ബ്രഹ്‌മപുരത്തെ തീപ്പിടിത്തവുമായി ബന്ധപ്പെട്ടുള്ള നടപടികളും ചോദ്യങ്ങളുമാണ് ഇന്ന് ഏറ്റവുമധികം ചർച്ചയായത്. സ്വപ്നയുടെ ആരോപണങ്ങളും അതിനുള്ള സിപിഎം മറുപടിയും മറ്റ് നേതാക്കളുടെ പ്രതികരണവും ഇന്ന് ശ്രദ്ധ നേടിയിരുന്നു. അതിനിടെ കോട്ടയത്ത് സ്ഫോടകവസ്തുക്കൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതാണ് മറ്റൊരു പ്രധാന സംഭവം. ഇതടക്കം ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ ചുവടെ...
ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്നുള്ള ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് വീടുകളിലെത്തി സർവ്വേ നടത്താൻ ആരോഗ്യവകുപ്പ് തീരുമാനിച്ചതാണ് ഇന്നത്തെ പ്രധാന വാർത്തകളിലൊന്ന്. ആരോഗ്യ പ്രവർത്തകർ നേരിട്ട് വീടുകളിലെത്തി സർവ്വേ നടത്തും. പുക ശ്വസിച്ചതിനെത്തുടർന്നുള്ള രോഗലക്ഷണങ്ങൾ ഉള്ളവർക്ക് വിദഗ്ദ ചികിത്സ ഉറപ്പാക്കലാണ് ലക്ഷ്യം. ആശുപത്രികളിൽ മതിയായ സൗകര്യം ഉറപ്പാക്കാനും നിർദേശം നൽകിയിട്ടുണ്ട്. ശ്വാസകോശ പ്രശ്നങ്ങൾ ഉള്ളവർ എത്രയും വേഗം ഡോക്ടറെ കാണണമെന്നും നിർദേശമുണ്ട്. കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. ഒരാഴ്ചയിലധികം നീണ്ടുനിന്ന വിഷപ്പുക ജനങ്ങളിലുണ്ടാക്കിയ ആരോഗ്യപ്രശ്നങ്ങളുടെ വ്യക്തമായ ചിത്രം സർവ്വേയിലറിയാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
2'എത്ര നാൾ പുക സഹിക്കണം'? ബ്രഹ്മപുരത്ത് ഹൈക്കോടതി നിരീക്ഷണസമിതി രൂപീകരിച്ചു
ബ്രഹ്മപുരത്ത് ഹൈക്കോടതി നിരീക്ഷണസമിതി രൂപീകരിച്ചതാണ് മറ്റൊരു പ്രധാന വാർത്ത. ശുചിത്വ മിഷൻ ഡയറക്ടർ, തദ്ദേശ ഭരണ വകുപ്പ് ചീഫ് എഞ്ചിനീയർ, ജില്ലാ കളക്ടർ, മലിനീകരണ നിയന്ത്രണം ബോർഡ് ചീഫ് എൻവിയോൺമെന്റൽ എഞ്ചിനീയർ, കോർപ്പറേഷൻ സെക്രട്ടറി, കെൽസ സെക്രട്ടറി എന്നിവർ അടങ്ങുന്നതാണ് സമിതി. 24 മണിക്കുറിനുള്ളിൽ സമിതി ബ്രഹ്മപുരം സന്ദർശിക്കണം. നാളെ മുതൽ കൊച്ചിയിലെ മാലിന്യ നീക്കം പുനരാരംഭിക്കണം എന്ന് കോടതി പറഞ്ഞു. സർക്കാർ സ്വീകരിച്ച നടപടികൾ വിശദമായി നടപ്പിലാക്കിയത് ഉൾപ്പടെയുള്ള കാര്യങ്ങൾ അടുത്ത തവണ കേസ് കേൾക്കുമ്പോൾ അറിയിക്കാൻ കോടതി അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. മാലിന്യ നീക്കം തടസ്സപ്പെട്ടത് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ കൊച്ചി നഗരത്തിലുണ്ടാകും അതും ഉടൻ പരിഹരിക്കാൻ ശ്രമം ഉണ്ടാവണമെന്നും കോടതി നിർദ്ദേശിച്ചു.
