ റഹീമും കാറിലുണ്ടായിരുന്നു.