3'അന്വേഷണം വൈകിപ്പിക്കുന്നത് പ്രതികളെ രക്ഷിക്കാൻ', ബ്രഹ്മപുരം തീപ്പിടിത്തത്തിൽ വിമർശനവുമായി സതീശൻ
ബ്രഹ്മപുരം തീ പിടിത്തത്തിൽ അന്വേഷണം വേണമെന്നാവർത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇന്ന് രംഗത്തെത്തിയിരുന്നു. അന്വേഷണം വൈകിപ്പിക്കുന്നത് പ്രതികളെ രക്ഷിക്കാനാണ്. മാലിന്യ സംസ്കരണത്തിൽ സർക്കാർ തലത്തിൽ ഏകോപനമില്ല. വിഷയത്തിൽ മന്ത്രിതലത്തിൽ നടക്കുന്ന ചർച്ച നിരാശാജനകമാണെന്നും വി ഡി സതീശൻ പറഞ്ഞു. അതേസമയം ബ്രഹ്മപുരത്തെ തീ 80% നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞുവെന്നും ഇന്നത്തോടെ മാലിന്യ നീക്കം പഴയനിലയിലാകുമെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി. തദ്ദേശമന്ത്രി എം ബി രാജേഷിനൊപ്പം ബ്രഹ്മപുരം സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. തീ പൂര്‍ണമായി അണയ്ക്കുന്ന കൃത്യ തീയതി പറയാനാകില്ലെന്നു പി രാജീവ് വ്യക്തമാക്കി.
4'നട്ടാൽ പൊടിക്കാത്ത നുണ; സ്വപ്നയുടേത് കള്ളക്കഥ': സിപിഎം സെക്രട്ടറിയേറ്റ്
ഒത്തുതീർപ്പിനായി സംസ്ഥാന സെക്രട്ടറിയുടെ ഇടനിലക്കാരൻ ബന്ധപ്പെട്ടെന്ന സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് നടത്തിയ പുതിയ ആരോപണങ്ങൾ തള്ളി സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിറക്കിയതാണ് ഇന്നത്തെ മറ്റൊരു പ്രധാന വാർത്ത. സ്വപ്നയുടേത് കള്ളക്കഥയാണെന്ന് സി പി എം പ്രസ്താവനയിലൂടെ അഭിപ്രായപ്പെട്ടു. സ്വർണ്ണ കടത്തിൽ കേസ് എടുത്തത് കേന്ദ്ര ഏജൻസികളാണെന്നിരിക്കെ, കേസ് പിൻവലിക്കാൻ സി പി എം വാഗ്ദാനം നല്കിയെന്നത് കല്ലുവെച്ച നുണയാണ്. കേന്ദ്ര ഏജൻസികളുടെ കേസിൽ സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനില്ലെന്നതാണ് വാസ്തവം. എന്നിട്ടും സംസ്ഥാനം ഭരിക്കുന്ന പാർട്ടിയെന്ന നിലയിൽ കേസ് പിൻവലിക്കാൻ വാഗ്ധാനം നൽകിയെന്നത് നട്ടാൽ മുളക്കാത്ത നുണയാണെന്നും സിപിഎം പ്രസ്താവനയിലൂടെ അറിയിച്ചു.
5ആന്‍റണിരാജുവിന് ആശ്വാസം; തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്ന കേസിലെ എഫ്ഐആർ ഹൈക്കോടതി റദ്ദാക്കി
ഗതാഗത മന്ത്രി ആന്‍റണി രാജുവിനെതിരെയുള്ള തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്ന കേസിലെ എഫ് ഐ ആർ ഹൈക്കോടതി റദ്ദാക്കിയതാണ് മറ്റൊരു പ്രധാന വാർത്ത. ഈ സംഭവത്തില്‍ പൊലീസീന് കേസെടുക്കാൻ അധികാരമില്ലെന്നായിരുന്നു ആന്‍റണി രാജുവിന്‍റെ വാദം. മജിസ്ട്രേറ്റ് കോടതിക്ക് മാത്രമേ ഇക്കാര്യത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ അവകാശമുള്ളുവെന്നും വാദിച്ചു. സാങ്കേതിക തടസ്സം അംഗീകരിച്ചാണ് കോടതിയുടെ നടപടി. അതേസമയം, കേസ്ആ ഏറെ ഗൗരവമുള്ളതെന്നും കോടതി നിരീക്ഷിച്ചു. നടപടിക്രമങ്ങൾ പാലിച്ച് മുന്നോട്ട് പോകുന്നതിന് തടസമില്ല. സാങ്കേതിക കാരണങ്ങളാലാണ് കേസ് റദ്ദാക്കുന്നത് എന്ന് കോടതി വ്യക്തമാക്കി. ആന്‍റണി രാജു , ബെഞ്ച് ക്ലാർക്ക് ജോസ് എന്നിവരുടെ ഹർജിയിലാണ് ഉത്തരവ്.
സി പി എം സംസ്ഥാന കമ്മിറ്റിയിൽ പി ജയരാജൻ റിസോർട് വിവാദം ഉന്നയിച്ചെന്ന് തുറന്ന് പറഞ്ഞ് ഇ പി ജയരാജൻ രംഗത്തെത്തിയതാണ് മറ്റൊരു പ്രധാനസംഭവം. അഴിമതി ആരോപണം എന്ന നിലയിലല്ല പി ജയരാജൻ ഉന്നയിച്ചതെന്നും സ്വകാര്യ സ്ഥാപനങ്ങളെ സഹകരണ സ്ഥാപനം പോലെ സഹായിക്കുന്നത് ശരിയാണോ എന്ന ചോദ്യമാണ് ഉയർന്നതെന്നും ഇ പി പറഞ്ഞു. വൈദേകം മുൻ എംഡി രമേഷ് കുമാർ പി ജയരാജനുമായി കൂടിക്കാഴ്ച നടത്തിയെന്നും മലയാളം വാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇ പി ജയരാജൻ വെളിപ്പെടുത്തയത്. എന്നാൽ വാരികയിൽ നൽകിയ അഭിമുഖത്തിൽ ഇ പി ജയരാജൻ എന്താണ് പറഞ്ഞതെന്ന് അറിയില്ലെന്നും അതിനാൽ പ്രതികരിക്കാനില്ലെന്നും പി ജയരാജൻ പറഞ്ഞു. എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ ആദരണീയനായ നേതാവെന്നും പി ജയരാജൻ കൂട്ടിച്ചേർത്തു.
7സഭ തർക്ക പരിഹാരത്തിന് നിയമ നിർമാണം: സർക്കാർ നീക്കത്തിനെതിരെ കടുത്ത പ്രതിഷേധവുമായി ഓർത്തഡോക്സ് സഭ
സഭ തർക്ക പരിഹാരത്തിന് നിയമ നിർമാണം നടത്താനുള്ള സർക്കാർ നീക്കത്തിൽ കടുത്ത പ്രതിഷേധം അറിയിച്ച് ഓർത്തഡോക്സ് സഭ രംഗത്തെത്തിയതാണ് മറ്റൊരു പ്രധാന വാർത്ത. സുപ്രീം കോടതി ഉത്തരവ് അട്ടിമറിക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് സഭാ നേതൃത്വം ആവശ്യപ്പെട്ടു. നിയമനിർമ്മാണ നീക്കത്തിനെതിരെ വരുന്ന ഞായറാഴ്ച എല്ലാ ഇടവക പള്ളികളിലും പ്രതിഷേധം സംഘടിപ്പിക്കും. തിങ്കളാഴ്ച സഭയിലെ വൈദികരും മെത്രാപ്പോലീത്തമാരും തിരുവനന്തപുരത്ത് ഏകദിന ഉപവാസം അനുഷ്ഠിച്ചും പ്രതിഷേധം രേഖപ്പെടുത്തും. കോട്ടയത്ത് ചേർന്ന സഭ സുന്നഹദോസിന്റെയും പ്രവർത്തക സമിതിയുടെയും സംയുക്ത യോഗത്തിലാണ് നിയമനിർമ്മാണ നീക്കത്തിനെതിരെ ശക്തമായി പ്രതിഷേധിക്കാനുള്ള തീരുമാനം സഭ കൈക്കൊണ്ടത്.
8കോട്ടയത്ത് സ്ഫോടകവസ്തുക്കൾ ഉപേക്ഷിച്ച നിലയിൽ
കോട്ടയം പാലായിൽ സ്ഫോടകവസ്തുക്കൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതാണ് മറ്റൊരു പ്രധാന സംഭവം. കാർമ്മൽ ജംഗ്ഷന് സമീപത്താണ് മൂന്ന് കോയിൽ വെടിമരുന്ന് തിരിയും മുപ്പത്തഞ്ചോളം പശയും നൂറ്റിമുപ്പതോളം കെപ്പും മോണാസ്ട്രി റോഡ് സൈഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പാറ ക്വാറിയിൽ ഉപയോഗിക്കുന്ന രീതിയിലുള്ളതാണ് സ്ഫോടക വസ്തുക്കൾ. വഴി വൃത്തിയാക്കാൻ എത്തിയ തൊഴിലുറപ്പ് തൊഴിലാളികളാണ് സ്ഫോടക വസ്തുക്കൾ കണ്ടത്. ഇതെങ്ങനെ റോഡിലെത്തിയെന്നതിലടക്കം അഭ്യൂഹമുണ്ട്. തൊഴിലുറപ്പ് തൊഴിലാളികളറിയിച്ചതനുസരിച്ച് പൊലീസെത്തി അന്വേഷണം തുടങ്ങി.
9കർണാടകയിൽ മരിച്ച രോഗിക്ക് എച്ച് 3 എൻ 2 വൈറസ് സ്ഥിരീകരിച്ചു, രാജ്യത്ത് ഇതുവരെ 2 മരണം
എച്ച് 3 എൻ 2 വൈറസ് പടരുന്നതിൽ രാജ്യത്ത് ആശങ്ക കൂടുന്നു എന്നതാണ് ആരോഗ്യ മേഖലയിൽ നിന്നുള്ള ഏറ്റവും പ്രധാനപ്പെട്ട വാർത്ത. രാജ്യത്ത് 90 ലധികം പേർക്ക് എച്ച് 3 എൻ 2 ബാധിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കർണാടകയിലും ഹരിയാനയിലും ഓരോ മരണം സ്ഥിരീകരിച്ചു. കർണാടകയിലെ ഹാസൻ ജില്ലയിലെ ആളൂരിൽ മാർച്ച് ഒന്നിന് മരിച്ച രോഗിക്ക് എച്ച് 3 എൻ 2 വൈറസ് സ്ഥിരീകരിച്ചു. 87 വയസ്സുകാരനായ ഹിരേ ഗൗഡയാണ് വൈറസ് ബാധ മൂലം മരിച്ചത്. ഫെബ്രുവരി 24 നാണ് ഹിരേ ഗൗഡയെ കടുത്ത പനി മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാർച്ച് ഒന്നിന് ഹിരേ ഗൗഡ മരിച്ചു. മാർച്ച് 6ന് എച്ച് 3 എൻ 2 വൈറസ് സ്ഥിരീകരിച്ചതായി റിപ്പോർട്ട് ലഭിച്ചു. ആസ്ത്മയും ഉയർന്ന രക്തസമ്മർദ്ദവും അടക്കമുള്ള അസുഖങ്ങൾ ഹിരേ ഗൗഡയ്ക്ക് ഉണ്ടായിരുന്നു. ഹാസനിൽ സ്ഥിരീകരിക്കുന്ന ആദ്യത്തെ എച്ച് 3 എൻ 2 വൈറസ് കേസാണിത്. പ്രദേശത്ത് ഹിരേ ഗൗഡയുമായി സമ്പർക്കമുള്ളവരിൽ പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
10'ഓസ്ട്രേലിയയില്‍ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കും', മോദി-ആന്തണി അൽബനീസ് ചർച്ച
പ്രധാനമന്ത്രി നരേന്ദ്രമോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി അൽബനീസും ദില്ലിയില്‍ നയതന്ത്രതല ചർച്ച നടത്തിയതാണ് രാജ്യത്തെ മറ്റൊരു പ്രധാന സംഭവം. വ്യാപാരം, പ്രതിരോധം ഉള്‍പ്പെടെയുള്ള മേഖലകളിലെ സഹകരണം സംബന്ധിച്ചാണ് ഇരു രാജ്യങ്ങളും ചർച്ച നടത്തിയത്. പ്രതിരോധ രംഗത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുമെന്ന് കരാർ കൈമാറ്റ ചടങ്ങില്‍ മോദിയും അല്‍ബനീസും പറഞ്ഞു. ഓസ്ട്രേലിയയില്‍ ഇന്ത്യൻ പൗരന്മാർക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ ചർച്ചയില്‍ നരേന്ദ്രമോദി ഉന്നയിച്ചു. ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ഓസട്രേലിയന്‍ പ്രധാനമന്ത്രി വ്യക്തമാക്കിയതായും മോദി പറഞ്ഞു. ആന്തണി അൽബനീസ് ഓസ്ട്രേലിയയിലേക്ക് മോദിയെ ക്ഷണിച്ചു. സാമ്പത്തിക രംഗത്തെ സഹകരണത്തെക്കുറിച്ചും ഇരുവരും ചർച്ച നടത്തി. ആഗോള സുരക്ഷ സംബന്ധിച്ചും ചർച്ച നടന്നു. ധാതു കൈമാറ്റ രംഗത്തെ സഹകരണം വർധിപ്പിക്കുമെന്നും ഓസ്ട്രേലിയൻ പ്രധാനമന്ത്രി പറഞ്ഞു.

